scorecardresearch
Latest News

‘ഒരു പ്രത്യയശാസ്ത്രമില്ലാതെ ഒരു പാർട്ടി എങ്ങനെ മുന്നോട്ട് കൊണ്ടുപോവും;’ രാഹുലിന്റെ പ്രസ്താവനയെക്കുറിച്ച് പ്രാദേശിക പാർട്ടികൾ

കോൺഗ്രസ് യാഥാർത്ഥ്യവുമായി ഒത്തുപോകണമെന്നും പ്രാദേശിക പാർട്ടികൾ

‘ഒരു പ്രത്യയശാസ്ത്രമില്ലാതെ ഒരു പാർട്ടി എങ്ങനെ മുന്നോട്ട് കൊണ്ടുപോവും;’ രാഹുലിന്റെ പ്രസ്താവനയെക്കുറിച്ച് പ്രാദേശിക പാർട്ടികൾ

പ്രതിപക്ഷ ഇടത്തിൽ ഇനി ആധിപത്യം പുലർത്താനാകില്ലെന്ന യാഥാർത്ഥ്യവുമായി കോൺഗ്രസ് അനുരഞ്ജനം നടത്തേണ്ട സമയമാണിതെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പാർട്ടി ചിന്തൻ ശിബിരത്തിൽ നടത്തിയ പ്രസ്താവനയോട് പ്രതികരിച്ച് പ്രാദേശിക പാർട്ടികൾ. കോൺഗ്രസിന് ബിജെപിക്കും ആർഎസ്എസിനും എതിരെ അണിനിരക്കാൻ പ്രത്യയ ശാസ്ത്രത്തിന്റെ അഭാവമുണ്ടെന്നും പ്രാദേശിക പാർട്ടി നേതാക്കൾ പറയുന്നു.

“ഇത് രാഹുൽ ഗാന്ധിയുടെ സ്വയം വിലയിരുത്തലാണെന്നും അദ്ദേഹത്തിന് അദ്ദേഹത്തിന്റെ അഭിപ്രായത്തിന് അർഹതയുണ്ട്, പക്ഷേ പ്രത്യയശാസ്ത്രത്തിൽ അഭിപ്രായം പറയാൻ അദ്ദേഹത്തിന് ആരാണ് അധികാരം നൽകിയത്? ഒരു പ്രത്യയശാസ്ത്രവുമില്ലാതെ ഞങ്ങൾ എങ്ങനെയാണ് പാർട്ടിയെ നയിക്കുന്നത്?” സഖ്യകക്ഷികളിലൊന്നായ ജെ.എം.എം പറഞ്ഞു.

ഝാർഖണ്ഡിൽ കോൺഗ്രസും ജെഎംഎമ്മും സഖ്യസർക്കാരാണ് നടത്തുന്നത്. ജാർഖണ്ഡിലെ ജെഎംഎം ആയാലും ബിഹാറിലെ ആർജെഡി ആയാലും പോരാട്ടത്തിനോ വിജയത്തിനോ കോൺഗ്രസ് ആശ്രയിക്കുന്നത് ഈ പ്രാദേശിക പാർട്ടികളെയാണ് എന്നതാണ് വസ്തുതയെന്ന് പാർട്ടി വക്താവ് സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു.

പ്രത്യയശാസ്ത്രമില്ലാത്തതും വ്യത്യസ്തമായ സമീപനങ്ങളുള്ളതുമായ പ്രാദേശിക പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി കോൺഗ്രസ് ആർഎസ്എസിന്റെ ആക്രമണത്തിനെതിരെ പ്രത്യയശാസ്ത്രപരമായ ചെറുത്തുനിൽപ്പ് നടത്തുകയാണെന്ന് ചിന്തൻ ശിബിരത്തിൽ സംസാരിച്ച രാഹുൽ പറഞ്ഞിരുന്നു.

കോൺഗ്രസിന്റെ മറ്റൊരു സഖ്യകക്ഷിയായ ആർജെഡിയും രാഹുലിന്റെ പ്രസ്താവനയെ “നിർഭാഗ്യകരം” എന്ന് വിശേഷിപ്പിച്ചു. ബി.ജെ.പിക്കെതിരായ തിരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഫലത്തെക്കുറിച്ച് മുൻ കോൺഗ്രസ് അധ്യക്ഷൻ ശ്രദ്ധിച്ചിരുന്നെങ്കിൽ, അത്തരം പ്രാദേശിക സംഘടനകൾ കൊണ്ടുവരുന്ന പ്രത്യയശാസ്ത്രവും തിരഞ്ഞെടുപ്പ് പ്രതിബദ്ധതയും അദ്ദേഹം തിരിച്ചറിയുമായിരുന്നുവെന്ന് ആർജെഡി എംപി മനോജ് ഝാ പറഞ്ഞു. .

കോൺഗ്രസിനുള്ള ആർജെഡി നേതാവ് തേജസ്വി യാദവിന്റെ ഉപദേശം ഝാ ആവർത്തിച്ചു: “ബിജെപിയും കോൺഗ്രസും നേരിട്ടുള്ള പോരാട്ടത്തിലുള്ളത് 220-225 സീറ്റുകളാണ്. കോൺഗ്രസ് മറ്റ് ഇടങ്ങൾ പ്രാദേശിക പാർട്ടികൾക്ക് വിട്ടുകൊടുത്ത് സഹയാത്രികർ എന്ന ആശയത്തിൽ ഉറച്ചുനിൽക്കണം.

കോൺഗ്രസിന്റെ സഖ്യകക്ഷിയായ ഡിഎംകെയുടെ നേതാക്കൾ വിഷയത്തിൽ പ്രതികരിച്ചില്ല. പാർട്ടി നേതൃത്വത്തിന്റെ നിലപാടിനായി കാത്തിരിക്കുകയാണെന്ന് പലരും സൂചിപ്പിച്ചു.

അടുത്തിടെ മറ്റൊരു സഖ്യകക്ഷിയായ സി.പി.എം, “മൃദു ഹിന്ദുത്വ” ത്തോട് ആഭിമുഖ്യം പുലർത്തുന്നതിനാൽ പ്രത്യയശാസ്ത്രത്തിന്റെ പ്രതിസന്ധി കോൺഗ്രസിനാണെന്നും ബിജെപി ഉയർത്തുന്ന വെല്ലുവിളികൾ ഏറ്റെടുക്കാൻ അവർക്ക് കഴിയുന്നില്ലെന്നും പറഞ്ഞിരുന്നു. “പണ്ടത്തെ അപേക്ഷിച്ച് ഇന്ന് കോൺഗ്രസ് ഗണ്യമായി ദുർബലമായിരിക്കുന്നു. ബിജെപിയിലും ആർഎസ്എസിലും ഉള്ള പലരും കോൺഗ്രസിനെ വലിയ ഭീഷണിയായി കാണുന്നില്ല. കാരണം, അതിന്റെ ഏത് നേതാക്കൾക്കും, ഏത് സമയത്തും പാർട്ടി വിട്ട് ബിജെപിയിൽ ചേരാം,” സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കൊച്ചിയിൽ നടന്ന പാർട്ടി സമ്മേളനത്തിൽ പറഞ്ഞു

ബി.ജെ.പിയെ ഒന്നിലധികം തോൽവികൾ ഏൽപ്പിച്ച ടി.എം.സി.യും എ.എ.പി.യും കൂടുതൽ മൂർച്ചയുള്ളവരായിരുന്നു. ആഖ്യാനവും മുഖവും സംഘടനയും ഇല്ലാത്ത കോൺഗ്രസാണ് ഇരു പാർട്ടികളും നേർക്കുനേർ വരുന്ന ഇടങ്ങളിൽ ബിജെപിക്ക് സീറ്റുകൾ വിട്ടുനൽകുന്നതെന്ന് ടിഎംസി രാജ്യസഭാ എംപി സുസ്മിത ദേവ് പറഞ്ഞു.

“ഞങ്ങൾ എല്ലാ സീറ്റിലും മത്സരിക്കുന്നില്ല, എന്നാൽ കോൺഗ്രസ് പ്രാഥമിക പ്രതിപക്ഷമായിരിക്കുന്നിടത്തെല്ലാം ബിജെപി ശക്തമാണ്. എം കെ സ്റ്റാലിൻ (തമിഴ്നാട്), മമത ബാനർജി (പശ്ചിമ ബംഗാൾ), വൈ എസ് ജഗൻ മോഹൻ റെഡ്ഡി (ആന്ധ്രപ്രദേശ്) എന്നിവരെ പരാജയപ്പെടുത്താൻ ബിജെപിക്ക് കഴിഞ്ഞില്ല. അങ്ങനെ നോക്കുമ്പോൾ, കോൺഗ്രസ് ദേശീയ പാർട്ടിയായതിൽ ബിജെപി സന്തോഷിക്കുന്നു, കാരണം അത് അവർക്ക് അനുയോജ്യമാണ്. ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിന് കഴിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം,” കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കോൺഗ്രസ് വിട്ട ദേവ് പറഞ്ഞു.

വർഗീയ ശക്തികളെ ചെറുക്കാനുള്ള അവസ്ഥയിലാണെന്ന് കോൺഗ്രസ് എങ്ങനെയാണ് കരുതുന്നതെന്ന് എഎപി ചോദിക്കുന്നു. “കോൺഗ്രസിനെ അധികാരത്തിലെത്തിച്ച മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ പോലും അതിന്റെ സ്ഥാനാർത്ഥികൾ സ്വയം വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ്. യുപി, തമിഴ്നാട് തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളിൽ പാർട്ടിക്ക് സാന്നിധ്യമില്ല. എന്താണ് ദേശീയവും പ്രാദേശികവും? വർഷങ്ങളായി എസ്പി, ഡിഎംകെ തുടങ്ങിയ പാർട്ടികളുടെ ജൂനിയർ പാർട്ണറാണ്,” എഎപി രാജ്യസഭാ എംപി സഞ്ജയ് സിംഗ് പറഞ്ഞു.

“രാഹുൽ ഗാന്ധി ആദ്യം ഇന്ത്യയിലുടനീളമുള്ള തന്റെ പാർട്ടിയുടെ അവസ്ഥ പരിഗണിക്കണം, അതിനുശേഷം അത്തരം അഭിപ്രായങ്ങൾ പറയണം… , ” എന്ന് തെലങ്കാന രാഷ്ട്ര സമിതിയുടെ മുതിർന്ന നേതാവും മന്ത്രിയുമായ തലസാനി ശ്രീനിവാസ് യാദവ് പറഞ്ഞു:

“ആന്ധ്രപ്രദേശിൽ ഒരു ദേശീയ പാർട്ടിയായ കോൺഗ്രസിനെ ഞങ്ങൾ തകർത്തില്ലേ? ഒരു ദേശീയ പാർട്ടിയെ തോൽപിക്കാൻ കഴിയുമെങ്കിൽ മറ്റേതൊരു ദേശീയ പാർട്ടിയെയും നേരിടാൻ ഞങ്ങൾ ശക്തരാണ്. ബി.ജെ.പിയെ ആര് നേരിടണമെന്ന് തീരുമാനിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കോൺഗ്രസ്. വാസ്തവത്തിൽ, പ്രാദേശിക പാർട്ടികൾക്ക് മാത്രമേ ബിജെപിയെ എതിർക്കാൻ കഴിയൂ എന്ന് ഞങ്ങൾ കരുതുന്നു,” വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ ഒരു നേതാവ് പറഞ്ഞു.

“പ്രാദേശിക പാർട്ടികൾ അവരുടെ സംസ്ഥാനങ്ങളിൽ കാണിക്കുന്ന നേട്ടങ്ങൾ ഈ പാർട്ടികളുടെ ഫലപ്രാപ്തിയുടെ തെളിവാണ്. ഡൽഹി മുതൽ കേരളം വരെ പ്രാദേശിക പാർട്ടികളെ ജനങ്ങൾ വിശ്വസിക്കുകയും കൂടുതൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകുകയും ചെയ്യുന്നു,” ബിജെഡി വക്താവ് ലെനിൻ മൊഹന്തി പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Congress chintan shivir rahul gandhi regional leaders