രാജ്കോട്ട്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ എതിർ സ്ഥാനാർഥിയും കോൺഗ്രസ് നേതാവുമായ ഇന്ദ്രനീൽ രാജ്യഗുരു അറസ്റ്റിൽ. തിരഞ്ഞെടുപ്പു ക്യാംപെയിനുകൾക്കിടെ ഇന്ദ്രനീലിന്റെ സഹോദരനെ അജ്ഞാതർ മർദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാർട്ടി പ്രവർത്തകർക്കൊപ്പം ചേർന്ന് നടത്തിയ പ്രതിഷേധത്തിനിടെയാണ് അറസ്റ്റ്.

ഇന്ദ്രനീലിന്‍റെ സഹോദരൻ ദീപു രാജ്യഗുരുവിനെയാണ് അജ്ഞാതർ മർദിച്ചത്. സംഭവത്തേക്കുറിച്ച് പരാതി നൽകുന്നതിനു പൊലീസ് സ്റ്റേഷനിലെത്തിയ ഇന്ദ്രനീൽ അക്രമികൾക്കെതിരെ അടിയന്തര നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ അന്വേഷണം ഊർജ്ജിതമാക്കാമെന്ന ഉറപ്പ് അംഗീകരിക്കാൻ അദ്ദേഹം തയാറായില്ല. നടപടി ഉടൻ വേണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹവും പ്രവർത്തകരും സ്റ്റേഷനു മുന്നിലെ നിരത്തിൽ കുത്തിയിരുപ്പാരംഭിച്ചു.

ഇതേത്തുടർന്നാണ് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിനും അതേക്കുറിച്ച് പരാതി നല്കാനെത്തിയവരുടെ അറസ്റ്റിന് വഴിവച്ചതെന്നും കോൺഗ്രസ് സംസ്ഥാന ഘടകം ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ