scorecardresearch

കേന്ദ്രത്തിന്റേത് പ്രതികാര രാഷ്ട്രീയം; നേതാക്കള്‍ക്കെതിരെയുള്ള ഇ ഡി റെയ്ഡിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഇഡി 3010 റെയ്ഡുകള്‍ നടത്തിയിട്ടുണ്ടെന്നും അതില്‍ 95 ശതമാനവും പ്രതിപക്ഷ രാഷ്ട്രീയക്കാരെ ലക്ഷ്യമിട്ടായിരുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

jairam-ramesh-express-759

ന്യൂഡല്‍ഹി: കല്‍ക്കരി നികുതി ചുമത്തല്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് എംഎല്‍എമാരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും വീടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഛത്തീസ്ഗഡിലെ 10 മുതല്‍ 12 വരെ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. റായ്പൂരില്‍ എഐസിസിയുടെ പ്ലീനറി സമ്മേളനത്തിന് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു റെയ്ഡ്. ഭിലായില്‍ നിന്നുള്ള എംഎല്‍എ ദേവേന്ദ്ര യാദവ്, സംസ്ഥാന കോണ്‍ഗ്രസ് ട്രഷറര്‍ രാം ഗോപാല്‍ അഗര്‍വാള്‍, ഗിരീഷ് ദേവാംഗന്‍, ആര്‍പി സിംഗ്, വിനോദ് തിവാരി, സണ്ണി അഗര്‍വാള്‍ എന്നിവരുടെ റായ്പൂരിലെയും ഭിലായിലെയും സ്ഥലങ്ങളിലും തിരച്ചില്‍ നടന്നു.

ഇഡി ജനാധിപത്യത്തെ ഇല്ലാതാക്കുകയും ജനാധിപത്യത്തെ ഉന്മൂലനം ചെയ്യുകയും ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് ജയാറാം രമേശും മീഡിയ വിഭാഗം ചെയര്‍മാന്‍ പവന്‍ ഖേരയും ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 2014ല്‍ കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നതുമുതല്‍ ഇഡി അമിതവേഗത്തിലാണെന്നും കോണ്‍ഗ്രസ് പറഞ്ഞു. യുപിഎ അധികാരത്തിലിരുന്ന 2004നും 2014നും ഇടയില്‍ ഏജന്‍സി 112 റെയ്ഡുകള്‍ നടത്തിയിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഇഡി 3010 റെയ്ഡുകള്‍ നടത്തിയിട്ടുണ്ടെന്നും അതില്‍ 95 ശതമാനവും പ്രതിപക്ഷ രാഷ്ട്രീയക്കാരെ ലക്ഷ്യമിട്ടായിരുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

2014 മുതല്‍ 24 തവണ കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് ഇഡി റെയ്ഡ് നടത്തിയതായി പവന്‍ ഖേര പറഞ്ഞു. ടിഎംസി നേതാക്കളെ 19 തവണ ലക്ഷ്യമിട്ടപ്പോള്‍ എന്‍സിപി നേതാക്കളെ 11 തവണയും, ശിവസേന (8), ഡിഎംകെ (6), ബിജെഡി (6) ആര്‍ജെഡി (5), ബിഎസ്പി , (5), ടിഡിപി (5), ഐഎന്‍എല്‍ഡി (3), വൈഎസ്ആര്‍സിപി (3), സിപിഎം (2), നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി (2), എഐഎഡിഎംകെ (1), എംഎന്‍എസ് (1).

കോടികളുടെ ശാരദ കുംഭകോണവുമായി ബന്ധപ്പെട്ട് 2014-ല്‍ ഹിമന്ത ബിശ്വ ശര്‍മ്മയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ) റെയ്ഡ് നടത്തിയിരുന്നുവെങ്കിലും ഇന്ന് അദ്ദേഹത്തിന്റെ മുഖം മിനുക്കിയെന്നും അസമിന്റെ മുഖ്യമന്ത്രിയായി മാറിയെന്നും പവന്‍ ഖേര പറഞ്ഞു. സുവേന്ദു അധികാരി, ബി എസ് യെദ്യൂരപ്പ, റെഡ്ഡി സഹോദരന്മാര്‍, മുകുള്‍ റോയ് എന്നിവര്‍ക്കെതിരെയുള്ള കേസുകള്‍ക്ക് എന്ത് സംഭവിച്ചു… നിരവധി പേരുകള്‍ ഉണ്ട്… അവരെല്ലാം ‘ഫെയര്‍ ആന്‍ഡ് ലൗലി’യുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായിയെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ ഇതിനെതിരെ ശക്തമായി പോരാടും. റെയ്ഡുകള്‍ ഉണ്ടാകട്ടെ… റെയ്ഡുകള്‍ ആവശ്യമുള്ളിടത്ത് സര്‍ക്കാര്‍ റെയ്ഡുകള്‍ നടത്തുന്നില്ല… ആവശ്യമുള്ളിടത്ത് ഇഡിയെ കെട്ടഴിച്ചുവിടുന്നില്ല… ഗൗതം അദാനിയെ സംബന്ധിച്ച് പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍… പ്രധാനമന്ത്രിയുടെ പ്രിയപ്പെട്ട വ്യവസായി….അദ്ദേഹത്തിനെതിരെ അന്വേഷണമില്ല…റെയ്ഡുകളില്ല…ജെപിസി വേണമെന്ന ആവശ്യവും നിരസിക്കപ്പെട്ടു,’ അദ്ദേഹം പറഞ്ഞു. ‘ഇത് വ്യക്തമായും പ്രതികാര രാഷ്ട്രീയം, പ്രതികാര രാഷ്ട്രീയം, ഉപദ്രവത്തിന്റെ രാഷ്ട്രീയം…ഇത് കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തിന് തിരശ്ശീല ഉയര്‍ത്തുന്നതാകണം… ഞങ്ങള്‍ക്ക് ഭയമില്ല. ഞങ്ങള്‍ക്ക് മറയ്ക്കാന്‍ ഒന്നുമില്ല. ഞങ്ങള്‍ പേടിക്കില്ല. ഭയവും വഞ്ചനയും ഭീഷണിയുമാണ് മോദിയുടെ എഫ്ഡിഐ നയം… ഇതാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ എഫ്ഡിഐ നയം, ജയറാം രമേശ് പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Congress ed raids chhattisgarh coal scam pm modi