ഭോപ്പാൽ: ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ടതിനുശേഷം പാർട്ടി നവീകരിക്കപ്പെട്ടതായി കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ സിങ്.
“ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടാല്‍ ഗ്വാളിയോറിലെയും ചമ്പല്‍ ജില്ലയിലെയും പാര്‍ട്ടിയുടെ സ്വാധീനം നഷ്ടപ്പെടുമെന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനൊന്നും ഉണ്ടായിട്ടില്ല. സിന്ധ്യ പോയതോടെ കോണ്‍ഗ്രസില്‍ സംഭവിച്ചത് ഒരു നവീകരണമാണ്,” ദിഗ്‌വിജയ സിങ് പറഞ്ഞതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
Read More: നേതൃമാറ്റം; രാഹുലിനും സോണിയക്കും പിന്തുണയായി മുഖ്യമന്ത്രിമാരും സംസ്ഥാന നേതാക്കളും
“കോണ്‍ഗ്രസ് പാര്‍ട്ടി എല്ലാം നല്‍കി വളര്‍ത്തിക്കൊണ്ടുവന്ന നേതാവാണ് സിന്ധ്യ. പ്രിയങ്ക ഗാന്ധിയുമായും, രാഹുലുമായും സോണിയയുമായി നല്ല ബന്ധം പുലര്‍ത്തിയയാള്‍. കോൺഗ്രസ് പ്രവർത്തക സമിതിയിലെ അംഗം കൂടിയായ അദ്ദേഹം പാർട്ടി ബന്ധം ഉപേക്ഷിച്ച് പോകുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല,” അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് പാർട്ടിയുമായുള്ള 18 വർഷത്തെ ബന്ധം അവസാനിപ്പിച്ചതിന് ശേഷമാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ ജ്യോതിരാദിത്യ സിന്ധ്യ മാർച്ച് 11 ന് ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നത്. കോണ്‍ഗ്രസില്‍ വിശ്വാസമില്ലെന്ന് പറഞ്ഞാണ് സിന്ധ്യ പാര്‍ട്ടി വിട്ടത്. അദ്ദേഹം കഴിഞ്ഞ മാസം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കോൺഗ്രസിൽ നിന്നുകൊണ്ട് രാജ്യത്തിനു വേണ്ടി സേവനം ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. കോൺഗ്രസ് പാർട്ടി യാഥാർഥ്യങ്ങൾ മനസ്സിലാക്കുന്നില്ല എന്ന് ആരോപിച്ചുകൊണ്ടാണ് സിന്ധ്യ പാർട്ടി വിട്ടത്.
സിന്ധ്യ പാര്‍ട്ടി വിട്ടതോടെ അദ്ദേഹത്തിനൊപ്പം 22 എംഎൽഎമാർ കൂടി രാജിവച്ചിരുന്നു. ഇതേ തുടർന്ന് കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് മധ്യപ്രദേശില്‍ ഭരണം നഷ്ടമായിരുന്നു. അഞ്ച് എംഎല്‍എമാരുടെ ഭൂരിപക്ഷത്തിലാണ് മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലനിന്നിരുന്നത്.
കഴിഞ്ഞ ദിവസം ബിജെപി മെമ്പര്‍ഷിപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയ്ക്കിടെയായിരുന്നു നൂറിലേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൂന്ന് നഗരങ്ങളില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പ്രചരണമാണ് ബിജെപി പദ്ധതിയിട്ടിരിക്കുന്നത്.
കോൺഗ്രസിന് ഇപ്പോഴും ചില ശക്തമായ മണ്ഡലങ്ങളുള്ള ഗ്വാളിയോർ-ചമ്പൽ മേഖലയിൽ ബിജെപിയുടെ പിന്തുണാ കേന്ദ്രം ശക്തിപ്പെടുത്താൻ സിന്ധ്യയുടെ സ്വാധീനവും കുടുംബപൈതൃകവും സഹായിക്കുമെന്നാണ് കരുതുന്നത്. 1996 ൽ അദ്ദേഹത്തിന്റെ പിതാവ് മാധവറാവു സിന്ധ്യ ഒരു വിമത നീക്കത്തിന്റെ ഭാഗമായിരുന്നു 1996 ൽ മൂന്നാം മുന്നണി സർക്കാരിന്റെ ഭാഗമായ മധ്യപ്രദേശ് വികാസ് കോൺഗ്രസ് എന്ന പ്രത്യേക രാഷ്ട്രീയ സംഘടനയ്ക്ക് അദ്ദേഹം രൂപം നൽകി. എന്നിരുന്നാലും, അദ്ദേഹം പിന്നീട് കോൺഗ്രസിലേക്ക് മടങ്ങി.