ന്യൂഡല്‍ഹി: യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുടെ കശ്മീര്‍ സന്ദര്‍ശനത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തെ കശ്മീരിലേക്ക് ക്ഷണിക്കുന്നതിലൂടെ സര്‍ക്കാര്‍ ഗുരുതരമായ പാപമാണ് ചെയ്‌തെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന കാലങ്ങളായിരുന്ന നിലപാടിന് എതിരാണ് സന്ദര്‍ശനമെന്നും അദ്ദേഹം പറഞ്ഞു.
”കഴിഞ്ഞ 72 വര്‍ഷമായി കശ്മീര്‍ രാജ്യത്തിന്റെ ആഭ്യന്തര വിഷയമാണെന്നാണ് ഇന്ത്യയുടെ പോളിസി. ഏതെങ്കിലും സര്‍ക്കാരിന്റേയോ സംഘത്തിന്റേയോ സംഘടനയുടേയോ അടക്കം ഏതെങ്കിലും തരത്തിലുള്ള ഇടപെടല്‍ വിഷയത്തില്‍ ഇന്ത്യ അംഗീകരിക്കാറില്ലായിരുന്നു. ഈ പോളിസി തന്നെ തിരുത്തി കൊണ്ട് കഴിഞ്ഞ മൂന്ന് ദിവസമായി മോദി സര്‍ക്കാര്‍ ചെയ്യുന്നത് ഗുരുതരമായ പാപമാണ്” സുര്‍ജെവാല പറഞ്ഞു.
കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന കാലങ്ങളായുള്ള പോളിസി തെറ്റിച്ച മോദി സര്‍ക്കാര്‍ ബോധപൂര്‍വം വിഷയത്തെ രാജ്യാന്തര പ്രശ്‌നമാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, പ്രതിപക്ഷ നേതാക്കളെ കശ്മീര്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിലെ അംഗം പറഞ്ഞിരുന്നു. വിദേശികളായ നേതാക്കള്‍ക്ക് അനുമതി നല്‍കാന്‍ കഴിയുമെങ്കില്‍ പിന്നെന്തുകൊണ്ട് ഇന്ത്യയിലെ പ്രതിപക്ഷത്തിന് അനുമതിയില്ലെന്ന് ജർമനിയില്‍ നിന്നുമുള്ള പ്രതിനിധി നിക്കോളാസ് ഫെസ്റ്റ് ചോദിച്ചു.
‘എനിക്ക് തോന്നുന്നത്, നിങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളെ പ്രവേശിക്കാന്‍ അനുവദിക്കുന്നുണ്ടെങ്കില്‍ ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കളേയും അനുവദിക്കണം എന്നാണ്. എന്തോ ഒരു അസന്തുലിതാവസ്ഥയുണ്ട്. സര്‍ക്കാര്‍ അതിനെ അഭിമുഖീകരിച്ചേ മതിയാകൂ” നിക്കോളാസ് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.