ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗികമായ ചിത്രം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസിന് നേട്ടം. ഛത്തീസ്ഗഡില്‍ 67 സീറ്റുകളെന്ന മൃഗീയ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് ഭരണം ഉറപ്പിച്ചു. അതേസമയം, മിസോറാമില്‍ ഭരണവിരുദ്ധവികാരം അലയടിച്ചപ്പോള്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമായി. ഇവിടെ മിസോ നാഷണല്‍ ഫ്രണ്ടാണ് 24 സീറ്റുകളോടെ ഭരണം ഉറപ്പിച്ചത്. രാജസ്ഥാനില്‍ കോണ്‍ഗ്രസിന് 101 സീറ്റുകളുടെ ഭൂരിപക്ഷം ബിജെപി 73 സീറ്റുകള്‍ നേടി. മറ്റുളളവര്‍ 21 സീറ്റുകള്‍ നേടിയത് നിര്‍ണായകമാണ്. അതേസമയം, മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ബിഎസ്പിക്ക് മൂന്ന് സീറ്റ് കിട്ടിയതും മറ്റുളളവര്‍ എട്ടോളം സീറ്റ് നേടിയതും നിര്‍ണായകമാണ്.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മികച്ച നേട്ടം തന്നെയാണ് ഉണ്ടാക്കിയത് എന്നതില്‍ തര്‍ക്കമില്ല. പാര്‍ലമെന്റിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും രാജ്നാഥ് സിങ് അടക്കമുളള ബിജെപി നേതാക്കളുടേയും ശരീരഭാഷ ഇത് ശരി വയ്ക്കുന്നതാണ്.

അതേസമയം, 15 വര്‍ഷമായി ബിജെപി ഭരിക്കുന്ന ചത്തീസ്ഗഡിനെ അടക്കം തിരികെ പിടിച്ച കോണ്‍ഗ്രസിന് ഈ നേട്ടം ആത്മവിശ്വാസം കൈവരിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഒരു ഇടവേളയ്ക്ക് ശേഷം ശക്തനായാണ് പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി തിരികെ എത്തിയതും. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ ചെറുതായി കണ്ട ഭരണപക്ഷത്തിനും ഇത് കണ്ണുതുറപ്പിക്കുന്നതാണ്. പഞ്ചാബ്, കര്‍ണാടക അടക്കമുളള സംസ്ഥാനങ്ങളില്‍ രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ജയിച്ചപ്പോള്‍ അത് സംസ്ഥാന നേതാക്കളുടെ നേട്ടമായാണ് ബിജെപി വിലയിരുത്തിയത്. രാഹുലിനെ മോദിയുടെ എതിരാളിയായി കാണാന്‍ പോലും ബിജെപി തയ്യാറായില്ല.

ബിജെപിയെ മാറ്റി ചിന്തിപ്പിക്കാന്‍ പോന്നതാണ് ഇന്നത്തെ കോണ്‍ഗ്രസിന്റെ നേട്ടം. കഴിഞ്ഞ വര്‍ഷം രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി തിരഞ്ഞെടുത്തപ്പോഴും പരിഹാസവുമായാണ് ബിജെപി രംഗത്തെത്തിയത്. പ്രതിപക്ഷത്തെ ഇനിയും അവഗണിക്കാനാവില്ലെന്ന തരിച്ചറിവാണ് മോദിയുടെ ഇന്നത്തെ പ്രതികരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. പാര്‍ലമെന്റില്‍ ഏത് വിഷയത്തിലും ചര്‍ച്ചയാകാം എന്ന് മോദി ഇന്ന് പ്രതികരിച്ചത് ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പിനെ കുറിച്ച് അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറാവുകയും ചെയ്തില്ല.

മുത്തലാഖ് ഉൾപ്പടെ 43 ബില്ലുകളാണ് പാർലമെന്റിൽ ശീതകാല സമ്മേളനത്തിൽ സഭയുടെ പരിഗണനയിൽ ഉള്ളത്. കഴിഞ്ഞ ഡിസംബറിൽ മുത്തലാഖുമായി ബന്ധപ്പെട്ട ബിൽ ലോക്സഭ പാസാക്കിയിരുന്നെങ്കിലും രാജ്യസഭ പാസാക്കിയിരുന്നില്ല. കൂടുതൽ ചർച്ചകൾക്കായി ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ അവശ്യം. കോണ്‍ഗ്രസ് തിരികെ ഗെയിമിലേക്ക് എത്തുമ്പോള്‍ ഈ ബില്ലുകളുടെ ഭാവിയും ഇനി ബിജെപിക്ക് ഒറ്റയ്ക്ക് തീരുമാനിക്കാനാവില്ല.

Election Results 2018 LIVE: Rajasthan | Madhya Pradesh | Chhattisgarh | Mizoram | Telangana Election Result 2018

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook