ന്യൂഡൽഹി: വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ വെസ്റ്റം ബംഗാളിൽ സിപിഎമ്മുമായി ധാരണയോടെ മത്സരിക്കാൻ കോൺഗ്രസിന് ഹൈക്കമാന്റ് അനുമതി നൽകി. പരസ്‌പരം സ്ഥാനാർത്ഥികളെ നിർത്താതെ മത്സരിക്കാനാണ് തീരുമാനം. നേരിട്ടുളള സഖ്യം വേണോ എന്ന കാര്യത്തിൽ സിപിഎം പൊളിറ്റ് ബ്യുറോ ഇന്ന് അന്തിമ തീരുമാനമെടുക്കും.

വെസ്റ്റ് ബംഗാളിൽ 42 ലോക്സഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിൽ ഇവിടെ 34 സീറ്റുകൾ തൃണമൂൽ കോൺഗ്രസും നാല് സീറ്റുകൾ കോൺഗ്രസും രണ്ട് വീതം സീറ്റുകൾ സിപിഎമ്മും ബിജെപിയും ആണ് ജയിച്ചിരിക്കുന്നത്.

ബംഗാളിൽ ബിജെപി സമീപകാലത്ത് ജനസ്വാധീനം വർദ്ധിപ്പിച്ചിട്ടുണ്ട്. ബിജെപിയെയും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെയും പരാജയപ്പെടുത്തുകയാണ് സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ലക്ഷ്യം. ബ്രിഗേഡ് മൈതാനത്ത് കഴിഞ്ഞ ദിവസം സിപിഎം സംഘടിപ്പിച്ച റാലിയിൽ പത്ത് ലക്ഷത്തിലേറെ പേർ പങ്കെടുത്ത് വൻ വിജയമാക്കിയിരുന്നു.

അതേസമയം മമത ബാനർജി വിരുദ്ധ വോട്ടുകൾ ബിജെപി പക്ഷത്തേക്ക് കേന്ദ്രീകരിക്കുമെന്ന ഭീതി മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിനും സിപിഎമ്മിനും ഉണ്ട്. തൂക്കുസഭ യാഥാർത്ഥ്യമായാൽ പ്രധാനമന്ത്രി പദത്തിലേക്ക് കണ്ണുവച്ചിട്ടുളള മമത ബാനർജിക്ക് 42 സീറ്റും ജയിക്കണമെന്നാണ് ആഗ്രഹം. സിപിഎമ്മും സംസ്ഥാനത്ത് കോൺഗ്രസുമായി സഖ്യം വേണമെന്ന നിലപാടിലാണ്. ഇന്ന് നടക്കുന്ന പൊളിറ്റ് ബ്യുറോ യോഗത്തിൽ ഇതിന് പച്ചക്കൊടി കിട്ടിയാൽ മാത്രമേ സഖ്യം യാഥാർത്ഥ്യമാകൂ.

സിപിഎമ്മിനെ സംബന്ധിച്ച് കേരളത്തിൽ നിലവിലെ സ്വാധീനം നഷ്ടപ്പെടുത്താൻ സാധിക്കില്ല. അതിനാൽ തന്നെ ബംഗാളിലെ ധാരണയ്ക്ക് കേരളത്തിൽ നിന്നുളള അംഗങ്ങൾ തടസം നിൽക്കുന്നുണ്ട്. ഒത്തുതീർപ്പിനുളള ശ്രമങ്ങളാണ് ഇപ്പോൾ പൊളിറ്റ് ബ്യുറോയിൽ നടക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ