കൊച്ചി: കോണ്‍ഗ്രസ് പാര്‍ട്ടി നിലനില്‍പ്പിന്റെ അതീവ പ്രതിസന്ധി നേരിടുകയാണെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് ജയറാം രമേശ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ പാര്‍ട്ടി നേതാക്കളുടെ കൂട്ടായ പരിശ്രമം ഒന്ന് കൊണ്ട് മാത്രമെ കഴിയുകയുളളൂവെന്നും അദ്ദേഹം പിടിഐയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

എന്നാല്‍ മോദിയോടും അമിത് ഷായോടും പതിവ് തന്ത്രങ്ങള്‍ പയറ്റിയത് കൊണ്ട് കാര്യമില്ലെന്നും കോണ്‍ഗ്രസിന്റെ നിലനില്‍പ്പിന് വേറിട്ട നയം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. “തീര്‍ച്ചയായും കോണ്‍ഗ്രസ് അതീവ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. 1996 മുതല്‍ 2004 വരെ അധികാരത്തിന് പുറത്ത് തെരഞ്ഞെടുപ്പ് പ്രതിസന്ധിയിലായിരുന്നു കോണ്‍ഗ്രസ്. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977ല്‍ നടന്ന തെരഞ്ഞെടുപ്പിലും പാര്‍ട്ടി പ്രതിസന്ധി നേരിട്ടിരുന്നു. എന്നാല്‍ ഇന്ന് കോണ്‍ഗ്രസ് നേരിടുന്നത് നിലനില്‍പ്പിന്റെ പ്രതിസന്ധിയാണ്,” ജയറാം രമേശ് വ്യക്തമാക്കി.

ഗുജറാത്തില്‍ കുതിരക്കച്ചവടം ഭയന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ കര്‍ണാടകയിലേക്ക് മാറ്റിയ നടപടിയെയും അദ്ദേഹം ന്യായീകരിച്ചു. ബിജെപിയും നേരത്തേ ഇത്തരത്തില്‍ എംഎല്‍മാരെ മാറ്റിപ്പാര്‍പ്പിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. “മോദിയും ഷായും ചിന്തിക്കുന്നത് വ്യത്യസ്ഥമായിട്ടാണ്. അവര്‍ പ്രവര്‍ത്തിക്കുന്നതും വ്യത്യസ്ഥമായിട്ടാണ്. ഇത് നേരിടുന്നതില്‍ തെറ്റായ രീതികള്‍ സ്വീകരിക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് അപ്രസക്തമാകും. ഇന്ത്യ മാറി എന്ന വസ്തുത കോണ്‍ഗ്രസ് തിരിച്ചറിയണം. പഴയ ആദര്‍ശങ്ങള്‍ വില പോകില്ല. പഴയ സൂത്രവാക്യങ്ങളും ഫലം കാണില്ല. പഴയ മന്ത്രങ്ങളും പ്രാവര്‍ത്തികമാകില്ല. ഇന്ത്യ മാറിക്കഴിഞ്ഞു. കോണ്‍ഗ്രസും മാറണം,” ജയറാം രമേശ് ചൂണ്ടിക്കാട്ടി.

വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് പോരാട്ടങ്ങളില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് ശേഷം രാഹുല്‍ ഗാന്ധിക്ക് കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. “2017 അവസാനിക്കും മുമ്പ് രാഹുല്‍ പാര്‍ട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷ. 2015ല്‍ അത് സംഭവിക്കുമെന്ന് കരുതിയിരുന്നു. 2016ലും ഇപ്രകാരം പ്രതീക്ഷിച്ചും. എന്നാല്‍ ഈ വര്‍ഷം രാഹുല്‍ പാര്‍ട്ടി അദ്ധ്യക്ഷനാകുമെന്ന് തന്നെ കരുതുന്നു,” രമേശ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ