ന്യൂഡൽഹി: ലോക്‌സഭയിൽ പ്രതിപക്ഷ ബഹളം. പിഎം കെയേഴ്‌സ് ഫണ്ടിനെ ചൊല്ലിയുള്ള ചർച്ചയാണ് ലോക്‌സഭയിൽ ബഹളത്തിനു കാരണമായത്. ധനവകുപ്പ് സഹമന്ത്രിയും ബിജെപി നേതാവുമായ അനുരാഗ് താക്കൂർ ഗാന്ധി-നെഹ്‌റു കുടുംബത്തിനെതിരെ നടത്തിയ പരാമർശത്തെ കോൺഗ്രസ് ഒന്നടങ്കം എതിർത്തു. അനുരാഗ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ രണ്ട് തവണ നിർത്തിവയ്‌ക്കേണ്ടി വന്നു. കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയും പ്രതിഷേധിച്ചു.

നികുതി നിയമഭേദഗതിയുമായി ബന്ധപ്പെട്ട നിരാകരണ പ്രമേയങ്ങൾ പരിഗണിക്കുന്നതിനിടെ കോൺഗ്രസ് എംപിമാരായ മനീഷ് തിവാരി, ശശി തരൂർ തുടങ്ങിയവർ പിഎം കെയേഴ്‌സ്‌ ഫണ്ടിന്റെ പബ്ലിക് ഓഡിറ്റിങ്ങിനെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചത്. പ്രതിപക്ഷ എംപിമാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേ കേന്ദ്ര സഹമന്ത്രി അനുരാഗ് താക്കൂർ നെഹ്‌റു കുടുംബത്തിനെതിരെ ആരോപണം ഉന്നയിച്ചു.

Read Also: കാർഷിക ബിൽ ചരിത്രപരം, കോൺഗ്രസ് കർഷകരെ വഴിതെറ്റിക്കുന്നു: നരേന്ദ്ര മോദി

“ഹൈക്കോടതി മുതൽ സുപ്രീം കോടതി വരെ എല്ലാ കോടതികളും പ്രധാനമന്ത്രിയുടെ കെയർ ഫണ്ടിനെ സാധൂകരിച്ചു. കുട്ടികൾ പോലും അവരുടെ ചെറിയ പങ്ക് ഇതിലേക്ക് സംഭാവന നൽകിയിട്ടുണ്ട്. പിഎം കെയേഴ്‌സ് ഫണ്ട് ഒരു പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് ആണ്. രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണ് അത് രൂപീകരിച്ചിരിക്കുന്നത്. എന്നാൽ, നെഹ്‌റു കുടുംബം വ്യാജ പേരിൽ ട്രസ്റ്റുകളുണ്ടാക്കി അവരുടെ ആവശ്യങ്ങൾക്കായി തിരിമറി നടത്തിയിരുന്നു. രജിസ്റ്റർ ചെയ്യാത്ത ഒരു ഫണ്ട് നെഹ്‌റു സജ്ജമാക്കിയിരുന്നു. നിങ്ങൾ (കോൺഗ്രസ്) ഗാന്ധി കുടുംബത്തിന്റെ പ്രയോജനത്തിനായി മാത്രമാണ് അത് ഉപയോഗിച്ചിരുന്നത്. നിങ്ങൾ സോണിയ ഗാന്ധിയെ അതിന്റെ ചെയർമാനാക്കി. ഇത് അന്വേഷിക്കണം,” അനുരാഗ് താക്കൂർ പറഞ്ഞു.

“1948 ൽ രാജകീയ ഉത്തരവ് പോലെ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ട് സൃഷ്‌ടിക്കാൻ നെഹ്‌റുജി ഉത്തരവിട്ടിരുന്നു, എന്നാൽ അതിന്റെ രജിസ്‌ട്രേഷൻ ഇതുവരെ നടന്നിട്ടില്ല. രജിസ്റ്റർ ചെയ്യാത്ത ഫണ്ടിന് എങ്ങനെയാണ് എഫ്‌സി‌ആർ‌എ ക്ലിയറൻസ് ലഭിച്ചത്?,” താക്കൂർ ചോദിച്ചു.

ഗാന്ധി കുടുംബത്തെ അധിക്ഷേപിച്ച പരാമർശം പിൻവലിച്ച് അനുരാഗ് താക്കൂർ മാപ്പ് പറയണമെന്ന് ലോക്‌സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു. ‘ഹിമാചലിൽ നിന്നുള്ള കുട്ടി’ എന്ന് വിശേഷിപ്പിച്ചാണ് അധിർ രഞ്ജൻ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെ അഭിസംബോധന ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook