അഹമ്മദാബാദ്: ഗുജറാത്തിലും ഹിമാചലിലും ബിജെപി വിജയിച്ചതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ക്രോധത്തെ അന്തസ് കൊണ്ടാണ് കോണ്‍ഗ്രസ് നേരിട്ടതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. മാന്യമായി തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയ പാര്‍ട്ടി പ്രവര്‍ത്തകരേയും അദ്ദേഹം അഭിനന്ദിച്ചു.

ഇരു സംസ്ഥാനങ്ങളിലും ബിജെപി അധാര്‍മ്മികമായ പ്രചാരണമാണ് നടത്തിയതെന്ന ധ്വനിയാണ് രാഹുല്‍ ട്വീറ്റിലൂടെ പങ്കുവച്ചത്. ‘ജനവിധി അംഗീകരിച്ച് രണ്ട് സംസ്ഥാനങ്ങളിലേയും പുതിയ സര്‍ക്കാരുകളെ കോണ്‍ഗ്രസ് അഭിനന്ദിക്കുന്നു. സ്നേഹം കാണിച്ച ഗുജറാത്തിലേയും ഹിമാചലിലേയും ജനങ്ങളോട് ഞാന്‍ ഹൃദയപൂര്‍വ്വം നന്ദി അറിയിക്കുന്നു’, രാഹുല്‍ ട്വീറ്റ് ചെയ്തു.

‘കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സഹോദരി സഹോദരങ്ങളെ, നിങ്ങളെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. ക്രോധത്തെ അന്തസ് കൊണ്ട് പോരാടിയ നിങ്ങള്‍ മറ്റുളളവരില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു. മാന്യതയിലും ധൈര്യത്തിലും കോണ്‍ഗ്രസിനാണ് വലിയ ശക്തിയെന്ന് നിങ്ങള്‍ വരച്ചുകാണിച്ചു’, രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഗുജറാത്തില്‍ 182 സീറ്റുകളില്‍ 99 സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. 79 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. ഗുജറാത്തില്‍ മോദി തരംഗം ഇല്ലാതായതോടെ കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞ സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. 2012ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്ന കോണ്‍ഗ്രസിന് ജീവശ്വാസം നല്‍കുന്നതാണ് ഗുജറാത്തിലെ പ്രകടനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ