ബെംഗളൂരു: നുണയന്മാരുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകത്തില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇന്ദിര ഗാന്ധിയുടെ സമയം മുതല്‍ പാവങ്ങളെ പറ്റിക്കുകയാണ് കോണ്‍ഗ്രസ്. നുണയന്മാരുടെ പാര്‍ട്ടിയാണ് അത്. വോട്ട് ലഭിക്കുന്നതിനായി കാലാകാലങ്ങളായി അവര്‍ കളവ് പറയുകയാണ്. കര്‍ഷകരോ പാവങ്ങളോ അവര്‍ക്ക് വിഷയമല്ല. ജനങ്ങള്‍ക്കെല്ലാം കോണ്‍ഗ്രസിനെ മടുത്തിരിക്കുകയാണ് ഇപ്പോള്‍” നരേന്ദ്ര മോദി പറഞ്ഞു.
കര്‍ണാടക തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ കടുത്ത ഭാഷയിലാണ് മോദിയുടെ കോണ്‍ഗ്രസ് വിമര്‍ശനം. കോണ്‍ഗ്രസിന് കര്‍ഷകരുടെ പുരോഗതിയില്‍ താൽപര്യമില്ലെന്നും കള്ളപ്പണം ഒളിപ്പിക്കുന്നതിന്റെ തിരക്കിലാണെന്നും പറഞ്ഞു. സംസ്ഥാനത്തെ കര്‍ഷകരുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണക്കാര്‍ കോണ്‍ഗ്രസ് ആണെന്നും ആ പാപങ്ങള്‍ കഴുകിക്കളയാനാണ് ബിജെപി മൽസരിക്കുന്നത് എന്നും മോദി പറഞ്ഞു.
നരേന്ദ്ര മോദിക്ക് പുറമേ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരും സംസ്ഥാനത്ത് ഇന്ന് തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നുണ്ട്. ഇന്ന് വൈകീട്ട് മംഗലാപുരത്ത് നടക്കുന്ന തിരഞ്ഞെടുപ്പ് റാലിയിലും പ്രധാനമന്ത്രി പങ്കെടുക്കും.