പട്‌ന: കോൺഗ്രസ് സ്ഥാനാർഥിയും നടനുമായ ശത്രുഘ്‌നൻ സിൻഹയ്ക്ക് 112.22 കോടിയുടെ ആസ്തി. നാമനിർദേശ പത്രികയ്ക്ക് ഒപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് സിൻഹ ഇക്കാര്യം വ്യക്തമാക്കിയത്. കോൺഗ്രസ് സ്ഥാനാർഥി സിൻഹ പട്‌ന സാഹിബ് നിയോജക മണ്ഡലത്തിൽന്നാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്.
മൂന്നു ദശാബ്ദത്തോളം ബിജെപിക്കൊപ്പം പ്രവർത്തിച്ചശേഷം അടുത്തിടെയാണ് സിൻഹ കോൺഗ്രസിൽ ചേർന്നത്. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെയാണ് സിൻഹ തിരഞ്ഞെടുപ്പിൽ നേരിടുന്നത്. തിങ്കളാഴ്ചയാണ് സിൻഹ നാമനിർദേശ പത്രിക സമർപ്പിച്ചത്. പട്‌ന സാഹിബ് നിയോജക മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുളള അവസാന തീയതിയായിരുന്നു ഇന്നലെ. മേയ് 19 നാണ് ഇവിടെ വോട്ടെടുപ്പ്.
Read: ‘ബിജെപി വിടുന്നത് കഠിനമായ ഹൃദയവേദനയോടെ’; ശത്രുഘ്‌നൻ സിൻഹ കോൺഗ്രസിൽ ചേർന്നു
പണമായി തന്റെ കൈയ്യിൽ 4,58,232 രൂപയും ഭാര്യയുടെ കൈവശം 5,95, 366 രൂപയും ഉണ്ടെന്ന് സിൻഹ സത്യവാങ്മൂലത്തിൽ പറയുന്നു. ബാങ്കിൽ സ്ഥിര നിക്ഷേപമായി 2.74 കോടിയുണ്ട്. ഷെയറുകളിലും ബോണ്ടുകളിലും മ്യൂച്വൽ ഫണ്ടുകളിലുമായി 29.10 ലക്ഷം നിക്ഷേപമുണ്ട്. 1.03 കോടി വില വരുന്ന സ്വർണം, വെളളി, അമൂല്യ കല്ലുകൾ എന്നിവയും കൈവശമുണ്ട്.
ഒരു അംബാസഡർ, രണ്ടു കാമറി, ഒരു ഫോർചുണർ, ഇന്നോവ, മാരുതി സിയാസ്, സ്കോർപിയോ അടക്കം 7 കാറുകൾ കൈവശമുണ്ട്. ഇവയുടെ മൂല്യം 14.80 ലക്ഷമാണ്.

ശത്രുഘ്‌നൻ സിൻഹയുടെയും ഭാര്യ പൂനം സിൻഹയുടെയും പേരിൽ വായ്‌പകൾ ഒന്നുമില്ല. പക്ഷേ മകളും നടിയുമായ സൊനാക്ഷി സിൻഹയ്ക്ക് കോടികൾ നൽകാനുണ്ട്. 2019 മാർച്ചുവരെ ശത്രുഘ്‌നൻ സിൻഹ മകൾക്ക് 10.59 കോടിയും ഭാര്യ പൂനം 16.18 കോടിയും നൽകാനുണ്ട്. സിൻഹയുടെ വാർഷിക വരുമാനത്തിൽ കുറവുളളതായാണ് സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്. 2015-16 ൽ 1,28,38,400 ആയിരുന്നു സിൻഹയുടെ വാർഷിക വരുമാനം. എന്നാൽ 2018-19 ൽ ഇത് 63,87,233 ആയി കുറഞ്ഞിട്ടുണ്ട്.
അതേസമയം, സിൻഹയുടെ എതിരാളിയായ രവിശങ്കർ പ്രസാദിനും ഭാര്യയ്ക്കും കുറവ് ആസ്തിയാണുളളത്. പ്രസാദിന് 22.09 കോടിയുടെ സ്വത്തുവകകളാണ് ഉളളത്. ഭാര്യ മായ ശങ്കറിന് 1.43 കോടിയുടെ സ്വത്തുണ്ട്. ഇരുവർക്കും വായ്‌പകളൊന്നുമില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
ടൊയോട്ടോ പോർചുണർ, ഹോണ്ട അകോർഡ്, സ്കോർപിയോ എസ്‌യുസി എന്നിങ്ങനെ മൂന്നു വാഹനങ്ങളാണ് പ്രസാദിനുളളത്. ഇവയുടെ ആകെ വില 48,70,513 രൂപയാണ്. ഭാര്യയ്ക്ക് 11.50 ലക്ഷം വിലയുളള ഒരു ഹോണ്ട സിറ്റി കാറുണ്ട്. മായ ശങ്കറിന്റെ പക്കൽ 17.05 ലക്ഷം വില വരുന്ന 550 ഗ്രാം സ്വർണമുണ്ട്. പ്രസാദിന്റെ പക്കൽ 62,400 രൂപ വില വരുന്ന 20 ഗ്രാം സ്വർണമാണുളളത്.