scorecardresearch
Latest News

നേതൃത്വം പ്രതിക്കൂട്ടില്‍; പടയൊരുക്കവുമായി ജി 23 നേതാക്കള്‍

ഒത്തൊരുമയില്ലാത്തതും ചേരിപ്പോരുമാണ് പഞ്ചാബില്‍ തിരിച്ചടിയായതെന്നും സംഘടനാ മികവിലെ പോരായ്മകള്‍ മറ്റ് സംസ്ഥാനങ്ങളിലെ ഫലത്തില്‍ പ്രകടമായെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു

നേതൃത്വം പ്രതിക്കൂട്ടില്‍; പടയൊരുക്കവുമായി ജി 23 നേതാക്കള്‍

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വി ഒരിക്കല്‍കൂടി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. ഈ വര്‍ഷം അവസാനം സംഘടനാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആഭ്യന്തര കലഹം രൂക്ഷമാകാനുള്ള സാധ്യതകളും തുറന്നുകഴിഞ്ഞു.

തോല്‍വിയെക്കുറിച്ച് അടിയന്തരമായി അവലോകനം ചെയ്യാന്‍ കോണ്‍ഗ്രസ് തയാറായിട്ടില്ല. എന്നാല്‍ പാര്‍ട്ടിയുടെ നയങ്ങള്‍ സംബന്ധിച്ച് വലിയ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് ചൂണ്ടിക്കാണിച്ച് സോണിയ ഗാന്ധിക്ക് കത്തെഴുതിയ നേതാക്കള്‍ (ജി 23) മുതിര്‍ന്ന നേതാവും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി (സിഡബ്ല്യുസി) അംഗവുമായ ഗുലാം നബി അസാദുമായി കൂടിക്കാഴ്ച നടത്തി.

ഒത്തൊരുമയില്ലാത്തതും ചേരിപ്പോരുമാണ് പഞ്ചാബില്‍ തിരിച്ചടിയായതെന്നും സംഘടനാ മികവിലെ പോരായ്മകള്‍ മറ്റ് സംസ്ഥാനങ്ങളിലെ തിരിച്ചടികള്‍ക്ക് കാരണമായെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. എന്നാല്‍ ഉത്തര്‍പ്രദേശിലെ തോല്‍വിയിലും പ്രിയങ്ക ഗാന്ധിയെ വിമര്‍ശിക്കാന്‍ അദ്ദേഹം തയാറായില്ല.

ജി-23 നേതാക്കന്മാരുടെ യോഗത്തില്‍ അമര്‍ഷം ഉയര്‍ന്നു. രാജ്യസഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് ആനന്ദ് ശര്‍മ, എംപിമാരായ കപില്‍ സിബല്‍, മനീഷ് തേവാരി, അഖിലേഷ് പ്രസാദ് സിങ്, മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപിന്ദര്‍ സിങ് ഹൂഡ എന്നിവര്‍ യോഗത്തിന്റെ ഭാഗമായി. ചില നേതാക്കള്‍ ഓണ്‍ലൈനായും യോഗത്തില്‍ പങ്കെടുത്തെന്നാണ് വിവരം.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് ചില നേതാക്കള്‍ വ്യക്തമാക്കി. സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേരാനിരിക്കുന്ന വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കേണ്ടതുണ്ടോ എന്ന് പോലും അഭിപ്രായം ഉയര്‍ന്നു. അതുകൊണ്ട് കാര്യമായ ഫലമില്ലെന്നാണ് നേതാക്കന്മാരുടെ വിലയിരുത്തല്‍.

പാര്‍ട്ടിയൊരു അസ്തിത്വ പ്രതിസന്ധി നേരിടുന്നുണ്ടെന്നും തിരുത്തല്‍ നടപടികളിലേക്ക് പോയില്ലെങ്കില്‍ കൂടുതല്‍ തിരിച്ചടി നേരിടുമെന്നും യോഗം നിരീക്ഷിച്ചു. ഔദ്യോഗികമായൊരു യോഗമായിരുന്നില്ലെന്നും ഡല്‍ഹിയിലുണ്ടായിരുന്ന കുറച്ചു നേതാക്കള്‍ ഒത്തുകൂടിയതാണെന്നുമായിരുന്നു ഒരു നേതാവിന്റെ പ്രതികരണം. എന്നാല്‍ ഔദ്യോഗികമായ യോഗം ഉണ്ടാകുമെന്ന സൂചനയും അദ്ദേഹം നല്‍കി.

ഭാവി പദ്ധതികള്‍ എന്തൊക്കെയാണെന്ന ചോദ്യത്തിനും കോണ്‍ഗ്രസ് നേതാവ് മറുപടി പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രക്ഷുബ്ധമായ കടലില്‍പ്പെട്ട വഞ്ചിയുടെ അവസ്ഥയാണ് ഞങ്ങള്‍ക്ക്. ഒന്നുകിൽ മുങ്ങിപ്പോകാം. അല്ലെങ്കില്‍ കുറച്ച് പേര്‍ക്ക് നന്നായി പരിശ്രമിച്ച് കരയിലെത്തിക്കാം, അദ്ദേഹം വ്യക്തമാക്കി. പഞ്ചാബില്‍ ആംആദ്മിയുടെ വളര്‍ച്ചയും ആശങ്കാജനകമാണെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

Also Read: Russia-Ukraine War News: റഷ്യക്കെതിരായ പോരാട്ടത്തില്‍ യുക്രൈന്‍ സുപ്രധാന ഘട്ടത്തിലെന്ന് സെലന്‍സ്കി

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Congress g23 leaders meet may target rahul gandhis leadership