ദിസ്പുർ: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി അസമിൽ കോൺഗ്രസും ഇടതുപക്ഷവും അടക്കം അഞ്ച് കക്ഷികള്‍ ചേർന്ന് ‘മഹാസഖ്യ’ത്തിന് രൂപം നൽകി. മാർച്ച് – ഏപ്രിൽ മാസങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി പാർട്ടി എ.യു.യു.ഡി.എഫിനൊപ്പം പോകുമോ എന്ന അഭ്യൂഹങ്ങൾക്കാണ് ഇതോടെ അറുതിവരുന്നത്. എന്നാൽ സഖ്യം മുഖ്യമന്ത്രി സ്ഥാനാർത്ഥിയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല.
സിപിഐ, സിപിഐ (എം), സിഐപി (എംഎൽ), എയുയുഡിഎഫ്, അഞ്ചാലിക് ഗണ മോർച്ച (എജിഎം) എന്നിവരാണ് കോൺഗ്രസിനൊപ്പമുള്ള അഞ്ച് സഖ്യങ്ങൾ.
“രാജ്യ താത്പര്യത്തിനായി വര്‍ഗീയ കക്ഷികളെ പുറത്താക്കാൻ ലക്ഷ്യമിടുന്ന കോൺഗ്രസ് സമാന ചിന്താഗതിയുള്ള രാഷ്ട്രീയപാർട്ടികളെ ഒപ്പം നിർത്താൻ തീരുമാനിച്ചു,” എന്ന് ചൊവ്വാഴ്ച ഗുവാഹത്തിയിൽ നടന്ന പത്രസമ്മേളനത്തിൽ അസം കോൺഗ്രസ് അധ്യക്ഷൻ റിപുൻ ബോറ പറഞ്ഞു.
അഞ്ച് പാർട്ടികളുടെ നേതാക്കളും ചൊവ്വാഴ്ച ബഗേലിനൊപ്പം പാർട്ടി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്നിക്, ജിതേന്ദ്ര സിംഗ് എന്നിവരുമായി ചർച്ച നടത്തിയതായി ബോറ പറഞ്ഞു.
“വരുന്ന അസം നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പുറത്താക്കാൻ നാമെല്ലാവരും ഒരുമിച്ച് പോരാടുമെന്ന നിഗമനത്തിലാണ് ഞങ്ങൾ. അതേസമയം, അസമിലെ മറ്റു പ്രാദേശിക പാർട്ടികൾക്കും ബിജെപി വിരുദ്ധകക്ഷികൾക്കുമായി സഖ്യത്തിന്റെ വാതിലുകൾ എപ്പോഴും തുറന്നിടും,” ബോറ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ വൻ പ്രക്ഷോഭം സംഘടിപ്പിച്ച അസം ജാട്ടിയ പരിഷത്, റായ്ജോർ ദാൽ എന്നീ പ്രാദേശിക പാർട്ടികളുമായും കോൺഗ്രസ് ചർച്ച നടത്തിയിരുന്നു. സഖ്യം രൂപീകരിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ച് കക്ഷികൾ തീരുമാനത്തിലെത്തിയിട്ടില്ലെന്നാണ് സൂചന.
എന്നാൽ, സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരായിരിക്കും എന്നതിനെക്കുറിച്ച് സഖ്യ അംഗങ്ങൾ നിശബ്ദരാണ്. എല്ലാ ചോദ്യങ്ങൾക്കും ഒരൊറ്റ ദിവസം തന്നെ ഉത്തരം നൽകാനാകില്ലെന്ന് മുകുൾ വാസ്നിക് പറഞ്ഞു.
“നിങ്ങൾക്ക് അസമിനെ രക്ഷിക്കണമെങ്കിൽ, അസമിലെ യുവാക്കളെ അവരുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കാൻ സഹായിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ അസമിന്റെ വികസനം ആഗ്രഹിക്കുന്നെങ്കിൽ, നാം ഒന്നിച്ചു നിന്ന് തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് ഞങ്ങൾ ആറുപാർട്ടികളും നിങ്ങളോട് അഭ്യർഥിക്കുകയാണ്,” കോൺഗ്രസ് ജനറൽ സെക്രട്ടറി സിംഗ് പറഞ്ഞു.