ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അനുവാദമില്ലാതെ ഡൽഹി പൊലീസിന് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യാൻ അദ്ദേഹത്തിന്റെ വസതിയിൽ എത്താൻ കഴിയില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കാലത്തെയാണ് ഓർമിപ്പിക്കുന്നതെന്നും മുതിർന്ന പാർട്ടി നേതാക്കളായ ശക്തിസിൻഹ ഗോഹിലിനും അഭിഷേക് മനു സിങ്‌വിക്കുമൊപ്പം രാഹുലിന്റെ വസതിയിലെത്തിയ ഗെഹ്‌ലോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
”ഉന്നതരുടെ അനുവാദമില്ലാതെ ഇത്തരമൊരു നീക്കം അവരിൽനിന്നും ഉണ്ടാകില്ല. അമിത് ഷായുടെയോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയോ ഉത്തരവില്ലാതെ പൊലീസ് ഇങ്ങനെ ചെയ്യാൻ ധൈര്യം കാണിക്കില്ല. യാതൊരുവിധ കാരണവുമില്ലാതെയാണ് ദേശീയ നേതാവായ ഒരാളുടെ വീട്ടിൽ അവരെത്തിയത്. നോട്ടീസിന് മറുപടി നൽകുമെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടും പൊലീസ് ഇങ്ങനെ ചെയ്തിരിക്കുകയാണ്,” ഗെഹ്‌ലോട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇന്ദിരാഗാന്ധിയുടെ കാലത്തെ ഓർമിപ്പിക്കുന്നതാണ് പൊലീസിന്റെ നടപടി. ഫലം എന്തായിരുന്നു, എങ്ങനെ തോൽവി നേരിടേണ്ടി വന്നു എന്ന് എല്ലാവർക്കും അറിയാം. ഇന്ന് സംഭവിച്ചത് സാധാരണമല്ല, രാജ്യം അവരോട് പൊറുക്കില്ലെന്ന് ഗെഹ്‌ലോട്ട് അഭിപ്രായപ്പെട്ടു.
രാഹുലിന്റെ വസതിയിലേക്ക് പോകുന്ന വഴിയിലേക്ക് കടന്നപ്പോൾ പൊലീസ് തടയാൻ ശ്രമിച്ചുവെന്ന് കോൺഗ്രസ് മാധ്യമ, പബ്ലിസിറ്റി വിഭാഗം ചെയർമാൻ പവൻ ഖേര ആരോപിച്ചു. ഇതെന്ത് നടപടിയാണെന്ന് ഞാൻ അവരെ ചോദ്യം ചെയ്തപ്പോഴാണ് കടത്തിവിട്ടത്. എന്നാൽ ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത്?. ഇവിടെ അടിയന്തരാവസ്ഥയോ കർഫ്യൂവോ ഉണ്ടോ? ഞങ്ങളെ ഭയപ്പെടുത്തുക എന്നതാണ് അവരുടെ ഉദ്ദേശം, പക്ഷേ ഞങ്ങൾ ഭയപ്പെടില്ലെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പ്രസംഗത്തിൽ ലൈംഗിക പീഡന ഇരകളുടെ വിവരങ്ങൾ പറഞ്ഞതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്ക് പൊലീസ് നോട്ടീസ് നൽകിയത്. ഭാരത് ജോഡോ യാത്രയ്ക്കിടെ കണ്ട നിരവധി സ്ത്രീകൾ തങ്ങൾ പീഡനത്തിന് ഇരയായെന്ന് പറഞ്ഞതായി ജനുവരി 30 ന് ശ്രീനഗറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ പറഞ്ഞിരുന്നു.