ന്യൂഡല്‍ഹി: ഗുജറാത്തിലേയും ഹിമാചല്‍പ്രദേശിലേയും നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആണ് ജനങ്ങള്‍ കൈകൊടുത്തത്. പ്രധാനമന്ത്രിയുടെ സംസ്ഥാനത്ത് ആറാം തവണയും ബിജെപി ഭരണം പിടിച്ചപ്പോള്‍ ഹിമാചലില്‍ കോണ്‍ഗ്രസിനെ തറപറ്റിച്ചു. എന്നാല്‍ തോല്‍വിയിലും ബിജെപിക്ക് ശക്തമായൊരു പ്രതിപക്ഷമായി ഉയിര്‍ത്തു വരുമെന്ന സൂചനയാണ് തിരഞ്ഞെടുപ്പ് ഫലത്തോടെ കോണ്‍ഗ്രസ് നല്‍കുന്നത്.

ഇരു പാര്‍ട്ടികളും അവസാനമായി കൊമ്പുകോര്‍ത്തത് 2014ലെ തിരഞ്ഞെടുപ്പിലായിരുന്നു. കോണ്‍ഗ്രസ് പൂര്‍ണമായും അസ്തമിക്കാന്‍ പോവുകയാണെന്ന ദുസൂചനയാണ് അന്ന് കണ്ടതെങ്കിലും മികച്ചൊരു തിരിച്ചുവരവാണ് കോണ്‍ഗ്രസ് നടത്തിയത്. വോട്ട് ശതമാനത്തിലും സീറ്റുകളുടെ എണ്ണത്തിലും കാര്യമായ നേട്ടമാണ് കോണ്‍ഗ്രസ് സ്വന്തമാക്കിയത്.

7 ശതമാനം വോട്ടോഹരിയും 20 മാത്രം സീറ്റുകളുടെ അന്തരം മാത്രവുമാണ് ഇരു പാര്‍ട്ടികളും തമ്മിലുളളത്. കൂടാതെ ഗുജറാത്തില്‍ ബിജെപിയുടെ മാജിക് ഫലിക്കാതെ പോയ ഒരു സ്ഥലം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മനാടായ വാദ്നഗറിലാണ്. മെഹ്സാനയിലെ വാദ്നഗറിനെ ഖെരാലു, ഉഞ്ജ എന്നീ രണ്ട് നിയമസഭാ മണ്ഡലങ്ങളായാണ് തിരിച്ചിരിക്കുന്നത്. 49,241 വോട്ടുകളോടെ ഖെരാലുവില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശങ്കര്‍ ജി ദാബി വിജയിച്ചപ്പോള്‍ ഉഞ്ജ മണ്ഡലം ബിജെപിക്ക് കൈവിട്ടു. അഞ്ച് തവണ മണ്ഡലത്തില്‍ വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥി ലല്ലുദാസ് പട്ടേല്‍ ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദ്വാരക്ദാസ് പട്ടേലിനോട് പരാജയപ്പെട്ടു. 74,438 വോട്ടുകളാണ് പട്ടേല്‍ നേടിയത്.

1995 മുതല്‍ ബിജെപി ഭരിച്ചിരുന്ന ഉഞ്ജയാണ് ഇത്തവണ കോണ്‍ഗ്രസ് നേടിയത്. വദ്നഗറിലെ കാര്‍ഷികപ്രശ്നങ്ങള്‍ പരിഹാരം കാണാനാവാത്തതാണ് വദ്നഗറില്‍ ബിജെപിക്ക് തിരിച്ചടിയായത്. പരിമിതമായ സാഹചര്യത്തിലാണ് മോദിയുടെ ജന്മനാട്ടിലെ സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രിയുടെ ജന്മനാടാണ് ഇതെന്ന് സ്കൂളുകള്‍ കണ്ടാല്‍ പറയുമോ എന്ന് പരിഭവം പറയുന്നവര്‍ ഏറെയുണ്ട് വാദ്നഗറില്‍.

1995 മുതല്‍ ഒരു ‘ഹിന്ദുത്വ ലബോറട്ടിയായാണ്’ ഓരോ തിരഞ്ഞെടുപ്പിലും ഗുജറാത്ത് പ്രതികരിക്കുന്നത്. എന്നാല്‍ ഈ തിരഞ്ഞെടുപ്പോടെ ഗുജറാത്തില്‍ ഉയര്‍ത്തിക്കാണിക്കാനൊരു വ്യക്തമായ നേതൃത്വത്തെ കോണ്‍ഗ്രസ് പടച്ചു കഴിഞ്ഞു. ബിജെപി ഭരണത്തിനെതിരെ ആവലാതികള്‍ പറയാനുളള നേതൃത്വങ്ങളാണ് കോണ്‍ഗ്രസിനായി അണിനിരന്നത്. വ്യത്യസ്ഥ രാഷ്ട്രീയ നിലപാടുകളുളള നേതാക്കളായ ജിഗ്നേഷ് മേവാനി, അല്‍പേഷ് താ്കകര്‍, ഹാര്‍ദിക് പട്ടേല്‍ എന്നിവരെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ കോണ്‍ഗ്രസിനായി. 2012നെ അപേക്ഷിച്ച് സീറ്റ് നിലയും രാഷ്ട്രീയ അന്തരീക്ഷവും മാറിമറിഞ്ഞപ്പോള്‍ ഗുജറാത്തില്‍ ഇനിയൊരു തവണത്തെ തിരഞ്ഞെടുപ്പ് കൂടി ബിജെപി അതിജീവിക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ