ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവര്‍ണര്‍ ജനറലും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന സി രാജഗോപാലാചാരിയുടെ ചെറുമകന്‍ സി ആര്‍ കേശവന്‍ ബിജെപിയില്‍ ചേര്‍ന്നു. ‘ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയില്‍ എന്നെ ഉള്‍പ്പെടുത്തിയതിന് മുതിര്‍ന്നവരോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, പ്രത്യേകിച്ച് പ്രധാനമന്ത്രി തമിഴ്നാട്ടില്‍ ഉള്ള ഒരു ദിവസം,’ കേശവന്‍ ന്യൂഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സി രാജഗോപാലാചാരി ഉള്‍പ്പെടെയുള്ള നമ്മുടെ മഹത്തായ രാഷ്ട്രത്തിന്റെ സ്ഥാപക പിതാക്കന്മാരോടും അമ്മമാരോടും ബിജെപിക്കുള്ള ആഴമായ ബഹുമാനം തെളിയിക്കുന്നതാണ് അവരുടെ സാന്നിദ്ധ്യം. രണ്ട് പതിറ്റാണ്ടിലേറെയായി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തന്നെ പ്രേരിപ്പിച്ച മൂല്യങ്ങളുടെ അവശിഷ്ടങ്ങളൊന്നും താന്‍ കണ്ടിട്ടില്ലെന്ന് പറഞ്ഞ് ഫെബ്രുവരിയില്‍ കേശവന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിരുന്നു.
”രണ്ടു പതിറ്റാണ്ടിലേറെയായി പാര്‍ട്ടിക്ക് വേണ്ടി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കാന്‍ എന്നെ പ്രേരിപ്പിച്ച മൂല്യങ്ങളുടെ ഒരു അവശിഷ്ടവും കുറച്ചുകാലമായി ഞാന്‍ കണ്ടിട്ടില്ലെന്ന് പറയുന്നതില്‍ എനിക്ക് സങ്കടമുണ്ട്. പാര്‍ട്ടി പ്രതീകപ്പെടുത്തുന്നതോ, നിലകൊള്ളുന്നതോ, പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതോ ആയ കാര്യങ്ങളുമായി ഞാന്‍ യോജിക്കുന്നുവെന്ന് ഇനി നല്ല മനസ്സാക്ഷിയോടെ പറയാന്‍ കഴിയില്ല. അതുകൊണ്ടാണ് ഞാന്‍ അടുത്തിടെ ദേശീയ തലത്തിലുള്ള ഒരു സംഘടനാ ഉത്തരവാദിത്തം നിരസിക്കുകയും ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തത്. തന്റെ രാജി ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ കെ ആന്റണി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് സി ആര്‍ കേശവന്റെയും ബിജെപി പ്രവേശനം എന്നതും ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട് സന്ദര്‍ശിക്കാനിരിക്കെയാണ് സി ആര്‍ കേശവന്റെ ബിജെപി പ്രവേശനം.