ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പൊലീസില്‍ പരാതി നല്‍കി കര്‍ണാടക കോണ്‍ഗ്രസ്. വോട്ടുബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി തീവ്രവാദവുമായി ബന്ധമുള്ളവരുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തുന്നുവെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിനെതിരെയാണ് കോണ്‍ഗ്രസിന്റെ നടപടി.
1951-ലെ ജനപ്രാതിനിധ്യ നിയമം, ഇന്ത്യൻ ശിക്ഷാ നിയമം, മറ്റ് നിയമ വ്യവസ്ഥകൾ എന്നിവയുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരം പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ബെംഗളൂരു ഹൈഗ്രൗണ്ട്സ് പോലീസ് സ്റ്റേഷനിൽ കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നത്.
വെള്ളിയാഴ്ച ബല്ലാരിയില്‍ നടന്ന റാലിയിലാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍. ”വോട്ടിന് വേണ്ടി കോണ്‍ഗ്രസ് തീവ്രവാദത്തെ കൂട്ടുപിടിച്ചിരിക്കുന്നു, സമൂഹത്തെ നശിപ്പിക്കുന്ന തീവ്രവാദത്തിനൊപ്പമാണ് കോണ്‍ഗ്രസ് നില്‍ക്കുന്നത്. തീവ്രവാദവുമായി ബന്ധപ്പെട്ടിരിക്കുന്നവരുമായി കോണ്‍ഗ്രസ് പിന്നണിയില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തുന്നു,” എന്നെല്ലാം പ്രധാനമന്ത്രി പറഞ്ഞെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
തെറ്റായ കാര്യങ്ങള്‍ പറഞ്ഞ് മോദി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് പ്രധാനമന്ത്രി നടത്തുന്നതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെയും അദ്ദേഹത്തിന്റെ പരാമർശങ്ങൾക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും എന്നാൽ കുറ്റക്കാർക്കെതിരെ നടപടിയൊന്നും എടുത്തിട്ടില്ലെന്നും കോൺഗ്രസ് ചൂണ്ടിക്കാണിച്ചു.
വിപുലമായ അന്വേഷണം നടത്തി പ്രധാനമന്ത്രിക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.