ന്യൂഡൽഹി: കോൺഗ്രസ്സിൽ നേതൃത്വത്തിലടക്കം സമൂല മാറ്റം ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രിമാരടക്കം 23 മുതിർന്ന പാർട്ടി നേതാക്കൾ കത്തയച്ചതിന് പിറകേ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കും ഗാന്ധി കുടുംബത്തിനും പിന്തുണയറിയിച്ച് പാർട്ടിയുടെ വിവിധ സംസ്ഥാന ഘടകങ്ങളിൽ നിന്നുള്ള നേതാക്കൾ.

രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, പാർലമെന്റ് അംഗങ്ങളും മുൻ കേന്ദ്ര മന്ത്രിമാരുമായ ആനന്ദ് ശർമ, കപിൽ സിബൽ, മനീഷ് തിവാരി, ശശി തരൂർ എഐസിസി ഭാരവാഹി മുഖുൾ വാസ്നിക്, ജിതിൻ പ്രസന്ത, പിജെ കുര്യൻ തുടങ്ങിയ നേതാക്കളാണ് പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തയച്ചിരുന്നത്. “ഫലപ്രദമായ മുഴുവൻ സമയ നേതൃത്വം” പാർട്ടിക്ക് വേണമെന്ന് കത്തിൽ ആവശ്യപ്പെടുന്നുണ്ട്. സജീവമായ നേതൃത്വം പാർട്ടിക്ക് വേണമെന്നും കോൺഗ്രസ് പ്രവർത്തക സമിതിയിൽ തിരഞ്ഞെടുപ്പ് വേണമെന്നും പാർട്ടിയെ വീണ്ടെടുക്കുന്ന നേതൃത്വ സംവിധാനം വേണമെന്നും കത്തിൽ പറയുന്നു.

Read More: ഇനിയും ഇത് തുടരാനാകില്ല; മാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് മുതിർന്ന നേതാക്കളുടെ കത്ത്

എന്നാൽ ഇതിനു പിറകേ വിവിധ സംസ്ഥാന മുഖ്യമന്ത്രിമാർ അടക്കമുള്ളവർ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പിന്തുണച്ച് രംഗത്തെത്തി. മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ട്, ഭൂപേഷ് ബാഗൽ, ക്യാപ്റ്റൻ അമരീന്ദർ സിങ് എന്നിവരും സംസ്ഥാന നേതാക്കളായ ഡി കെ ശിവകുമാർ (കർണാടക), റിപ്പൺ ബോറ (അസം) എന്നിവരും അടക്കമുള്ളവരാണ് രാഹുലിനും സോണിയക്കും പിന്തുണ അറിയിച്ചത്.

പാർട്ടിയെ നയിക്കുന്നത് തുടരണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ലോക്സഭാ എംപി മാണിക്കം ടാഗോർ സോണിയയ്ക്ക് കത്തെഴുതിയിരുന്നു.  കൂടുതൽ എംപിമാർ സമാനമായ കത്തുകൾ എഴുതുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

Read More National News: ‘ടുകഡെ ടുകഡെ’ സംഘമാണ് അധികാരത്തില്‍; കേന്ദ്രത്തിനെതിരെ ശശി തരൂര്‍

നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ രാഹുലിനെയും സോണിയയെയും പാർട്ടിക്ക് ആവശ്യമുണ്ടെന്നാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞത്. 23 നേതാക്കൾ സോണിയയ്ക്ക് അയച്ച കത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും എന്നാൽ ഗാന്ധി കുടുംബം കോൺഗ്രസിനെ ഐക്യത്തിലാക്കിയിട്ടുണ്ടെന്നും  ഗെലോട്ട് പറഞ്ഞു.

ശക്തമായ പ്രതിപക്ഷത്തിന്റെ ആവശ്യകത കണക്കിലെടുത്താൽ ഇത് കോൺഗ്രസ് നേതൃമാറ്റത്തിന് ആവശ്യമുന്നയിക്കേണ്ട സമയമല്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് അഭിപ്രായപ്പെട്ടു. ഗാന്ധി കുടുംബനേതൃത്വത്തെ വെല്ലുവിളിക്കാൻ “ചില കോൺഗ്രസ് നേതാക്കൾ” ശ്രമിച്ചു, എന്നാൽ ശക്തമായ പ്രതിപക്ഷത്തിന്റെ ആവശ്യകത കണക്കിലെടുത്ത് ഇത് ഇത്തരമൊരു വിഷയം ഉന്നയിക്കാനുള്ള സമയമല്ലെന്നും സിങ് പ്രസ്താവനയിൽ പറഞ്ഞു.

Read More National News: ഫെയ്സ്ബുക്ക് അധികൃതർ തരൂരിന്റെ നേതൃത്വത്തിലുള്ള സമിതിക്ക് മുൻപാകെ സെപ്റ്റംബർ രണ്ടിന് ഹാജരാവണം

ശക്തമായ പ്രതിപക്ഷത്തിന്റെ അഭാവമാണ് എൻ‌ഡി‌എയുടെ വിജയത്തിന് കാരണമെന്ന് നേതൃമാറ്റം ആവശ്യപ്പെടുന്ന നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഈ നിർണായക ഘട്ടത്തിൽ പാർട്ടിയെ പുനക്രമീകരിക്കണമെന്ന് ആവശ്യപ്പെടുന്നത് പാർട്ടിയുടെ താൽപര്യങ്ങൾക്കും രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്കും ഹാനികരമാണെന്നും സിങ് പറഞ്ഞു.

ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ പുറത്തെത്തിക്കുന്നതിനുള്ള ഏക പ്രതീക്ഷാ കിരണമാണ് സോണിയയും രാഹുലും എന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞു. “വിയോജിപ്പിന്റെ ശബ്ദങ്ങളാൽ” വ്യതിചലിക്കപ്പെടരുതെന്നും കോൺഗ്രസ് പാർട്ടിയുടെ അധികാരങ്ങൾ വീണ്ടും ഏറ്റെടുക്കണമെന്നും ബാഗേൽ രാഹുൽ ഗാന്ധിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

Read More National News: ബാബ്‌റി മസ്ജിദ്: അദ്വാനിക്കെതിരായ കേസ് സെപ്തംബര്‍ 30-നകം വിധി പറയണമെന്ന് സുപ്രീംകോടതി

മുൻപ് പല തവണ ഗാന്ധി കുടുംബത്തിന് പുറത്തുള്ള നേതാക്കൾ കോൺഗ്രസ് അധ്യക്ഷരായിട്ടുണ്ടെന്നും എന്നാൽ അവരിൽ ആർക്കും കാര്യമായ നേട്ടങ്ങളുണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നും ലോക്സഭയിലെ കോൺഗ്രസ്  നേതാവ് ആധിർ രഞ്ജൻ ചൗധരി ദ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

“ബഹുമാനപ്പെട്ട നേതാക്കൾ മുന്നോട്ട് വച്ച കാഴ്ചപ്പാടുകളുടെ ഭാഗമാവാൻ എനിക്ക് കഴിയില്ല… കാരണം പരാജയം കൂട്ടുത്തരവാദിത്തമുള്ള കാര്യമാണ്. ഇപ്പോൾ, പരാജയത്തിന് ശേഷം എല്ലാ ആരോപണങ്ങളും ഗാന്ധി കുടുംബത്തിനും രാഹുൽ ഗാന്ധിക്കും എതിരേ ഉന്നയിക്കാൻ ഞങ്ങളുടെ ചില നേതാക്കൾ ശ്രമിക്കുന്നു. അത് ചെയ്യുന്നതിലൂടെ അവർ ബിജെപിയുടെ വാദത്തെ ശക്തിപ്പെടുത്തുകയാണ്, ”അദ്ദേഹം പറഞ്ഞു.

23 നേതാക്കളുടെ കത്ത് ബി.ജെ.പിയുടെ സംഘടിത അട്ടിമറിയാണെന്നും ‘കോൺഗ്രസ് മുക്ത് ഭാരത്’ എന്ന അജണ്ട ഉയർത്തിയാണിതെന്നും മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് മുതിർന്ന കെ കെ തിവാരി പറഞ്ഞു. കത്ത് എഴുതിയ കോൺഗ്രസ് നേതാക്കൾ ഒരിക്കലും തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തയ്യാറാക്കിയ കെണിയിൽ അവർ അകപ്പെട്ടിരിക്കാമെന്നും തിവാരി പറഞ്ഞു.

Read More National News: ബലിയാടുകളാക്കാൻ ശ്രമിച്ചിരിക്കാമെന്ന് കോടതി: തബ്ലീഗി സമ്മേളനത്തിൽ പങ്കെടുത്തവർക്കെതിരായ എഫ്ഐആർ തള്ളി

പാർട്ടിയെക്കുറിച്ചുള്ള പ്രശ്‌നങ്ങൾ ഉന്നയിക്കേണ്ടത് പാർട്ടി വേദികളിലാണെന്നും മാധ്യമങ്ങളിൽ അല്ലെന്നും ഗാന്ധി കുടുംബത്തിന് പിന്തുണ അറിയിച്ച കർണാടക കോൺഗ്രസ് മേധാവി ഡി കെ ശിവകുമാർ പറഞ്ഞു,  “കർണാടകയിലെ മുഴുവൻ കോൺഗ്രസ് പാർട്ടിയും സോണിയ ഗാന്ധിയുടെ നേതൃത്വത്തെ പിന്തുണയ്ക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ സോണിയ ഗാന്ധി കോൺഗ്രസിനെ നയിക്കുകയും പാർട്ടിയെ രക്ഷിക്കുകയും ചെയ്തു. ചർച്ച ചെയ്യേണ്ട എന്തും പാർട്ടി വേദികളിലാണ് ചെയ്യേണ്ടത്, മാധ്യമങ്ങളിലല്ല,” ശിവകുമാർ പറഞ്ഞു.

പ്രധാനമന്ത്രി മോദി ഭയപ്പെട്ടിരുന്ന ഒരേയൊരു നേതാവായതിനാൽ രാഹുൽ ഗാന്ധി കോൺഗ്രസിനെ നയിക്കണമെന്ന് അസം കോൺഗ്രസ് പ്രസിഡന്റ് റിപ്പുൻ ബോറ പറഞ്ഞു. ബിജെപി സർക്കാരിനെതിരായ കരുത്ത് ഏറ്റെടുക്കുന്ന ഏക പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മാത്രമാണെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. തന്റെ പ്രചോദനം സോണിയ ഗാന്ധിയും എന്റെ നേതാവ് രാഹുൽ ഗാന്ധിയുമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Read More: After letter questioning leadership, voices in support of Sonia, Rahul Gandhi: Sitting CMs, state party chiefs

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook