ജയ്പൂര്‍: രാമക്ഷേത്ര നിര്‍മ്മാണ പ്രവൃത്തി വൈകിപ്പിക്കുന്നത് കോണ്‍ഗ്രസാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിലെ ആള്‍വാറില്‍ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രിംകോടതി അഭിഭാഷകരായ കോണ്‍ഗ്രസിന്റെ രാജ്യസഭാ അംഗങ്ങളെ ഉപയോഗിച്ചാണ് തീരുമാനം വൈകിപ്പിക്കുന്നതെന്നും മോദി പറഞ്ഞു. ‘അയോധ്യ കേസ് നടന്നു കൊണ്ടിരിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ അംഗങ്ങളാണ് കോടതിയോട് കേസ് 2019ലെ തിരഞ്ഞെടുപ്പ് വരെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടത്. ഇത് പോലെ ജുഡീഷ്യറിയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് ശരിയാണോ ജനങ്ങളെ?,’ മോദി ചോദിച്ചു.
കോണ്‍ഗ്രസ് രാജ്യസഭാ സീറ്റ് നല്കിയ സുപ്രീം കോടതി അഭിഭാഷകര്‍ ഇംപീച്ച്മെന്റ് ചെയ്യുമെന്ന് പറഞ്ഞ് കോടതിയെ ഭീഷണിപ്പെടുത്തുകയാണെന്നും ഇത് അപകടകരമായ കളിയാണെന്നും മോദി പറഞ്ഞു. നിര്‍ണ്ണായകമായ കേസുകള്‍ പരിഗണിക്കുന്നതില്‍ കൈകടത്തി നീതിന്യായ വ്യവസ്ഥയെ കോണ്‍ഗ്രസ് തകര്‍ക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
‘നീതിന്യായ വ്യവസ്ഥയുടേയും ജഡ്ജിമാരുടേയും സ്വാതന്ത്ര്യം കാത്ത് സൂക്ഷിക്കുക എന്നതാണ് ഞങ്ങള്‍ ചെയ്യുന്നത്. സേവിക്കാന്‍ ജനങ്ങള്‍ അവസരം നല്കുന്നിടത്തോളം കാലം ജനാധിപത്യത്തിന്റെ ക്ഷേത്രത്തെ മലിനപ്പെടുത്താന്‍ ഞങ്ങള്‍ കോണ്‍ഗ്രസിനെ സമ്മതിക്കില്ല. നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കും. ഇംപീച്ച്മെന്റിനെ പേടിക്കാതെ നീതിയുടെ വഴിയിലൂടെ ജഡ്ജിമാര്‍ നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും,’ മോദി പറഞ്ഞു.