ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹേലികോപ്റ്ററില്‍ നിന്ന് സുരക്ഷാ പരിശോധനകളില്ലാതെ കാറില്‍ കയറ്റി കൊണ്ടുപോയ കറുത്ത പെട്ടിയില്‍ ദുരൂഹത ആരോപിച്ച് കോണ്‍ഗ്രസ്. ഇതേ കുറിച്ച് അന്വേഷണം വേണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു. കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററില്‍ നിന്ന് മാറ്റിയ പെട്ടിയെ കുറിച്ച് അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ വ്യക്തത വരുത്താന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ഞായറാഴ്ച ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററിനെ മൂന്ന് ചോപ്പറുകള്‍ അനുഗമിച്ചിരുന്നു. ഹെലികോപ്റ്റര്‍ പറന്നിറങ്ങിയ ശേഷം അതില്‍ നിന്ന് ഒരു കറുത്ത പെട്ടി സ്വകാര്യ വാഹനത്തിലേക്ക് മാറ്റിയതായാണ് ആനന്ദ് ശര്‍മ ആരോപിക്കുന്നത്.

Read More: ‘കുമ്മനം അത്ര ശുദ്ധനല്ല’; വിമര്‍ശനവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

ശനിയാഴ്ചയാണ് പിസിസി അധ്യക്ഷനായ ദിനേശ് ഗുണ്ടു റാവു ഈ വിവാദ വീഡിയോ പുറത്തുവിട്ടത്. തിരഞ്ഞെടുപ്പ് ഓഫീസറെ ടാഗ് ചെയ്താണ് വീഡിയോ പങ്കുവച്ചത്. ചിത്രദുര്‍ഗയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ എത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ ഒരു കറുത്ത പെട്ടി സ്വകാര്യ വാഹനത്തിലേക്ക് മാറ്റുന്നതായി കണ്ടു എന്ന് ഗുണ്ടു റാവു ട്വിറ്ററില്‍ കുറിച്ചിരുന്നു.

ഈ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായി. എന്താണ് മോദിയുടെ ഹെലികോപ്റ്ററില്‍ നിന്നിറക്കിയ പെട്ടിയിലുള്ളതെന്ന ചര്‍ച്ചയായിരുന്നു പിന്നീട്. കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ചുള്ള പ്രസംഗമായിരുന്നു മോദി ചിത്രദുര്‍ഗയില്‍ നടത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook