ന്യൂഡൽഹി: ബിജെപി സർക്കാരിന്റെ പ്രത്യയശാസ്ത്രത്തെയും നയങ്ങളെയും വെല്ലുവിളിക്കാൻ കഴിയുന്ന ഒരേയൊരു ദേശീയ പാർട്ടി കോൺഗ്രസാണെന്നു ശശി തരൂർ എംപി. ഈ ഉത്തരവാദിത്തം ഫലപ്രദമായി നിറവേറ്റാൻ, രാഹുൽ ഗാന്ധിയുടെ രാജിയുടെ പശ്ചാത്തലത്തിൽ സൃഷ്ടിച്ച ശൂന്യത നികത്താൻ പുതിയ പ്രസിഡന്റിനെ കണ്ടെത്തേണ്ടതുണ്ട്. അധികം താമസമില്ലാതെ തങ്ങളത് ചെയ്യുമെന്നും തരൂർ പറഞ്ഞു. ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിലാണ് ശശി തരൂർ ഇക്കാര്യം പറഞ്ഞത്.
രാഹുൽ ഗാന്ധി രാജിവച്ചില്ലായിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിക്കുന്നു. രാഹുലിനെ രാജിയിൽനിന്നു പിന്തിരിപ്പിക്കാൻ അദ്ദേഹത്തോട് സംസാരിക്കാൻ ശ്രമിച്ചവരിൽ ഒരാളാണ് താൻ. അദ്ദേഹം തന്റെ തീരുമാനത്തിൽ തുടരുകയാണെങ്കിൽ, സജീവമായ ഒരു നേതൃത്വം കണ്ടെത്തേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഷ്ട്രം പ്രതീക്ഷിക്കുന്നതുപോലെ പാർട്ടിക്ക് മുന്നോട്ട് പോകാൻ കഴിയൂവെന്നും ശശി തരൂർ പറഞ്ഞു.
ബിജെപി സർക്കാരിന്റെ വിഭജന നയങ്ങൾക്കെതിരെ രാജ്യത്തിന് ഏകീകൃതമായ കാഴ്ചപ്പാട് നൽകാൻ ഇന്ത്യയ്ക്ക് ഒഴിച്ചുകൂടാനാകത്ത ഘടകമാണ് കോൺഗ്രസ്. എന്നാൽ അവിടെയെത്താൻ ആദ്യം കോൺഗ്രസിനെക്കുറിച്ച് മറ്റു പാർട്ടികൾ ജനങ്ങൾക്കിടയിലുണ്ടാക്കിയ തെറ്റിദ്ധാരണകൾ മാറ്റേണ്ടതുണ്ട്. ഇതുനടക്കാത്ത പക്ഷം ജനങ്ങൾ മറ്റു രാഷ്ട്രീയ ബദലുകളെ ആശ്രയിക്കുമെന്നും ഡൽഹിയിലെ തിരഞ്ഞെെടുപ്പ് ഫലം ചൂണ്ടിക്കാട്ടി തരൂർ പറഞ്ഞു.
പരാജയം പാർട്ടിയുടെ കൂട്ടായ പോരായ്മകളെ പ്രതിഫലിപ്പിക്കുന്നു. അതിന്റെ തെളിവാണ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് പ്രസിഡന്റിന്റെ രാജി. കോൺഗ്രസ് പ്രസിഡന്റ് തലം മുതൽ തന്നെ തങ്ങൾ ഒരു പരിധിവരെ ആത്മപരിശോധന നടത്തിയിട്ടുണ്ട്. ആത്മപരിശോധനയും ഉത്തരവാദിത്തവും പ്രധാനമാണെങ്കിലും, നമുക്ക് ഭൂതകാലത്തിൽ എന്നേക്കും ജീവിക്കാൻ കഴിയില്ല. “മുന്നോട്ടുപോകാൻ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്ന സമയമാണിത്. പുതിയ പ്രസിഡന്റിനെ കണ്ടെത്തുന്നത് ഈ ലക്ഷ്യത്തിലേക്കുള്ള നിർണായക ആദ്യപടിയാണ്,” ശശി തരൂർ വ്യക്തമാക്കി.