ന്യൂഡല്‍ഹി: മൂന്നാംഘട്ട സാമ്പത്തിക ഉത്തേജക പദ്ധതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന് വിമര്‍ശനവുമായി കോണ്‍ഗ്രസ്. സാമ്പത്തികമാന്ദ്യം കൈകാര്യം ചെയ്യുന്നതില്‍ വ്യക്തതയില്ലാത്തയാളാണ് ധനമന്ത്രിയെന്നും ചില മുഖം മിനുക്കലുകള്‍ മാത്രമാണ് ഇപ്പോള്‍ നടത്തുന്നതെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം.

പ്രതിസന്ധി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ധനമന്ത്രിക്ക് ധാരണയില്ലെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ ആരോപിച്ചു. ”ഇന്ന് പ്രഖ്യാപിച്ച നടപടികള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയില്ല, അവ പൂര്‍ണ്ണമായും മുഖം മിനുക്കുന്നതിന് മാത്രമാണ്. അതുമാത്രമല്ല ഇതിലൂടെ കേന്ദ്രസര്‍ക്കാരിന്റെ ധാര്‍ഷ്ട്യവും ഗൗരവമായി പരിഗണിക്കേണ്ടതിനെ നിസ്സാരവല്‍ക്കരിച്ചെന്നുമാണ് മനസ്സിലാവുന്നതെന്നും” അനില്‍ ശര്‍മ പറഞ്ഞു.

നേരത്തെ രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു. രാജ്യത്ത് സാമ്പത്തിക മാന്ദ്യം രൂക്ഷമായിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളുടേയും മറ്റും സാഹചര്യത്തിലാണ് ധനമന്ത്രിയുടെ പത്രസമ്മേളനം.

Read More: സാമ്പത്തിക പ്രതിസന്ധി: പണപ്പെരുപ്പം നിയന്ത്രണ വിധേയം, നികുതി സംവിധാനം പരിഷ്‌കരിക്കുമെന്ന് ധനമന്ത്രി

പണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെ നിലനിര്‍ത്താന്‍ സാധിച്ചെന്നും അവര്‍ പറഞ്ഞു. അതേസമയം, നിക്ഷേപ നിരക്ക് കൂടുന്നുണ്ടെന്നും സാമ്പത്തിക മേഖല ശക്തിപ്പെടുന്നുണ്ടെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. നിര്‍മല പരിഷ്‌കരണ നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

ഈ മാസം 19 ന് പൊതുമേഖലാ ബാങ്ക് മേധാവികളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. കയറ്റുമതി മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ചെറിയ നികുതി കുറ്റങ്ങളെ പ്രോസിക്ക്യൂട്ട് ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കുമെന്നും നിര്‍മല പറഞ്ഞു. നികുതി നടപടികള്‍ ഇനി ഇ-ഫയലിങ്ങിലൂടെ മാത്രമായിരിക്കും. കയറ്റുമതിയ്ക്ക് വായ്പ നല്‍കുന്ന ബാങ്കുകള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കുമെന്നും അവര്‍ അറിയിച്ചു.

ദുബായ് ഫെസ്റ്റിവല്‍ മാതൃകയില്‍ നാല് കേന്ദ്രങ്ങളില്‍ വാര്‍ഷിക മെഗാ ഷോപ്പിങ് ഫെസ്റ്റിവല്‍ നടത്തുമെന്നും നിര്‍മല സീതാരാമന്‍ അറിയിച്ചു. കയറ്റുമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആര്‍ബിഐ പ്രസിദ്ധീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ജിഎസ്ടി, ഐടി റീഫണ്ട് സംവിധാനം ഈ മാസം അവസാനം മുതല്‍. ബാങ്കുകളില്‍ നിന്നും കൂടുതല്‍ വായ്പ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook