റിയാദ് : പകല്‍ കോണ്‍ഗ്രസും രാത്രി ആര്‍.എസ്എ.സ്സു യുമായി നടക്കുന്നവരെ പാര്‍ട്ടിക്ക് വേണ്ടെന്ന് അടുത്തിടെ, എ കെ ആന്റണി പറഞ്ഞതിനെ പൂർണ്ണമായി തള്ളാനില്ലന്നും.അതിൽ അർദ്ധ സത്യമുണ്ടെന്നും ശബരീനാഥ് എം.എൽ.എ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതെ സമയം ആന്റണിയയുടെ പ്രസ്താവനയോട് പൂർണ്ണമായ യോജിപ്പില്ല എന്നാൽ പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പാരമ്പര്യമുള്ള ഒരാൾ അങ്ങിനെ പറഞ്ഞട്ടുണ്ടെങ്കിൽ അതിലെ ശരിയും തെറ്റും വിലയിരുത്താൻ ഞാൻ ആളല്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.റിയാദ് ഒ.ഐ.സി.സി തിരുവനതപുരം ജില്ലാ കമ്മറ്റിയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
അമ്പലക്കമ്മിറ്റിയിലും,പള്ളിക്കമ്മിറ്റിയിലും തുടങ്ങി സമൂഹത്തിന്റെ സാമൂഹിക സാംസാകാരിക മത രംഗങ്ങളിലെല്ലാം കോൺഗ്രസ്സ് പ്രവർത്തകൻ സാന്നിധ്യം അറിയിക്കണം. ബി.ജെ.പിയുടെ ഭരണം ജനങ്ങൾക്ക് മടുത്തു തുടങ്ങിയെന്നും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വൻ തിരിച്ചു വരവുണ്ടാകും. വലിയ രാജ്യ സ്നേഹവും രാഷ്ട്രീയ സുതാര്യതയും അവകാശപ്പെടുന്നവർ തന്നെയാണ് രാഷ്ട്രീയ കുതിര കച്ചവടം നടത്തുന്നതെന്നും ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മണിപ്പൂരിൽ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുന്നതിന് ഇറോം ശർമിളക്ക് 36 കോടി രൂപ വാഗ്ദാനം ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
തമിഴ് രാഷ്ട്രീയത്തിൽ ശശികല പൂർണ്ണമായ തെറ്റും പനനീർ സെൽവം മുഴുവൻ ശരിയുമാണെന്ന് പറയുന്നത് ശരിയല്ല. തമിഴ് രാഷ്ട്രീയത്തിൽ കോൺഗ്രസ്സിന് വലിയ പങ്ക് വഹിക്കാനുണ്ടെന്നും ദേശീയ നേതൃത്വം അതിനായി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. പൊതു സമൂഹവുമായി സംവദിക്കാൻ ഏറ്റവും നല്ല മാർഗ്ഗമാണ് സോഷ്യൽ മീഡിയ. എന്നാൽ ഇന്നത് ഇരിട്ടിലിരുന്ന് കല്ലെറിയുന്നവരുടെ കപട ലോകമായി മാറിയെന്നും, എന്തിനും ട്രോളുമായി വരുന്ന ഒരു കൂട്ടം പരിഹാസ സംഘങ്ങൾക്കിടയിൽ ബുദ്ധിപരമായ ചർച്ചകൾക്കോ ഇടപെടലിനോ അവിടെ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
യുവ തലമുറയെ പാർട്ടിയിലേക്കടുപ്പിക്കനാണ് താനുൾപ്പടെയുള്ള യുവ എം.എൽ.എ മാർ ശ്രമിക്കുന്നത്. പ്രധാനപ്പെട്ട പല സമരങ്ങളെയും ഹൈജാക്ക് ചെയ്ത് ലോ കോളേജ് സമരം മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിച്ചതിൽ കാര്യങ്ങൾ പലതുണ്ടെന്നും അതിപ്പോൾ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു . എസ്.പി ഷാനവാസ്,നിഷാദ് ആലങ്കോട്,തൽഹത്ത് പുവച്ചിൽ,വിജയൻ നെയ്യാറ്റിൻകര,ഷാജഹാൻ താജ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
റിപ്പോർട്ട് : നൗഫൽ പാലക്കാടൻ