ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ നക്‌സല്‍ സംഘം നടത്തിയ ആക്രമണത്തില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. പുല്‍വാമ ഭീകരാക്രമണത്തില്‍ നിന്ന് മോദി സര്‍ക്കാര്‍ യാതൊന്നും പഠിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ആക്രമണങ്ങള്‍ തടയാനുള്ള മാര്‍ഗങ്ങളാണ് ആവശ്യം. അല്ലാതെ, പ്രസംഗങ്ങളും ക്ലാസുകളും അല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ പറഞ്ഞു.

Read More: Gadchiroli Naxal Attack: മാവോയിസ്റ്റ് ആക്രമണം: 15 സൈനികര്‍ കൊല്ലപ്പെട്ടു

പതിനഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരടക്കം 16 പേരാണ് നക്‌സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട ജവാന്‍മാരുടെ ഒപ്പം നില്‍ക്കുന്നു എന്നും അനുശോചനം രേഖപ്പെടുത്തു എന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. വീഴ്ച സമ്മതിച്ച് മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ആവശ്യപ്പെട്ടു. നക്‌സല്‍ ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചിരുന്നു.

‘കുര്‍ഖേഡ പൊലീസ് സ്റ്റേഷനില്‍ പോകുന്ന സംഘത്തിനു നേരെയാണ് ആക്രമണം നടന്നത്. സ്വകാര്യ വാഹനത്തില്‍ ഇവര്‍ പുരാഡ ഗ്രാമത്തിലേക്ക് പോകുകയായിരുന്നു. ഏകദേശം 12:30ഓടെയാണ് സംഭവം നടന്നത്. ആക്രമണത്തില്‍ നമ്മുടെ 15 ജവാന്മാരാണ് രക്തസാക്ഷികളായത്,’ ഗഡ്ചിറോളി ഡിഐജി അങ്കുഷ് ഷിന്‍ഡെ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

Read More: ഇന്ത്യയുടെ നയതന്ത്ര വിജയം; മസൂദ് അസര്‍ ആഗോള ഭീകരന്‍

മാവോയിസ്റ്റ് ബാധിത മേഖലയായ ഗഡ്ചിറോളിയില്‍ സേനാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം വിദൂരനിയന്ത്രിത സംവിധാനം ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. സ്ഫോടനത്തില്‍ വാഹനം പൂര്‍ണമായി തകര്‍ന്നു. ആക്രമണത്തിന് പിന്നാലെ മാവോയിസ്റ്റുകള്‍ സൈനികര്‍ക്ക് നേരെ വെടിവച്ചു. സംഭവ സ്ഥലത്ത് കൂടുതല്‍ സൈനികര്‍ എത്തിയെന്നും മാവോയിസ്റ്റുകളും സൈന്യവും തമ്മില്‍ സംഘര്‍ഷം തുടരുകയാണെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികര്‍ സഞ്ചരിച്ച വാഹനമാണ് അക്രമണത്തിനിരയായത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22ന് 40 മാവോയിസ്റ്റുകളെ വധിച്ചതിന്റെ വാര്‍ഷികത്തില്‍ പ്രതികാര നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.

അതേസമയം പ്രശ്ന ബാധിത പ്രദേശത്ത് കൂടി സഞ്ചരിക്കുമ്പോള്‍ വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. മേഖലയില്‍ കഴിഞ്ഞ ദിവസം സുരക്ഷാസേനയുടെ 27 വാഹനങ്ങള്‍ മാവോയിസ്റ്റുകള്‍ അഗ്‌നിക്കിരയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ ആക്രമണമുണ്ടായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook