മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന മയക്കുമരുന്ന് അന്വേഷണത്തെത്തുടർന്ന് മയക്കുമരുന്ന് ഉപയോഗം ആരോപിച്ച് 24 കാരനായ മകൻ ഷോവിക് ചക്രവർത്തിയെ അറസ്റ്റ് ചെയ്തതിനെ അപലപിച്ച് നടി റിയ ചക്രവർത്തിയുടെ പിതാവ് ഇന്ദ്രജിത് ചക്രവർത്തി.
“അഭിനന്ദനങ്ങൾ ഇന്ത്യ, നിങ്ങൾ എന്റെ മകനെ അറസ്റ്റ് ചെയ്യിപ്പിച്ചു. അടുത്തത് എന്റെ മകളാണെന്ന് എനിക്ക് ഉറപ്പുണ്ട്. അതിനുശേഷം അടുത്തത് ആരാണെന്ന് എനിക്കറിയില്ല. നിങ്ങൾ ഒരു മധ്യവർഗ കുടുംബത്തെ ഫലപ്രദമായി തകർത്തുകളഞ്ഞു. പക്ഷേ നീതി ലഭിക്കണം എന്ന പേരിൽ എല്ലാം ന്യായീകരിക്കപ്പെടുന്നു. ജയ് ഹിന്ദ്,” ലഫ്റ്റനന്റ് കേണൽ ഇന്ദ്രജിത് ചക്രവർത്തി പറഞ്ഞു.
ലഹരിവസ്തുക്കൾ കൈമാറ്റം ചെയ്തതിനും വിൽപ്പന നടത്തിയതിനും മയക്കുമരുന്ന് നിയന്ത്രണ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി സുശാന്ത് സിങ്ങിന്റെ മാനേജർ സാമുവൽ മിറാൻഡയേയും ഷോവിക് ചക്രവർത്തിയേയും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും ബുധനാഴ്ച വരെ ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടു.
Read Here
- Actress Rhea Chakraborty arrested by NCB in drugs case: റിയ ചക്രബർത്തി അറസ്റ്റിൽ
- സഹോദരനൊപ്പമുള്ള ചോദ്യം ചെയ്യൽ; പൊട്ടിക്കരഞ്ഞ് റിയ
വെള്ളിയാഴ്ച രാത്രി പത്ത് മണിക്കൂറിലധികം നീണ്ട ചോദ്യം ഇരുവരെയും ചെയ്യലിനൊടുവിലാണ് നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബസ്റ്റൻസസ് (എൻഡിപിഎസ്) നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തത്.
ഷോയിക്കിനും മിറാൻഡയ്ക്കും പുറമെ സയീദ് വിലാത്ര (21), അബ്ദുൽ ബാസിത് പരിഹാർ (23) എന്നിവരെ എൻസിബി ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. അവർ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിലാണ്.
സയീദ് വിലാത്രയുമായി ഷോവിക് വാട്‌സ്ആപ്പില്‍ നടത്തിയ സംഭാഷണങ്ങളാണ് കുരുക്കായത്. റിയ ചക്രവര്‍ത്തി ലഹരി ഇടപാടുകാരുമായി നടത്തിയ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ നേരത്തെ എന്‍സിബിക്ക് ലഭിച്ചിരുന്നു. ഇത് വഴിയാണ് ഷോവികിലേക്ക് എത്തിയത്. സുശാന്തിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിറാന്‍ഡയ്ക്കും വിലാത്ര ലഹരി എത്തിച്ചതായി കണ്ടെത്തിയിരുന്നു.
Read More: സുശാന്ത് സിങ് കേസ്: വീട്ടുജോലിക്കാരൻ അറസ്റ്റിൽ
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ മൂന്ന് ഏജൻസികൾ പരിശോധിക്കുന്നുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) എന്നിവയാണ് മറ്റ് രണ്ട് ഏജൻസികൾ.
അതേസമയം, സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ താരത്തിന്റെ വീട്ടുജോലിക്കാരനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയാണ് സുശാന്ത് സിങ്ങിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗം കൂടിയായ ദീപേഷ് സാവന്തിനെ അറസ്റ്റ് ചെയ്തത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ലഹരിമരുന്ന് കേസിലാണ് അറസ്റ്റ്. ഇന്ന് രാവിലെ മുതൽ ചോദ്യം ചെയ്‌തുവരികയായിരുന്നു. രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം ആറായി. ഡൽഹി എയിംസിൽ നിന്നെത്തിയ വിദഗ്‌ധ സംഘം സുശാന്തിന്റെ മുംബെെയിലെ വസതിയിൽ പരിശോധന നടത്തി.