ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ 100-ാം ദിനത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വികസനമില്ലാത്ത നൂറ് ദിവസങ്ങള്‍ എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.

‘വികസനമുരടിപ്പിന്റെ നൂറുദിനങ്ങള്‍ സമ്മാനിച്ചതിന് മോദി ഗവണ്‍മെന്റിന് എന്റെ അഭിനന്ദനങ്ങള്‍ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.ജനാധിപത്യം ഇല്ലാതായിരിക്കുന്നു, മാധ്യമപ്രവര്‍ത്തനത്തിന്റെ ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നു. രാജ്യം ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ ദൃഢമായ നേതൃതത്തിന്റെയും ആസൂത്രണത്തിന്റെയും അഭാവം വ്യക്തമായി കാണാനാകുന്നുവെന്നും ട്വിറ്ററിലൂടെ അദ്ദേഹം പറഞ്ഞു.

നേരത്തെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ തകര്‍ത്ത സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും മാന്ദ്യത്തെ മറയ്ക്കാന്‍ ശ്രമിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു. കമ്പനികള്‍ അപകടത്തിലാണെന്നും വ്യാപര രംഗം തകര്‍ന്നെന്നും പ്രിയങ്ക പറഞ്ഞു.

രണ്ടാം മോദി സര്‍ക്കാരിന്റെ 100 ദിനങ്ങളെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചത് ഐകാധിപത്യത്തിന്റേയും ദുരന്തങ്ങളുടേയും അരാജകത്വത്തിന്റേയും ദിനങ്ങള്‍ എന്നായിരുന്നു. എട്ട് മേഖലകള്‍ സാമ്പത്തികമായി തകര്‍ന്നെന്നും എന്നിട്ടും ധനകാര്യ മന്ത്രി മാന്ദ്യമുണ്ടെന്ന് സമ്മതിക്കാന്‍ കൂട്ടാക്കുന്നില്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു.

രാജ്യത്തെ എട്ട് മേഖലകളിലെ വളര്‍ച്ചാനിരക്ക് 2 ശതമാനത്തില്‍ താഴെയാണ് എന്നാല്‍ ധനകാര്യമന്ത്രി സാമ്പത്തിക മാന്ദ്യം അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല. ഈ ഗുരുതരാവസ്ഥയെ ഇനിയും ബിജെപി അവഗണിക്കുകയാണെങ്കില്‍ വലിയ തകര്‍ച്ചയിലേക്കാണ് രാജ്യം പോകുക’എന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook