/indian-express-malayalam/media/media_files/uploads/2018/07/Parliament.jpg)
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രതിരോധ മന്ത്രി നിർമ്മല സീതാരാമനും എതിരെ കോൺഗ്രസ് അവകാശ ലംഘനത്തിന് നോട്ടീസ് നൽകും. റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നതാണ് കുറ്റം.
കോൺഗ്രസിന്റെ ലോക്‌സഭ കക്ഷി നേതാക്കളുടെ പരിഗണനയിലാണ് ഈ കാര്യം ഇപ്പോഴുളളത്. റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് പോർവിമാനങ്ങളുടെ വില വലിയ വിവാദത്തിന് വഴിതെളിച്ചിരുന്നു. ഇത് കഴിഞ്ഞ ദിവസം പാർലമെന്റിൽ നടന്ന അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് ഇടയിലും വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.
ഈ ഇടപാടുമായി ബന്ധപ്പെട്ട് 2008 ൽ കരാർ ഒപ്പുവച്ചപ്പോൾ പോർ വിമാനങ്ങളുടെ വില പുറത്തുവിടരുതെന്ന മാനദണ്ഡം അതിനകത്തില്ലായിരുന്നുവെന്ന് മുൻ കേന്ദ്ര പ്രതിരോധ മന്ത്രി എകെ ആന്റണി പറഞ്ഞു.
റാഫേല്‍ പോര്‍വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് വാങ്ങുവാന്‍ തീരുമാനിച്ചത് കഴിഞ്ഞ യു പി എ സര്‍ക്കാരാണ്. ഏറ്റവും കുറഞ്ഞ ടെൻഡർ നൽകിയതിനെ തുടർന്ന് ഫ്രഞ്ച് റാഫേൽ വിമാന നിർമാതാക്കളായ ഡസോൾട്ടുമായി ചർച്ചകൾക്ക് സര്‍ക്കാര്‍ തയാറായി.
ആകെ 54,000 കോടിക്ക് 126 റാഫേല്‍ പോര്‍വിമാനങ്ങളും അതിന്റെ സാങ്കേതിക വിദ്യയും ഇന്ത്യയില്‍ എത്തിക്കാനായിരുന്നു യു പി എ സര്‍ക്കാരിന്റെ കാലത്ത് ആലോചിച്ചത്. അതിൽ ആദ്യം ലഭ്യമാക്കുന്ന 36 വിമാനങ്ങളില്‍ 18 എണ്ണം ഇന്ത്യയില്‍ നിര്‍മിക്കാനായിരുന്നു വ്യവസ്ഥ. എന്നാല്‍ ഈ ചര്‍ച്ച കരാറിലെത്തിയില്ല.
പിന്നീട് നരേന്ദ്ര മോഡി അധികാരത്തിൽ വന്ന ശേഷം, ഇദ്ദേഹം ഫ്രാന്‍സ് സന്ദർശിച്ചപ്പോഴാണ് കരാര്‍ വീണ്ടും ചര്‍ച്ചയായത്. അന്ന് മോദിക്കൊപ്പം റിലയന്‍സ് ഉടമ അനില്‍ അംബാനിയും അന്ന് ഉണ്ടായിരുന്നു. പക്ഷെ ഇവർ ഒപ്പുവച്ച കരാറിൽ യുദ്ധവിമാനങ്ങളുടെ എണ്ണത്തിൽ വലിയ കുറവു വന്നു. 126 ൽ നിന്ന് 36 വിമാനമാക്കി എണ്ണം കുറച്ചു. ഇത് മുഴുവൻ ഫ്രാന്‍സില്‍ നിർമ്മിക്കാനായി തീരുമാനം. കൂടാതെ യുദ്ധവിമാനത്തിന്റെ സാങ്കേതികത കൈമാറേണ്ടതില്ലെന്നും തീരുമാനിച്ചു. എന്നിട്ടും വില 10.2 ബില്യണ്‍ ഡോളറില്‍ നിന്ന് 8.7 ബില്യണ്‍ ആയാണ് കുറഞ്ഞത്.
വില്‍പനാനന്തര സേവനവും നിര്‍മാണത്തിനാവശ്യമായ ഘടകങ്ങളും നൽകുമെന്ന് വ്യവസ്ഥ ചെയ്ത കരാർ അറുപതിനായിരം കോടിയുടേതായിരുന്നു. എന്നാൽ അനിൽ അംബാനിയുടെ റിലയന്‍സ് എയ്റോ സ്ട്രക്ചര്‍ കമ്പനി കരാർ ഒപ്പിട്ട ഡസോള്‍ട്ട് ഏവിയേഷനുമായി ചേര്‍ന്ന് ഡസോള്‍ട്ട് റിലയന്‍സ് എയ്‌റോ സ്പെയ്സ് എന്ന കമ്പനി തുടങ്ങിയതോടെ വിവാദം കൂടുതൽ ആളിക്കത്തി.
റാഫേല്‍ പോര്‍വിമാനത്തിന്റെ പ്രകടനം ഇപ്പോൾ മോശമാണെന്നും ഇപ്പോൾ വിമാനത്തിന് ആവശ്യക്കാരില്ലെന്നും വിദഗ്ദ്ധർ വിലയിരുത്തിയതോടെ വിവാദം ഒന്നുകൂടി കൊഴുത്തു. ഏറെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന ഡസോൾട്ടുമായി ഇന്ത്യ കരാര്‍ ഒപ്പിട്ടതും സംശയത്തിന്റെ നിഴലിലായി.
ആകാശത്ത് നിന്ന് ഭൂമിയിലേക്ക് ആക്രമണം നടത്താനും ശത്രുവിമാനങ്ങളോട് പോരാടാനും ശേഷിയുള്ളതാണ് റാഫേല്‍ യുദ്ധ വിമാനങ്ങള്‍. വിവിധതരം ജോലികള്‍ ഒരേസമയം ചെയ്യുന്ന ‘ഓമനിറോള്‍’ ശേഷിയുള്ള വിമാനമെന്നാണ് ചിലർ മുമ്പ് റാഫേലിനെ വിശേഷിപ്പിച്ചിരുന്നത്. ലാന്‍ഡ് ബേസുകളില്‍ നിന്നും കപ്പല്‍ ബേസുകളില്‍ നിന്നും ടേക്ക് ഓഫ് ചെയ്യാന്‍ ഇവയ്ക്ക് സാധിക്കും.
ആറു മിസൈലുകളും മൂന്ന് ബോംബര്‍ മിസൈലുകളും ഘടിപ്പിക്കാവുന്ന വിമാനത്തിന് മാരക പ്രഹരശേഷിയാണ് പ്രത്യേകത. എന്നാൽ ഇവയെക്കാൾ മെച്ചപ്പെട്ടവ കുറഞ്ഞ വിലയ്ക്ക് സാങ്കേതിക വിവരമുൾപ്പടെ കൈമാറുന്ന കമ്പനികൾ ലോകത്തുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us