ബെംഗളൂരു: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തങ്ങളെ മൂന്നാംകിട പൗരന്മാരായി കാണരുതെന്ന് കോൺഗ്രസിനോട് കർണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. ജനതാദൾ എസിന് സംസ്ഥാനത്ത് അർഹമായ സീറ്റുകൾ നൽകണം എന്നാണ് ആവശ്യം

ബിജെപിക്കെതിരെ ഐക്യത്തോടെ പോരാടാൻ “കൊടുക്കൽ വാങ്ങൽ” പ്രക്രിയയിലൂടെ സീറ്റുകൾ വിഭജിക്കണം എന്നാണ് ആവശ്യം.  ജനതാദൾ എസിന് മുഖ്യമന്ത്രി സ്ഥാനം നൽകിയ സാഹചര്യത്തിൽ കർണ്ണാടകയിൽ ജയസാധ്യതയുളള കൂടുതൽ സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കണം എന്നതാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം.

“മോദിയുടെ പ്രഭാവം ഭരണവിരുദ്ധ വികാരത്താൽ മങ്ങുകയാണ്. രാഹുൽ ഗാന്ധിയുടെ ജനപിന്തുണ വർദ്ധിച്ചിട്ടുണ്ട്. കർണ്ണാടകയിൽ മുന്നണിക്കകത്തുളള എല്ലാ തർക്കങ്ങളും തനിക്ക് അനായാസം പരിഹരിക്കാനാവുന്നതാണ്,” അദ്ദേഹം പിടിഐയോട് പറഞ്ഞു.

“കോൺഗ്രസും ഞങ്ങളും ഒരുമിച്ച് നിന്ന് മത്സരിക്കണം എന്നതാണ് ഞങ്ങളുടെ നിലപാട്. ബിജെപിയെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താനാണ് ഞങ്ങൾ സഖ്യ സർക്കാർ രൂപീകരിച്ചത്.” തങ്ങൾ സഖ്യമായി അധികാരത്തിൽ വന്നതോടെ രാജ്യത്ത് രാഷ്ട്രീയ സാഹചര്യം മാറിയെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് അമിത ആത്മവിശ്വാസത്തിൽ മുന്നോട്ട് പോയാൽ ജനങ്ങളിൽ നിന്ന് തിരിച്ചടി ഏൽക്കേണ്ടി വരും. അവർ അക്കാര്യം മറക്കുമെന്ന് താൻ കരുതുന്നില്ല. “അവർ ഞങ്ങളെ മാന്യമായി പരിഗണിക്കണം. മൂന്നാം തരം പൗരന്മാരായി കാണരുത്,” കുമാരസ്വാമി കൂട്ടിച്ചേർത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ