ന്യൂഡൽഹി: ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി നിലപാടെടുത്തതോടെ ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നീക്കം സജീവമായി. കോൺഗ്രസിനൊപ്പം നാല് പാർട്ടികളാണ് ഇംപീച്ച്മെന്റ് നീക്കത്തിനായി മുന്നോട്ട് വന്നിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, രാജ്യസഭ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവിനെ കാണും. 67 അംഗങ്ങൾ ഒപ്പിട്ട ഇംപീച്ച്മെന്റ് നൊട്ടീസ് അദ്ദേഹം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൈമാറിയേക്കുമെന്നാണ് വിവരം.
ഇതുമായി ബന്ധപ്പെട്ട ഗുലാം നബി ആസാദ് ഇന്നലെ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചുചേർത്തിരുന്നു. യോഗത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും അദ്ദേഹം ബന്ധപ്പെട്ടു. പാർട്ടി കോൺഗ്രസ് നടക്കുന്നതിനാൽ തനിക്കോ മറ്റേതെങ്കിലും അംഗങ്ങൾക്കോ പങ്കെടുക്കാൻ സാധിക്കില്ലെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം. അതേസമയം ഇംപീച്ച്മെന്റ് നീക്കത്തിന് സിപിഎമ്മിന്റെ പൂർണ പിന്തുണയും കോൺഗ്രസിനുണ്ട്.
സിപിഎമ്മിന് പുറമേ സിപിഐ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, രാഷ്ട്രീയ ജനതദൾ എന്നിവരാണ് ഇംപീച്ച്മെന്റിന് പിന്തുണ നൽകിയിരിക്കുന്നത്. 50 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിൽ ഇംപീച്ച്മെന്റ് നോട്ടീസ് നൽകാം. നേരത്തേ തന്നെ 65 അംഗങ്ങളുടെ പിന്തുണ കോൺഗ്രസ് നേടിയിരുന്നു. കൂടുതൽ കക്ഷികളുടെ പിന്തുണയ്ക്കായാണ് കാത്തിരുന്നത്.
ഇംപീച്ച്മെന്റ് നോട്ടീസ് സ്പീക്കർക്ക് അംഗീകരിക്കാനും തളളാനും സാധിക്കും. വ്യക്തമായ കാരണം ഇംപീച്ച്മെന്റിന് ആവശ്യമാണ്. ചീഫ് ജസ്റ്റിസിനെ പുറത്താക്കണമെങ്കിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷവും ആവശ്യമാണ്. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പാണെങ്കിലും പ്രതിപക്ഷ ഐക്യം സാധ്യമാക്കാൻ ഇതുകൊണ്ട് ചിലപ്പോൾ സാധിച്ചേക്കും.