അഹമ്മദാബാദ്: ആസന്നമായ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് പറയാതെ പറഞ്ഞ് പട്ടേല്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍. പട്ടേല്‍ വിഭാഗത്തിന്റെ സംവരണ ആവശ്യം കോണ്‍ഗ്രസ് അംഗീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

പട്ടിദാര്‍ അനാമത്ത് ആന്ദോളന്‍ സമിതി സീറ്റുകളൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും രണ്ടര വര്‍ഷത്തേക്ക് ഒരു പാര്‍ട്ടിയിലും താന്‍ മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പട്ടേല്‍ വിഭാഗം കോണ്‍ഗ്രസിന് വേണ്ടി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടാന്‍ അദ്ദേഹം തയ്യാറായില്ല. ‘കോണ്‍ഗ്രസിന് വേണ്ടി വോട്ട് ചെയ്യണമെന്ന് ആരോടും ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. ഞങ്ങളുടെ അവകാശങ്ങളെ കുറിച്ച് ഇപ്പോഴും ചര്‍ച്ച നടക്കുന്ന സാഹചര്യത്തില്‍ തീരുമാനം എടുക്കാനുള​ള അവകാശം ജനങ്ങള്‍ക്ക് വിടുന്നു’, ഹാര്‍ദിക് പറഞ്ഞു. എന്നാല്‍ ബിജെപിക്ക് എതിരാണ് തങ്ങളുടെ പോരാട്ടമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി ടിക്കറ്റില്‍ തന്റെ അമ്മ മത്സരിച്ചാല്‍ പോലും വോട്ട് ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കോണ്‍ഗ്രസിനെ പിന്തുണയ്ക്കണമെന്ന് ഞങ്ങള്‍ ജനങ്ങളോട് തുറന്ന് ആവശ്യപ്പെടില്ല. പക്ഷെ ഞങ്ങള്‍ ബിജെപിക്ക് എതിരെ പോരാടും. അത്കൊണ്ട് തന്നെ പ്രത്യക്ഷമായോ പരോക്ഷമായോ കോണ്‍ഗ്രസിന് പിന്തുണയുണ്ടാകും’, പട്ടേല്‍ നേതാവ് കൂട്ടിച്ചേര്‍ത്തു.

182 അംഗ നിയമസഭയിലേക്കുള്ള മത്സരത്തിൽ 30 സീറ്റുകളിൽ തങ്ങൾ നിർദ്ദേശിക്കുന്നവരെ മത്സരിപ്പിക്കണമെന്നാണ് ഹാർദിക് പട്ടേൽ ആവശ്യപ്പെട്ടതെന്നാണ് വിവരം. രണ്ട് ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക ഇന്നലെ സമര്‍പ്പിച്ചു. ഇതേസമയം ബിജെപിയിലും വിമത ശല്യം രൂക്ഷമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ