ന്യൂഡൽഹി: 2019 ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുന്നൊരുക്കങ്ങളുമായി കോണ്ഗ്രസ് പാർട്ടി രംഗത്ത്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് തുടക്കമിട്ട് മൂന്നു പ്രധാന കമ്മിറ്റികൾക്ക് കോൺഗ്രസ് രൂപം നൽകി. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള ഒമ്പതംഗ കോർ കമ്മിറ്റി, പ്രകടന പത്രിക രൂപീകരിക്കാനുള്ള 19 അംഗ മാനിഫെസ്റ്റോ കമ്മിറ്റി, തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന 13 അംഗ പ്രചാരണ കമ്മിറ്റി എന്നിവയാണ് അധ്യക്ഷൻ രാഹുൽ ഗാന്ധി രൂപീകരിച്ചത്.
ഡൽഹിയിൽ പാർട്ടി ജനറൽ സെക്രട്ടറി അശോക് ഗെഹ്ലോട്ട് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കോണ്ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കോർഗ്രൂപ്പിൽ കേരളത്തിൽനിന്ന് മുതിർന്ന നേതാവ് എ.കെ ആന്റണിയും കെ.സി. വേണുഗോപാലും പ്രകടനപത്രികാ സമിതിയിൽ ബിന്ദു കൃഷ്ണയും ശശി തരൂരും പ്രചാരണ കമ്മിറ്റിയിൽ വി.ഡി. സതീശനെയും ഉൾപ്പെടുത്തി.
ഗുലാം നബി ആസാദ്, അശോക് ഗേലോട്ട്, മല്ലികാർജുൻ ഖാർഗെ, അഹമ്മദ് പട്ടേൽ, ജയറാം രമേശ്, പി. ചിദംബരം അടക്കമുള്ള മുതിർന്ന നേതാക്കളും ഒമ്പതംഗ കമ്മിറ്റിയിൽ അംഗങ്ങളാണ്. മികച്ച പ്രകടന പത്രികക്ക് രൂപം നൽകുമെന്ന് അശോക് ഗെലോട്ട് മാധ്യമങ്ങളെ അറിയിച്ചു.