ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും പ്രകാശ് കാരാട്ടും ഇന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോയില്‍ നിലപാട് വിശദീകരിക്കും. കോണ്‍ഗ്രസുമായി രാഷ്ട്രീയധാരണ വേണ്ടെന്ന നിലപാടില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് കാരാട്ട് പക്ഷം നിലപാടെടുത്തതോടെ പിബിയില്‍ തര്‍ക്കം തുടരുകയാണ്. കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലി കാരാട്ട് പക്ഷവുമായുള്ള തര്‍ക്കത്തിനിടെ സീതാറാം യച്ചൂരി നിലപാട് മയപ്പെടുത്തിയിരുന്നു.

കഴിഞ്ഞ കേന്ദ്ര കമ്മിറ്റി ഭിന്നത ഒഴിവാക്കാൻ ഒത്തുതീര്‍പ്പ് ഫോര്‍മുല എന്ന നിലക്ക് കേന്ദ്ര കമ്മിറ്റിയിലെ ചര്‍ച്ചകൂടി പരിഗണിച്ച് രേഖ പുതുക്കാൻ നിര‍്ദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് രേഖ തയ്യാറാക്കിയ ജന.സെക്രട്ടറി സീതാറാം യെച്ചൂരി കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യം പാടില്ലെന്ന പിബി ഭൂരിപക്ഷ നിലപാട് അംഗീകരിച്ചിരുന്നു.

ബൂര്‍ഷ്വ പാര‍്ടികളുമായി തെരഞ്ഞെടുപ്പ് മുന്നണിയോ സഖ്യമോ ഉണ്ടാക്കാതെ ആര്‍.എസ്.എസ് ബി.ജെ.പി സഖ്യത്തെ പരാജയപ്പെടുത്തുക എന്ന പ്രാഥമിക ലക്ഷ്യം നിറവേറ്റാൻ ഉചിതമായ തെരഞ്ഞെടുപ്പ് അടവുനയം രൂപീകരിക്കുമെന്നാണ് യെച്ചൂരിയുടെ രേഖയിലെ പ്രധാന നിര്‍ദ്ദേശം. സഖ്യമോ മുന്നണിയോ ഇല്ലാത്തപ്പോൾ തന്നെ അടവുനയത്തിനും ധാരണക്കും ഇടം നൽകുന്നതാണ് രേഖ.

ഇതിനെ പ്രതിരോധിക്കാൻ പ്രകാശ് കാരാട്ടും എസ്.രാമചന്ദ്രന്‍ പിള്ളയും നൽകിയ ബദൽ രേഖയിൽ അടവുനയമോ ധാരണയോ പോലും പാടില്ലെന്ന് നിര്‍ദ്ദേശിച്ചു. പാര്‍ടിയിലെ ഐക്യം കാത്തുസൂക്ഷിക്കണമെന്ന കേന്ദ്ര കമ്മിറ്റി വിലയിരുത്തലിന് വിരുദ്ധമാണ് കാരാട്ടിന്‍റെ നീക്കമെന്ന് യെച്ചൂരി പക്ഷം വാദിക്കുന്നു.

കോണ്‍ഗ്രസ് ചങ്ങാത്തം അനുവദിക്കണമെന്ന സിപിഎം ബംഗാള്‍ ഘടകത്തിന്റെയും യെച്ചൂരിയുടെയും നിലപാട് പാര്‍ട്ടി പോളിറ്റ് ബ്യൂറോ നേരത്തേയും തള്ളിയിരുന്നു. കോണ്‍ഗ്രസുമായോ പ്രാദേശിക ബൂര്‍ഷ്വാ പാര്‍ട്ടികളുമായോ സഖ്യം വേണ്ടെന്ന കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് നിര്‍ദ്ദേശത്തിനൊപ്പമാണ് പോളിറ്റ് ബ്യൂറോ. എന്നാല്‍ കോണ്‍ഗ്രസുമായുള്ള സഖ്യം അടഞ്ഞ അധ്യായമല്ലെന്നായിരുന്നു യെച്ചൂരിയുടെ നിലപാട്. കോൺഗ്രസ് ബന്ധം വേണ്ടെന്ന കാരാട്ടിന്റെ നിലപാടിനൊപ്പമാണ് കേരള ഘടകം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ