കന്യാകുമാരി: ഇന്ത്യന്‍ പതാക ഏതെങ്കിലും പ്രത്യേക സമുദായത്തിന്റെയോ പാര്‍ട്ടിയുടെയോ അല്ലെന്നും അത് നമുക്കെല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം പി. ഇന്ത്യയെ ഒരുമിച്ചുനിര്‍ത്താന്‍ പ്രവര്‍ത്തികേണ്ടതുണ്ടെന്നു ദശലക്ഷക്കണക്കിന് ആളുകള്‍ക്കു തോന്നുന്നതായും അദ്ദേഹം പറഞ്ഞു.
തമിഴ്നാട് സന്ദര്‍ശിക്കുന്നത് എപ്പോഴും സന്തോഷകരമാണ്. ഈ നാടുമായുള്ള എന്റെ ബന്ധം നിങ്ങള്‍ക്കറിയാം. ഈ മനോഹരമായ സ്ഥലത്തുനിന്നു ഭാരത് ജോഡോ യാത്ര ആരംഭിക്കാന്‍ തീരുമാനിച്ചതില്‍ അതിയായ സന്തോഷമുണ്ട്. കോണ്‍ഗ്രസിനു മാത്രമല്ല, ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഭാരത് ജോഡോ യാത്രയുടെ ആവശ്യകത തോന്നുന്നുണ്ട്. രാജ്യത്തെ ജനങ്ങളുടെ വിവേകമറിയുകയെന്നതാണ് ഞങ്ങളുടെ ഉദ്ദേശം. ഈ രാജ്യത്തെ വിഭജിക്കാന്‍ കഴിയില്ല, അത് എല്ലായ്പ്പോഴും ഒറ്റക്കെട്ടായി തുടരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രാജ്യം ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ജി എസ് ടി, നോട്ട് നിരോധനം, മൂന്ന് കാര്‍ഷിക നിയമങ്ങള്‍ തുടങ്ങിയവ കുറച്ച് വന്‍കിട സംരംഭകര്‍ക്കുവേണ്ടി മാത്രം ആവിഷ്‌കരിച്ചതാണ്. കര്‍ഷകരെയും തൊഴിലാളികളെയും ചെറുകിട ബിസിനസുകാരെയും ബി ജെ പി സര്‍ക്കാര്‍ ആസൂത്രിതമായി തകര്‍ത്തു.
ഒരുകാലത്ത് ഇന്ത്യയെ നിയന്ത്രിച്ചത് ഈസ്റ്റ് ഇന്ത്യ കമ്പനിയായിരുന്നെങ്കില്‍ ഇന്ന് രാജ്യത്തെ മുഴുവന്‍ നിയന്ത്രിക്കുന്നത് മൂന്ന-നാല് വന്‍കിട കമ്പനികളാണ്. അവരുടെ പിന്തുണയില്ലാതെ ഒരു ദിവസത്തേക്കുപോലും പ്രധാനമന്ത്രിക്കു നിലനില്‍പ്പില്ല.
സി ബി ഐയെയും ഇ ഡിയെയും ഐ ടിയെയും ഉപയോഗിച്ച് പ്രതിപക്ഷത്തെ ഭയപ്പെടുത്താമെന്നാണ് ബി ജെ പി കരുതുന്നത്. അവര്‍ക്ക് ഇന്ത്യന്‍ ജനതയെ മനസിലാകുന്നില്ലെന്നതാണ് പ്രശ്നം. ഒരു പ്രതിപക്ഷ നേതാവും ബി ജെ പിയെ ഭയപ്പെടാന്‍ പോകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയ്ക്കു തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി എം കെ നേതാവുമായി എം കെ സ്റ്റാലിന്‍ ദേശീയപതാക കൈമാറി. കന്യാകുമാരി മുതൽ കശ്മീർ വരെ 12 സംസ്ഥാനങ്ങളിലൂടെ അഞ്ചു മാസം നീളുന്ന പദയാത്രയായാണ് ഭാരത് ജോഡോയിലൂടെ ലക്ഷ്യമിടുന്നത്.
3,570 കിലോമീറ്റർ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം 100-ലധികം ഭാരത് യാത്രികർ പങ്കെടുക്കും. സ്വതന്ത്ര ഇന്ത്യയിൽ ഇതുവരെ നടന്നിട്ടില്ലാത്ത ജനസമ്പർക്ക പരിപാടിയായാണ് യാത്രയെ കോൺഗ്രസ് ഉയർത്തിക്കാട്ടുന്നത്. കോൺഗ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ യാത്ര തത്സമയം സംപ്രേക്ഷണം ചെയ്യും.
ഉച്ചയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രാഹുല്‍ തുടര്‍ന്നു ഹെലികോപ്റ്ററിലാണു കന്യാകുമാരിയിലേക്കു തിരിച്ചത്. അദ്ദേഹത്തെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും എംപിയും അഭിവാദ്യം ചെയ്തു. തുടർന്ന് തിരുവള്ളുവര്‍, വിവേകാനന്ദ, കാമരാജ് സ്മാരകങ്ങൾ രാഹുൽ ഗാന്ധി സന്ദര്‍ശിച്ചു.
വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയത്തിൽ തന്റെ പിതാവിനെ നഷ്ടപ്പെട്ടുവെന്നും തന്റെ പ്രിയപ്പെട്ട നാടിനെ നഷ്ടപ്പെടാൻ അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. സ്നേഹം വെറുപ്പിനെ കീഴടക്കും. പ്രതീക്ഷ ഭയത്തെ പരാജയപ്പെടുത്തും. വെല്ലുവിളികളെ ഒരുമിച്ച് നമ്മൾ മറികടക്കുമെന്നും രാഹുൽ പറഞ്ഞു.
യാത്രക്ക് മുന്നോടിയായി ശ്രീപെരുംപുത്തൂരിലെ രാജീവ് ഗാന്ധിയുടെ സ്മൃതിമണ്ഡപത്തില്‍ രാഹുൽ ഗാന്ധി പുഷ്പാർച്ചന നടത്തിയിരുന്നു. ഇതിന്റെ ചിത്രം പങ്കുവച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.