ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തെ അമ്പരപ്പിച്ച നീക്കങ്ങളിലൂടെയാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ്സ് അധികാരം തിരിച്ച് പിടിച്ചത്. ഫലം പുറത്ത് വന്നതിന് പിന്നാലെ സോണിയാ ഗന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ ചടുലമായ നീക്കങ്ങളും കോടതിയില്‍ അര്‍ധരാത്രി നടത്തിയ നിയമ പോരാട്ടങ്ങളും ചരിത്രമായി. പ്രതിപക്ഷ ഐക്യം ശക്തമാക്കുന്നത് കൂടിയായി പോയ ദിനങ്ങളിലെ സംഭവ വികാസങ്ങള്‍. ശത്രുവിന്റെ ശത്രു മിത്രമാണെന്ന നയം കോണ്‍ഗ്രസും ജെഡിഎസും സ്വീകരിച്ചതോടെ ബിജെപിക്ക് ഭരണം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ടു.
2019ലെ ലോക്സഭാ- നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാനുളള വഴി ഇതാണെന്ന് കോണ്‍ഗ്രസ് മാത്രമല്ല, മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ഇപ്പോള്‍ ഒന്നടങ്കം പറയുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും ഇത്തരം സഖ്യങ്ങള്‍ ഉരുത്തിരിഞ്ഞാല്‍ ബിജെപിയെ തറ പറ്റിക്കാമെന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ കണക്കുകൂട്ടുന്നത്. ഉത്തര്‍പ്രദേശ് അടക്കമുളള സംസ്ഥാനങ്ങളില്‍ ഇത്തരം നീക്കങ്ങള്‍ സഹായകമാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മധു ഗൗഡ് യക്ഷി പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് പ്രതിപക്ഷ ചേരിക്ക് ഒന്നാകെ ആവേശം പകര്‍ന്നത് കൂടിയായി കോണ്‍ഗ്രസ്സിന്റെ വിജയം. ബിജെപിയെ അകറ്റാന്‍ പ്രദേശിക ചെറു പാര്ട്ടികളോടടക്കം ആവശ്യമെങ്കില്‍ തുടര്‍ന്നും വിട്ട് വീഴ്ച ചെയ്യുമെന്നും കോണ്‍ഗ്രസ്സ് നേതൃത്വം വ്യക്തമാക്കി കഴിഞ്ഞു.
സുപ്രധാന തെരെഞ്ഞെടുപ്പുകളിലെ നിരന്തരമായ തോല്‍വികളും നിര്‍ണായക തീരുമാനങ്ങള്‍ വേണ്ടിടത്ത് പകച്ച് നില്‍ക്കലും കോണ്‍ഗ്രസിന് പതിവായ സാഹചര്യമാണ് കര്‍ണാടകയില്‍ മാറി മറിഞ്ഞത്. കര്‍ണടകയില്‍ ആദ്യ ഫല സൂചനകള്‍ക്കൊപ്പം തുടങ്ങി പാര്‍ട്ടിയുടെ രാഷ്ട്രീയ നീക്കങ്ങള്‍.
സോണിയാ ഗാന്ധിയുടെ മേല്‍നോട്ടത്തില്‍ ബംഗളൂരു കേന്ദ്രീകരിച്ച് ഗുലാം നബിയും, അശോക് ഘലോട്ടും കരു നീക്കി. വഴി പറഞ്ഞ് കൂടെ നിന്ന് സിദ്ധരാമയ്യ. ഒടുവില്‍ ജെഡിഎസുമായി സഖ്യമുണ്ടാക്കി ബിജെപിക്ക് ആദ്യ ഷോക്ക്. എന്നാല്‍ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത് ഭൂരിപക്ഷമില്ലാത്ത ബിജെപിയെ. പകച്ച് നില്‍ക്കാതെ മണിക്കൂറുകള്‍ക്കകം കോടതിയിലേക്ക്. അര്‍ദ്ധ രാത്രി വാദം കേള്‍ക്കുന്ന അസാധാരണ നടപടിയും താണ്ടി മൂന്ന് ദിവസത്തെ നിയമ പോരാട്ടം. എം എല്‍ എ മാരെ ചാക്കിടാനായി ബി ജെ പി സര്‍വ്വ സന്നാഹവും ഉപയോഗിച്ചപ്പോള്‍ ഡി കെ ശിവകുമാറെന്ന രാഷ്ട്രീയ ചാണക്യനെ ഇറക്കി കളിച്ചു കോണ്‍ഗ്രസ്സ്. ഒടുവില്‍ ബി ജെപിക്ക് സ്വന്തം അംഗങ്ങളെ സംരക്ഷിക്കേണ്ട അവസ്ഥ. എല്ലാത്തിനുമൊടുവില്‍ വിധാന്‍ സൌധയില്‍ അവസാനം ചിരിച്ചത് കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം.