ന്യൂഡല്‍ഹി: ബിജെപി ദേശീയ പ്രസിഡന്‍റ അമിത് ഷായുടെ മകന്‍ ജയ്‌ ഷായയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനുനേരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവ് നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോൺഗ്രസ് ആവശ്യപ്പെട്ടു. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ലാഭം മുന്‍ വര്‍ഷത്തില്‍ നിന്നും പതിനാറായിരം ഇരട്ടിയായി 80.5 കോടി രൂപയുടെ വർധനവ് ഉണ്ടായി എന്നാണു ജയ്‌ ഷായ്ക്ക് നേരെ ഉയര്‍ന്ന ആരോപണം. ടെമ്പിള്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടര്‍ ആണ് ജയ്‌ ഷാ.

വാര്‍ത്താ വെബ്സൈറ്റായ ദി വയര്‍ പുറത്തുകൊണ്ടുവന്ന റിപ്പോര്‍ട്ടിനു പിന്നാലെയാണ് കോണ്‍ഗ്രസിന്‍റെ പ്രസ്താവന. ന്യൂഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് ജയ്‌ ഷാക്കെതിരെ കോണ്‍ഗ്രസ് അന്വേഷണം ആവശ്യപ്പെട്ടത്. റജിസ്ട്രാര്‍ ഓഫ് കമ്പനിയുടെ രേഖകള്‍ ചൂണ്ടിക്കാണിച്ച മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ വസ്തുക്കളോ ആസ്തിയോ ഇല്ലാത്ത കമ്പനിക്ക് ഒരു വര്‍ഷത്തിനുള്ളില്‍ 80.5 കോടി രൂപ ലാഭം ഉണ്ടായതില്‍ അസ്വാഭാവികതയുണ്ടെന്നും പറഞ്ഞു.

” ആസ്തിയോ വസ്തുക്കളോ ഇല്ലാത്ത കമ്പനിക്ക് എങ്ങനെയാണ് 80 കോടി രൂപയുടെ ലാഭം ലഭിക്കുക? അതൊരു അത്ഭുതമല്ലേ? ഒരു സര്‍ക്കാര്‍ മാറിയ ഉടനെ തന്നെയാണ് ഇത് സംഭവിക്കുന്നത്. ചങ്ങാത്ത മുതലാളിത്തമെന്നല്ലാതെ ഇതിനെയെന്താണ് വിളിക്കുക? ഇതിനെതിരെ പ്രതികരിക്കാന്‍ പ്രധാനമന്ത്രി സിബിഐക്ക് നിര്‍ദ്ദേശം നല്‍കുമോ? ഇതില്‍ എന്തെങ്കിലും അറസ്റ്റ് നടക്കുമോ? അമിത് ഷായുടെ മകനു മേല്‍ അന്വേഷണം നടത്താനുള്ള ആത്മാര്‍ത്ഥത പ്രധാനമന്ത്രിക്കുണ്ടോ? ” കബില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.

അഴിമതിക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്‌ദാനം ഓര്‍മിപ്പിച്ച കബില്‍ സിബല്‍ ” പ്രധാനമന്ത്രിയാണ് എങ്കില്‍ താങ്കള്‍ പൊതു സ്വത്തുക്കളുടെ സംരക്ഷകന്‍ കൂടിയാണ്. നിങ്ങള്‍ തിന്നുകയോ (അഴിമതി നടത്തുക) മറ്റുള്ളവരെ തിന്നാന്‍ അനുവദിക്കുകയോ ഇല്ലാ എന്ന് പറഞ്ഞത് നിങ്ങള്‍ തന്നെയാണ്” എന്നും പറഞ്ഞു.

അമിത് ഷായും മകനും നോട്ടുനിരോധനത്തിന്‍റെ പ്രധാന ഗുണഭോക്താക്കളായിരുന്നുവെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയും ആരോപിച്ചു. ” നോട്ടുനിരോധനത്തിന്‍റെ ഗുണഭോക്താക്കള്‍ ആരാണെന്ന് നമ്മള്‍ അവസാനം കണ്ടെത്തിയിരിക്കുന്നു. അത് റിസർവ് ബാങ്കോ, പാവങ്ങളോ, കര്‍ഷകരോ, അല്ല. അത് നോട്ടുനിരോധനത്തിന്‍റെ ഷാ-ഇന്‍ ഷാ ആണ്. ജയ് അമിത്” രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു.

അതിനിടയില്‍ ആം ആദ്മി പാര്‍ട്ടിയും അന്വേഷണം ആവശ്യപ്പെട്ടു. ” കള്ളപ്പണം വെളുപ്പിക്കുവാന്‍ കമ്പനി ഉപയോഗിച്ചിട്ടുണ്ടോ എന്നത് അന്വേഷിക്കാനായി കമ്പനി രേഖകളും പരിശോധിക്കണം. അമിത് ഷായേയും ചോദ്യം ചെയ്യേണ്ടതാണ് ” ആം ആദ്മി പാര്‍ട്ടി നേതാവ് അശുതോഷ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook