scorecardresearch
Latest News

കോൺഗ്രസ് 91 തവണ എന്നെ അധിക്ഷേപിച്ചു, പക്ഷേ, ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് ഞാൻ തുടരും: നരേന്ദ്ര മോദി

കോൺഗ്രസ് ഭരണത്തിന്റെ കീഴിൽ കർണാടക ദുരിതത്തിലായി. സീറ്റുകളെക്കുറിച്ച് മാത്രമാണ് കോൺഗ്രസിന്റെ ആശങ്ക, സംസ്ഥാനത്തെ ജനങ്ങളെക്കുറിച്ചല്ല

narendra modi, bjp, ie malayalam

ബിഡാർ (കർണാടക): കോൺഗ്രസ് ഇതുവരെ 91 തവണ തന്നെ അപമാനിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ അധിക്ഷേപിക്കുന്നതിനുള്ള സമയം നല്ല ഭരണത്തിനായ് ചെലവഴിച്ചിരുന്നുവെങ്കിൽ അവർക്ക് ഇത്രയും ദയനീയ അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പാവങ്ങളുടെ വേദനയും നിലനിൽപ്പിനായുള്ള പോരാട്ടവും കോൺഗ്രസ് ഒരിക്കലും മനസിലാക്കിയിട്ടില്ല. പ്രീണന രാഷ്ട്രീയം മാത്രമാണ് കോൺഗ്രസ് ചെയ്തത്. കോൺഗ്രസ് ഭരണത്തിന്റെ കീഴിൽ കർണാടക ദുരിതത്തിലായി. സീറ്റുകളെക്കുറിച്ച് മാത്രമാണ് കോൺഗ്രസിന്റെ ആശങ്ക, സംസ്ഥാനത്തെ ജനങ്ങളെക്കുറിച്ചല്ല. കോൺഗ്രസ് സംസ്ഥാനത്ത് വികസനം സ്തംഭിപ്പിച്ചുവെന്നും മോദി അഭിപ്രായപ്പെട്ടു.

വിദേശ നിക്ഷേപം ആകർഷിക്കാൻ കർണാടകയെ സഹായിച്ചത് ബിജെപി സർക്കാരിന്റെ കീഴിൽ മാത്രമാണ്. കോൺഗ്രസ് ഭരണത്തിൻ കീഴിൽ കർണാടക വാർഷിക വിദേശ നിക്ഷേപമായി ആകർഷിച്ചത് ഏകദേശം 30,000 കോടി രൂപയാണ്. എന്നാൽ, ബിജെപിയുടെ കീഴിൽ ഇത് ഏകദേശം 90,000 കോടിയായിരുന്നു. ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാണ് കർണാടകയിലെ ബിജെപി സർക്കാർ മുൻകൈയെടുത്തതെന്നും മോദി പറഞ്ഞു.

ബിജെപി സർക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കാൻ കർണാടക തയ്യാറായിക്കഴിഞ്ഞുവെന്നതിന്റെ വ്യക്തമായ സന്ദേശമാണ് ഇവിടെ തടിച്ചുകൂടിയ ജനക്കൂട്ടം. വരുന്ന തിരഞ്ഞെടുപ്പിൽ കർണാടകയിൽ വിജയിക്കുക മാത്രമല്ല ലക്ഷ്യം, രാജ്യത്തെ നമ്പർ 1 സംസ്ഥാനമാക്കി കർണാടകയെ മാറ്റുകയാണ്. കർണാടകയിൽ യഥാർത്ഥ വികസനം ഉറപ്പാക്കാൻ, ഇരട്ട എഞ്ചിൻ സർക്കാരിന്റെ തുടർച്ച വേണമെന്നും മോദി അഭിപ്രായപ്പെട്ടു.

ഹൈവേകളും എക്‌സ്പ്രസ് വേകളും വികസിപ്പിക്കണം, മെട്രോ സൗകര്യങ്ങൾ കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കണം, ‘വന്ദേ ഭാരത്’ പോലെയുള്ള ആധുനിക ട്രെയിനുകൾ കൂടുതൽ ഓടണം, എല്ലാ കൃഷിയിടങ്ങളിലും ആധുനിക ജലസേചന സംവിധാനങ്ങൾ വേണം തുടങ്ങി വികസനപാതയിലുള്ള ഒരു കർണാടകയാണ് നിങ്ങൾക്കെല്ലാവർക്കും വേണ്ടത്. കർണാടകയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സാധാരണക്കാരൻ കണ്ട വികസനത്തിന്റെ വേഗത നിർത്താൻ ആഗ്രഹിക്കുന്നില്ല, നിങ്ങളുടെ ഈ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ബിജെപി മുൻകൈയെടുത്തുവെന്നും മോദി പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Congress has abused me 91 times but i will continue to work for people says pm modi