ഷിംല: ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് നാല് ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനം ആയില്ല. ഷിംലയില്‍ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍റെ നേതൃത്വത്തില്‍ രണ്ടു ദിവസം ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. മുന്‍മന്ത്രി ജയ്റാം താക്കൂറിനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്നത്.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ പ്രേം കുമാര്‍ധുമല്‍ തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും അദ്ദേഹത്തെ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഒരു പറ്റം എംഎല്‍എമാര്‍. ധുമാലിനായി രാജിവയ്ക്കാൻ മൂന്നു എംഎല്‍എമാര്‍ സന്നദ്ധത അറിയിച്ചിട്ടുമുണ്ട്.
സെരാജ് മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജയ്റാമിന് പുറമേ കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ.പി.നഡയുടെ പേരും ആദ്യഘട്ടത്തില്‍ പറഞ്ഞുകേട്ടിരുന്നു എങ്കിലും പാര്‍ട്ടി ഒരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു എന്നാണ് അറിയാന്‍ സാധിക്കുന്നത്. സുജന്‍പൂരില്‍ മണ്ഡലത്തില്‍ മൽസരിച്ച മുതിര്‍ന്ന നേതാവ് പ്രേംകുമാര്‍ ധുമാല്‍ കോണ്‍ഗ്രസ് നേതാവ് രജീന്ദര്‍ രാണയോട് 2,000 വോട്ടുകള്‍ക്ക് പരാജയപ്പെട്ടതാണ് കാര്യങ്ങള്‍ ജയ്റാം താക്കൂറിന് അനുകൂലമാക്കിയത്.
ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കേന്ദ്രമന്ത്രി ജെ.പി.നഡായുടെ പേര് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നുവെങ്കിലും വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുന്നതില്‍ കേന്ദ്രനേതൃത്വത്തിനുള്ള അഭിപ്രായവ്യത്യാസമാണ് തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാര്‍ഥിയെ തന്നെ മുഖ്യമന്ത്രിയാക്കാം എന്ന തീരുമാനത്തില്‍ പാര്‍ട്ടി എത്തിച്ചേരുന്നത്.
മുന്‍ ബിജെപി സര്‍ക്കാരില്‍ മന്ത്രി കൂടിയായിരുന്ന ജയ്റാം താക്കൂര്‍ ബിജെപിയിലെ ‘സൗമ്യനായാണ്’ അറിയപ്പെടുന്നത്. ആര്‍എസ്എസുമായി അടുത്ത ബന്ധമുള്ള ജയ്റാം ജമ്മുവില്‍ മുഴുവന്‍ സമയ എബിവിപി പ്രവര്‍ത്തകനായിരുന്നു.