അഹമ്മദാബാദ്: രാജ്യസഭയിലേക്ക് അഹമ്മദ് പട്ടേല്‍ വിജയിച്ചു കയറിയതിന് മണിക്കൂറുകള്‍ക്കകം വിപ്പ് ലംഘിച്ചതിന് എട്ട് എംഎല്‍എമാരെ കോണ്‍ഗ്രസ് പുറത്താക്കി. വരും ദിവസങ്ങളില്‍ ആറ് എംഎല്‍എമാരെ കൂടി പുറത്താക്കും. കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേലിനെതിരെ വോട്ട് ചെയ്തതിനാണ് നടപടി.

പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ആറ് മാസത്തേക്കാണ് ഇവരെ പുറത്താക്കിയത്. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി വിട്ട ശങ്കർ സിംഗ് വഗേലയുമായി അടുത്ത ബന്ധമുളള എംഎല്‍എമാരാണ് നടപടി നേരിട്ടത്.

നാടകീയ നീക്കങ്ങൾക്കൊടുവിൽ വിമത കോണ്‍ഗ്രസ് നേതാവ് നേതാവ് ബൽവന്ത് സിംഗ് രാജ്പുതിനെയാണ് പട്ടേൽ തോൽപ്പിച്ചത്. 44 വോട്ട് നേടിയാണ് അഹമ്മദ് പട്ടേൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇത് തന്രെ മാത്രം വിജയമല്ലെന്നും ജനാധിപത്യത്തിന്റെ വിജയമാണെന്നും പട്ടേൽ പറഞ്ഞു.

നേരത്തേ, കൂറുമാറി വോട്ട് ചെയ്ത രണ്ട് കോണ്‍ഗ്രസ് എംഎൽഎമാരുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയത് അഹമ്മദ് പട്ടേലിന്റെ വിജയത്തിൽ നിർണ്ണായകമായി. ഇതിനിടെ ബിജെപിയുടെ ഒരു എം.എൽ.എയും അഹമ്മദ് പട്ടേലിനാണ് വോട്ട് ചെയ്തത്. ഇത് അഞ്ചാം തവണയാണ് അഹമ്മദ് പട്ടേൽ രാജ്യസഭയിലേക്ക് എത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ