ന്യൂഡൽഹി: നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസുമായി യാതൊരു നീക്കുപോക്കും സ്വീകരിക്കേണ്ടെന്ന് സിപിഎം കേന്ദ്രകമ്മിറ്റി യോഗം. കേന്ദ്രകമ്മിറ്റി യോഗത്തിൽ 55 അംഗങ്ങൾ കോൺഗ്രസ് ബന്ധം വേണ്ടെന്ന് നിലപാടെടുത്തു. 31 പേരാണ് നീക്കുപോക്കാകാമെന്ന നിലപാട് സ്വീകരിച്ചത്.
ഇന്നലെ സമവായമുണ്ടാക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും കോൺഗ്രസ് വിരുദ്ധ ചേരി തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നതോടെ ഇത് നടക്കാതെ പോവുകയായിരുന്നു. യെച്ചൂരിയും ബംഗാൾ ഘടകവും മുന്നോട്ട് വയ്ക്കുന്ന സഹകരണ നിലപാടിനെ പ്രകാശ് കാരാട്ടും കേരള ഘടകവും ശക്തമായി എതിർത്തതാണ് രേഖ തള്ളാൻ കാരണം.
കോൺഗ്രസുമായി സഹകരണം സംബന്ധിച്ച് അനുകൂല നിലപാടുണ്ടാകാത്തത് ബംഗാൾ ഘടകത്തിനും അവരെ പിന്തുണച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും കൂടുതൽ പ്രതിരോധത്തിലാക്കി. ഈ സാഹചര്യം ഒഴിവാക്കാനായി ഇന്നലെ രാത്രി വൈകി പോളിറ്റ് ബ്യൂറോ യോഗം ചേർന്നെങ്കിലും സമവായം കണ്ടെത്താനായില്ല. സിപിഎം പോളിറ്റ് ബ്യൂറോയിലും തങ്ങളുടെ നിലപാടിൽ പ്രകാശ് കാരാട്ടും കേരളത്തിൽ നിന്നുളള പ്രതിനിധികളും ഉറച്ചുനിന്നതാണ് കാരണം.
ഇന്നലെ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത 61 അംഗങ്ങളില്‍ 31 പേര്‍ കോണ്‍ഗ്രസുമായി യാതൊരു സഹകരണവും പാടില്ലെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. അതേസമയം 26 പേർ നീക്കുപോക്കുകൾ വേണമെന്ന് ആവശ്യപ്പെട്ടു. നാലംഗങ്ങൾ ഇക്കാര്യത്തിൽ സമവായമാണ് ആവശ്യം എന്നാണ് പറഞ്ഞത്. എട്ട് സംസ്ഥാനങ്ങളാണ് ഇന്നലെ യെച്ചൂരി അവതരിപ്പിച്ച രേഖയ്ക്ക് ഒപ്പം നിന്നത്.
ഭൂരിപക്ഷം തങ്ങൾക്കാണെന്ന് ഉറപ്പായതോടെ ഇക്കാര്യത്തിൽ വോട്ടെടുപ്പിലേക്ക് പോകാമെന്ന് കോൺഗ്രസ് വിരുദ്ധ ചേരി ആവശ്യപ്പെട്ടു. വോട്ടെടുപ്പ് ഒഴിവാക്കാൻ സീതാറാം യെച്ചൂരി കിണഞ്ഞ് പരിശ്രമിച്ചു. രാത്രി വൈകിയും ഇതേ തുടർന്ന് പോളിറ്റ് ബ്യൂറോ യോഗം ചേർന്നു. എന്നാൽ കടുത്ത നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് എതിർപക്ഷവും വ്യക്തമാക്കിയതോടെയാണ് വോട്ടെടുപ്പിന് വഴിതെളിഞ്ഞത്.
അതേസമയം, വോട്ടെടുപ്പിൽ പരാജയപ്പെടുകയാണെങ്കിൽ രാജിവയ്ക്കാനുള്ള സന്നദ്ധത യെച്ചൂരി പോളിറ്റ് ബ്യൂറോയിൽ അറിയിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇക്കാര്യത്തിൽ എന്താണ് സംഭവിക്കാൻ പോവുന്നതെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
അതേസമയം, കോൺഗ്രസ് സഹകരണവുമായി ബന്ധപ്പെട്ട കാര്യം സിപിഎം പാർട്ടി കോൺഗ്രസിലും ചർച്ചയാകും. പാർട്ടി കോൺഗ്രസിൽ അനുകൂല നിലപാട് സ്വരൂപിക്കാനാവും യെച്ചൂരി പക്ഷം ശ്രമിക്കുക. ബംഗാളിൽ സിപിഎമ്മിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസുമായി സഖ്യത്തിന് ബംഗാൾ ഘടകം സമ്മർദ്ദം ചെലുത്തുന്നത്. ത്രിപുരയിലും നിലവിലെ പ്രതികൂല സാഹചര്യത്തിൽ കോൺഗ്രസ് പിന്തുണ കൂടി ഉറപ്പാക്കാൻ യെച്ചൂരി പക്ഷം വാദിച്ചു.