ന്യൂഡൽഹി: ഭരണഘടനാ ശിൽപി ബി.ആർ.അംബേദ്‌കറിന് അർഹിക്കുന്ന ആദരവ് കോൺഗ്രസ് നൽകിയില്ലെന്ന് ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ. അംബേദ്‌കറുടെ ജന്മവാർഷിക ദിനമായ ഇന്ന് ഡൽഹിയിൽ സംസാരിക്കുമ്പോൾ ആണ് നഡ്ഡ കോൺഗ്രസിനെതിരെ വിമർശനമുന്നയിച്ചത്.
“ജീവിച്ചിരിക്കുമ്പോൾ അംബേദ്‌കർക്ക് അർഹതപ്പെട്ട ആദരവ് നൽകാൻ കോൺഗ്രസിനു സാധിച്ചിട്ടില്ല. മരിച്ച് നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടാണ് അംബേദ്‌കറെ പോലൊരു മഹാന് ഭാരതരത്‌ന തന്നെ നൽകിയത്. എന്നാൽ, ബിജെപി അദ്ദേഹത്തിനു അർഹതപ്പെട്ട ആദരവ് നൽകി. അംബേദ്‌കറുടെ നയങ്ങൾ പ്രാവർത്തികമാക്കാൻ ബിജെപി പ്രയത്‌നിച്ചു,” നഡ്ഡ പറഞ്ഞു. ഇന്ത്യ എന്നും അംബേദ്‌കറോട് കടപ്പെട്ടിരിക്കുന്നതായും ബിജെപി ദേശീയ അധ്യക്ഷൻ പറഞ്ഞു.
Read Also: അടച്ചുപൂട്ടൽ 19 ദിവസം കൂടി; പ്രധാനമന്ത്രി പറഞ്ഞതിലെ പ്രസക്‌ത ഭാഗങ്ങൾ വായിക്കാം
ഇന്ത്യൻ ഭരണഘടനാ ശിൽപി ഡോ.ബാബാസാഹേബ് അംബേദ്‌കറുടെ 129-ാം ജന്മവാർഷിക ദിനമാണ് ഇന്ന്. കോവിഡ് ഭീതിയുടെ നിഴലിൽ നിൽക്കുമ്പോഴാണ് രാജ്യം ഇന്നു അംബേദ്‌കർ ജയന്തി ആഘോഷിക്കുന്നത്. രാഷ്‌ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അംബേദ്‌കർ ജയന്തി ആശംസകൾ നേർന്നു.
നീതിക്കും തുല്യതക്കും വേണ്ടി പ്രവർത്തിച്ച മഹത്‌വ്യക്തിത്വമാണ് അംബേദ്‌കറുടേതെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്‌തു. രാഷ്ട്രനന്മയ്ക്കു വേണ്ടി നിരന്തരം യത്‌നിച്ച അംബേദ്‌കർ പഠിപ്പിച്ച പാഠങ്ങൾ പ്രാവർത്തികമാക്കണമെന്നും രാഷ്ട്രപതി ട്വീറ്റിൽ അഭ്യർഥിച്ചു.
തുല്യതയ്ക്കു വേണ്ടി, സ്വന്തം ജീവിതത്തെ പോരാട്ടമാക്കി മാറ്റിയ നവോത്ഥാനനായകനാണ് ഡോ.അംബേദ്‌കറെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നമ്മുടെ ഭരണഘടനയില്‍ സമഭാവനയുടേതായ അംശങ്ങള്‍ ഉള്‍ചേര്‍ക്കുന്നതില്‍ അദ്ദേഹം ഏറെ ശ്രദ്ധിച്ചു. ജാതിക്കും മതത്തിനും ഒക്കെ അപ്പുറത്തുള്ള മനുഷ്യത്വത്തില്‍ അധിഷ്ഠിതമായ തുല്യതയ്ക്കുവേണ്ടി പോരാടിയ വ്യക്തിയാണ് അംബേദ്കറെന്നും പിണറായി പറഞ്ഞു.
Read Also: അതിജീവനത്തിലേക്ക് കണികണ്ടുണരാൻ; വിഷു ആഘോഷിച്ച് മലയാളികൾ
ഒരു ദളിത് കുടുംബത്തിൽ ജനിച്ച അംബേദ്‌കർ ഇന്ത്യൻ ജാതിവ്യവസ്ഥക്കെതിരെയും ഹിന്ദു മതത്തിലെ തൊട്ടുകൂടായ്‌മക്കെതിരെയും നിരന്തരം പോരാടി. തുല്യതക്കും സമഭാവനക്കും വേണ്ടി വാദിച്ച മഹത്‌വ്യക്തിത്വമാണ് അംബേദ്‌കറുടേത്. ഭാരതരത്ന നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.
ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പിയെന്ന നിലയിലാണ് അംബേദ്‌കർ കൂടുതൽ ഖ്യാതി നേടിയത്. 1949 നവംബർ 26 നു ഇന്ത്യൻ ഭരണഘടന നിർമാണ സഭ നമ്മുടെ ഭരണഘടന അംഗീകരിച്ചു. ഭരണഘടന പ്രാബല്യത്തിൽ വന്ന് രണ്ടു മാസങ്ങൾക്കുശേഷം, 1950 ജനുവരി 26 ന് – റിപ്പബ്ലിക് ദിനം ആഘോഷിച്ചു.