ന്യൂഡൽഹി: ചരക്കുസേവന നികുതി (ജിഎസ്ടി) നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ജൂണ്‍ 30ന് അര്‍ദ്ധരാത്രി പാർലമെന്‍റില്‍ ചേരുന്ന പ്രത്യേക സമ്മേളനം ബഹിഷ്കരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സത്യവര്‍ദ്ധ് ത്രിവേദി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മറ്റ് നേതാക്കളും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ കണ്ട് ചര്‍ച്ച ചെയ്ത ശേഷമാണ് സമ്മേളനം ബഹിഷ്കരിക്കാൻ തീരുമാനമെടുത്തത്.
സിപിഎമ്മും തൃണമൂൽ കോണ്‍ഗ്രസും ഉൾപ്പെടെയുള്ള പാർട്ടികളും ചടങ്ങ് ബഹിഷ്കരിക്കുമെന്ന് അറിയിച്ചിരുന്നു. ജിഎസ്ടി കേന്ദ്രസർക്കാരിന്‍റെ ഐതിഹാസികമായ മണ്ടത്തരമാണെന്നും അതിനാൽ പാർലമെന്‍റ് സമ്മേളനം ബഹിഷ്കരിക്കുകയാണെന്നും തൃണമൂൽ കോണ്‍ഗ്രസ് വ്യക്തമാക്കി. ജിഎസ്ടി നടപ്പിലാക്കാൻ കേന്ദ്രസർക്കാർ അനാവശ്യ തിടുക്കം കാണിക്കുകയാണെന്ന് മമത ബാനര്‍ജി കുറ്റപ്പെടുത്തി.
“നോട്ട് നിരോധനത്തിന് ശേഷം നടപ്പിലാക്കുന്ന മറ്റൊരു ചരിത്രപരമായ വിഢിത്തമാണ് ജിഎസ്ടി. നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ ഇനിയൊരു ആറ് മാസം കൂടി ആവശ്യമാണ്. ചെറുകിട വ്യാപാരികൾക്കും മറ്റ് ബിസിനസ് സ്ഥാപനങ്ങള്‍ക്കും തയ്യാറെടുപ്പ് നടത്താനുളള സമയം പോലും ലഭിച്ചില്ലെന്നും മമത ആരോപിച്ചു.