ന്യൂഡല്‍ഹി: എ ഐ സി സി അധ്യക്ഷ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഏറ്റവും കൂടുതല്‍ കാലം അധ്യക്ഷപദത്തിലിരുന്ന സോണിയ ഗാന്ധിയുടെ പിന്‍ഗാമിയെ മത്സരത്തിലൂടെ തിരഞ്ഞെടുക്കാനുള്ള സാധ്യതയാണ് ഉരുത്തിയിരുന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും ശശി തരൂര്‍ എം പിയും തമ്മിലായിരിക്കും മത്സരം.
കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രിയാണു വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. 24 മുതല്‍ 30 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മപരിശോധന ഒക്ടോബര്‍ ഒന്നിനു നടക്കും.
പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി എട്ട്. അന്നു വൈകീട്ട് അഞ്ചിനു അന്തിമ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രസിദ്ധീകരിക്കും. വോട്ടെടുപ്പ് ആവശ്യമെങ്കില്‍ 17-നു നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 19-ന്.
9,000 പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിനിധികള്‍ക്കാണ് വോട്ടവകാശം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു 20 മുതല്‍ എ ഐ സി സി ആസ്ഥാനത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റിയുടെ ഓഫീസില്‍ വോട്ടര്‍പട്ടിക പരിശോധിക്കാമെന്നു പാര്‍ട്ടിനേതൃത്വം വ്യക്തമാക്കിയിരുന്നു.
നാമനിര്‍ദേശ പത്രിക ന്യൂഡല്‍ഹിയിലെ 24 അക്ബര്‍ റോഡിലുള്ള എ ഐ സി സി ആസ്ഥാനത്ത് ലഭ്യമാകുമെന്ന്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഭരണഘടനയുടെ അനുച്‌ഛേദം 18 വ്യവസ്ഥ ചെയ്യുന്നതു പ്രകാരം നിക്ഷിപ്തമായ അധികാര പ്രകാരം കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി വിജ്ഞാപനത്തില്‍ വ്യക്തമാക്കി.
”അനുച്‌ഛേദം 18ലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ പാര്‍ട്ടിയുടെ പ്രതിനിധികളോട് ആഹ്വാനം ചെയ്യുന്നു,” മിസ്ത്രി വിജ്ഞാപനത്തില്‍ പറഞ്ഞു.
താന്‍ മത്സരരംഗത്തുണ്ടാകുമെന്ന് അശോക് ഗെഹ്ലോട്ടും വ്യക്തമായ സൂചന നല്‍കിയതോടെ മത്സരം ചൂടുപിടിച്ചിരിക്കുകയാണ്. സ്ഥാനാര്‍ത്ഥിത്വത്തിന്റെ നടപടിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ശശി തരൂര്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷനെ കഴിഞ്ഞദിവസം സന്ദര്‍ശിച്ചിരുന്നു. ഇൗ സാഹചര്യത്തില്‍ രണ്ട് പതിറ്റാണ്ടിനുശേഷം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു തിരഞ്ഞെടുപ്പിനു കളമൊരുങ്ങുകയാണ്.
ഏറ്റവും കൂടുതല്‍ കാലം പാര്‍ട്ടി അധ്യക്ഷയായ സോണിയാ ഗാന്ധിയ്ക്കു പകരം പുതിയ നേതാവ് വരുന്നതിനാല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് തീര്‍ച്ചയായും കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഇടംപിടിക്കും. രാഹുല്‍ ഗാന്ധി അധികാരമേറ്റ 2017 നും 2019 നും ഇടയിലുള്ള രണ്ടു വര്‍ഷം ഒഴികെ, 1998 മുതല്‍ സോണിയാ ഗാന്ധിയാണു കോണ്‍ഗ്രസ് അധ്യക്ഷ.
2000 നവംബറിലാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. 2000ല്‍ സോണിയാ ഗാന്ധിയോട് ജിതേന്ദ്ര പ്രസാദ പരാജയപ്പെടുകയായിരുന്നു. അതിനുമുമ്പ് സീതാറാം കേസരി 1997ല്‍ ശരദ് പവാറിനെയും രാജേഷ് പൈലറ്റിനെയും പരാജയപ്പെടുത്തിയിരുന്നു.
പാര്‍ട്ടി അധ്യക്ഷ പദവി വീണ്ടും ഏറ്റെടുക്കില്ലെന്ന നിലപാടില്‍ രാഹുല്‍ ഗാന്ധി ഉറച്ചുനില്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍, രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായി ഗാന്ധികുടംബത്തിനു പുറത്തുള്ള അധ്യക്ഷനാകും വരാന്‍ പോകുന്നത്. തിരഞ്ഞെടുപ്പില്‍ നിഷ്പക്ഷത പാലിക്കുമെന്നും ‘ഔദ്യോഗിക സ്ഥാനാര്‍ത്ഥി’ ഉണ്ടാകില്ലെന്നും സോണിയാഗാന്ധി വ്യക്തമാക്കിയ സാഹചര്യത്തില്‍ രണ്ടായിരത്തിലേതിനേക്കാള്‍ കടുത്ത മത്സരത്തിനാണു കളമൊരുങ്ങുന്നത്.