scorecardresearch

സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായി തുടരും; ഭാവി മാർഗരേഖ തയ്യാറാക്കാൻ പ്രവർത്തക സമിതി തീരുമാനം

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മോശം പ്രകടനം അവലോകനം ചെയ്യുന്നതിനാണ് യോഗം ചേർന്നത്

congress president sonia gandhi, sonia gandhi aicc meeting, pm modi coronavirus, farm laws protest, hathras case congress, india economy, ie malayalam

കോൺഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തന്നെ തുടരാൻ കോൺഗ്രസ് പ്രവർത്തക സമിതി (സിഡബ്ല്യുസി) യോഗത്തിൽ തീരുമാനം. ഏകദേശം അഞ്ച് മണിക്കൂർ നീണ്ട യോഗത്തിന് ശേഷം സോണിയാ ഗാന്ധി പാർട്ടി അധ്യക്ഷയായി തുടരുമെന്ന് പാർട്ടി അറിയിച്ചു. സിഡബ്ല്യുസി സോണിയയുടെ നേതൃത്വത്തിലുള്ള വിശ്വാസം വീണ്ടും ഉറപ്പിക്കുകയും ആവശ്യമായ സംഘടനാപരമായ മാറ്റങ്ങൾ വരുത്താൻ അവർക്ക് അധികാരം നൽകുകയും ചെയ്തു. ഭാവി മാർഗരേഖ തയ്യാറാക്കുന്നതിനായി പാർട്ടി ഉടൻ തന്നെ ഒരു കൂടിച്ചേരൽ നടത്തുമെന്നും സിഡബ്ല്യുസി കൂട്ടിച്ചേർത്തു.

പുതിയ അധ്യക്ഷനെ നിയമിക്കുന്നതിനായി ഈ വർഷം അവസാനം സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ സോണിയ കോൺഗ്രസ് അധ്യക്ഷയായി തുടരും. ഏതെങ്കിലും അംഗങ്ങൾക്ക് തന്റെ നേതൃത്വത്തിന്റെ കാര്യത്തിൽ എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ താൻ സ്ഥാനമൊഴിയാൻ തയ്യാറാണെന്ന് സോണിയ യോഗത്തിൽ പറഞ്ഞതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. സിഡബ്ല്യുസി ആത്മാർത്ഥവും വളരെ ഫലപ്രദവുമായ ചർച്ചയാണ് നടത്തിയതെന്ന് സംഘടനയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ പരാജയം കോൺഗ്രസിന് കടുത്ത ആശങ്കയുണ്ടാക്കിയതായി സിഡബ്ല്യുസി സമ്മതിച്ചു. പാർട്ടിയുടെ തന്ത്രത്തിൽ ചില പോരായ്മകൾ ഉണ്ടെന്ന് പാർട്ടി അംഗീകരിക്കുന്നു. കോൺഗ്രസ് കമ്മ്യൂണിക്കേഷൻ വിഭാഗം തലവൻ രൺദീപ് സുർജേവാല പറഞ്ഞു, എല്ലാ കോൺഗ്രസ് പ്രവർത്തകരും രാഹുൽ ഗാന്ധി വീണ്ടും തലപ്പത്തേക്ക് മടങ്ങണമെന്ന് ആഗ്രഹിക്കുന്നു, എന്നാൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയകൾ ഇപ്പോൾ തന്നെ നടന്നുകൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി.

“സിഡബ്ല്യുസി സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള വിശ്വാസം ഏകകണ്ഠമായി ഉറപ്പിക്കുന്നു, രാഷ്ട്രീയ വെല്ലുവിളികൾ ഏറ്റെടുക്കുന്നതിന് മുന്നിൽ നിന്ന് നയിക്കാനും സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കാനും ആവശ്യമായതും സമഗ്രവുമായ സംഘടനാ മാറ്റങ്ങളെ സ്വാധീനിക്കാനും കോൺഗ്രസ് അധ്യക്ഷയോട് അഭ്യർത്ഥിക്കുന്നു,” സിഡബ്ല്യുസി പ്രമേയത്തിൽ പറയുന്നു.

“അഞ്ച് സംസ്ഥാനങ്ങളിലെ സമീപകാല നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഗുരുതരമായ ആശങ്കയാണ്. ഞങ്ങളുടെ തന്ത്രത്തിലെ പോരായ്മകൾ കാരണം, നാല് സംസ്ഥാനങ്ങളിലെ ബിജെപി സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തെ ഫലപ്രദമായി തുറന്നുകാട്ടാനും പഞ്ചാബിലെ ഭരണവിരുദ്ധതയെ നേതൃമാറ്റം വരുത്തി ചുരുങ്ങിയ സമയത്തിനുള്ളിൽ മറികടക്കാനും ഞങ്ങൾക്ക് കഴിഞ്ഞില്ല എന്ന് പാർട്ടി അംഗീകരിക്കുന്നു,” തോൽവിയെക്കുറിച്ച് സിഡബ്ല്യുസി പ്രതികരിച്ചു.

രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കുന്നതിനായി പാർട്ടി കേന്ദ്ര പ്രവർത്തക സമിതി (സിഡബ്ല്യുസി ) യോഗത്തിൽ ആവശ്യമുയർന്നിുന്നു. നിരവധി പാർട്ടി നേതാക്കളും പ്രവർത്തകരും അദ്ദേഹത്തെ നേതൃസ്ഥാനത്തേക്ക് ചുമതലപ്പെടുത്തുന്നതിന് പിന്തുണ അറിയിച്ചു.

രാഹുലിനെ ലക്ഷ്യം വച്ച് പ്രധാനമന്ത്രി സംസാരിക്കുന്നത് രാഹുലിന്റെ പ്രാധാന്യം കൊണ്ടാണെന്ന് മനസ്സിലാക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന് മുന്നോടിയായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. “രാഹുൽ ഗാന്ധിയെ ലക്ഷ്യമാക്കി പ്രധാനമന്ത്രി പ്രസംഗം ആരംഭിക്കുന്നു. ഇതിന്റെ അർത്ഥമെന്താണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാം,” ഗെഹ്‌ലോട്ടിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മോശം പ്രകടനം അവലോകനം ചെയ്യുന്നതിനുള്ള നിർണായക സിഡബ്ല്യുസി യോഗമാണ് ഞായറാഴ്ച ഡൽഹിയിൽ ചേർന്നത്. പാർട്ടിയുടെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു യോഗം.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Congres cwc rahul gandhi elections result