പൗരത്വ ഭേദഗതി നിയമ(സി എ എ)വുമായി ബന്ധപ്പെട്ടു പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാരും താനും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നുവെന്നും ഇപ്പോള്‍ എല്ലാം ശുഭമാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
”സര്‍ക്കാരുമായി ഒരു കലഹവുമില്ല. ഞാന്‍ അവിടെ എത്തിയപ്പോള്‍ തന്നെ സി എ എ വിഷയം വന്നു. സിഎഎയെ പിന്തുണച്ച് കേരളത്തിലെ ഒരു ഭരണഘടനാ ഓഫീസ് വരുന്നത് അവര്‍ക്കു ദഹിക്കാനായില്ല. എന്റെ ജോലി പിന്തുണയ്ക്കുകയല്ല, പ്രതിരോധിക്കുകയാണ്. ഭരണഘടന സംരക്ഷിക്കുകയും നിയമം സംരക്ഷിക്കുകയും ചെയ്യുമെന്നത് എന്റെ പ്രതിജ്ഞയാണ്. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച എന്തിനെങ്കിലും നേര്‍ക്ക് തെറ്റായ കാരണങ്ങളാല്‍, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് ആക്രമണമുണ്ടായാല്‍ പ്രതിരോധിക്കേണ്ടത് എന്റെ ഭരണഘടനാപരമായ കടമയാണ്,” ഗവര്‍ണര്‍ പറഞ്ഞു. ആര്‍ എസ് എസ് മുഖപത്രമായ പാഞ്ചജന്യയുടെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആ സമയത്ത് താന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നുവെന്നും ഭരണഘടനാപരമായ കടമ നിറവേറ്റുക മാത്രമാണു ചെയ്യുന്നതെന്ന് അദ്ദേഹത്തോട് പറഞ്ഞതായും ഖാന്‍ കൂട്ടിച്ചേര്‍ത്തു.
”നിങ്ങള്‍ കമ്യൂണിസ്റ്റുകാരനാണെന്ന് എനിക്കറിയാമെന്നു ഞാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. ഞാന്‍ സംഘടിത മതത്തിലല്ല, ആത്മീയതയിലാണു വിശ്വസിക്കുന്നത്. ധര്‍മത്തിന്റെ അര്‍ത്ഥം ഉത്തരവാദിത്തമാണെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്റെ ഉത്തരവാദിത്തം ഭരണഘടനയോടാണെന്ന് ഞാന്‍ പറഞ്ഞു. നിങ്ങള്‍ എന്നെ പരസ്യമായി വിമര്‍ശിച്ചോളൂ വിഷമം തോന്നില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. നിങ്ങള്‍ നിങ്ങളുടെ കടമ ചെയ്യുക, ഞാന്‍ എന്റേതു ചെയ്യും. അതിനുശേഷം ഒരു സംഘര്‍ഷവുമുണ്ടായിട്ടില്ല,”ഗവര്‍ണര്‍ പറഞ്ഞു.
കുഫ്‌റിന്റെ (മതപരിത്യാഗം) എല്ലാ ഫത്വകളും (ദിക്താറ്റുകള്‍) രാഷ്ട്രീയമാണെന്നും ഇസ്ലാമിന് അതിന് സ്ഥാനമില്ലെന്നും മുസ്ലിം മേല്‍ക്കോയ്മ എന്ന ആശയത്തെക്കുറിച്ചുള്ള പാഞ്ചജന്യ എഡിറ്റര്‍ ഹിതേഷ് ശങ്കറിന്റെ ചോദ്യത്തിനു മറുപടിയായി ഖാന്‍ പറഞ്ഞു.
”ഇസ്ലാമിലെ കുഫ്‌റിന്റെ ആദ്യ ഫത്വ ഒരു അമുസ്ലിമിനെതിരെയായിരുന്നില്ല. അതു മുഹമ്മദ് നബി വളര്‍ത്തിയ ആളും അദ്ദേഹത്തിന്റെ മകളുടെ ഭര്‍ത്താവുമായ ഹസ്രത്ത് അലിക്കെതിരായിരുന്നു. അദ്ദേഹം കൊല്ലപ്പെട്ടു. മനുഷ്യര്‍ മരിച്ച് അവരുടെ സ്രഷ്ടാവിനെ കാണുമ്പോള്‍ ശരിയും തെറ്റും തീരുമാനിക്കുമെന്നു ഖുറാനില്‍ 200 സന്ദര്‍ഭങ്ങളെങ്കിലും പറഞ്ഞിട്ടുണ്ട്. ഖുറാന്‍ അനുസരിച്ച് ഇതു തീരുമാനിക്കാനുള്ള അവകാശം പ്രവാചകന്‍ ഉള്‍പ്പെടെ ഒരു മനുഷ്യനും നല്‍കിയിട്ടില്ല,” ഖാന്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ ഭാഗമായിരുന്ന കാലം മുതല്‍ താന്‍ നിരവധി കുഫ്ര്‍ ഫത്വകള്‍ നേരിട്ടിട്ടുണ്ടെന്നു ഗവര്‍ണര്‍ പറഞ്ഞു. ”ഞാന്‍ ബി ജെ പിയുടെ ഭാഗമായിരുന്നില്ല. ഹിന്ദിയിലാണ് ഞാന്‍ പ്രസംഗങ്ങള്‍ നടത്തിയിരുന്നത്. അക്കാലത്ത് ഹിന്ദി വാക്കുകള്‍ ഉപയോഗിച്ചാലും നിങ്ങള്‍ക്ക് കുഫ്ര്‍ ഫത്വ ലഭിക്കുമായിരുന്നു. ദാരാ ഷുക്കോയ്ക്കും (ഷാജഹാന്റെ മകന്‍) കുഫ്ര്‍ ഫത്വ നേരിടേണ്ടി വന്നു, കൊല്ലപ്പെട്ടു. അദ്ദേഹത്തെ കൊലപ്പെടുത്തിയവര്‍ അേെദ്ദഹത്തെ ഹുമയൂണിനരികെ അടക്കം ചെയ്തു. അപ്പോള്‍ ഷുക്കോ കാഫിറാണെങ്കില്‍ എന്തിനാണു ഹുമയൂണിനരികെ അടക്കം ചെയ്തത്? അങ്ങനെയെങ്കില്‍, കുഫ്ര്‍ ഫത്വകള്‍ യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ കാരണങ്ങളാല്‍ മാത്രം നല്‍കപ്പെടുന്നതും രാഷ്ട്രീയ ആയുധങ്ങളായി ഉപയോഗിക്കുന്നതുമാണ്. എഴുതപ്പെട്ട മുസ്ലിം നിയമപ്രകാരം മുസ്ലിങ്ങളുടെയും അമുസ്ലിങ്ങളുടെയും അവകാശങ്ങള്‍ ഒരുപോലെയല്ല എന്നതിനാലാണു നിര്‍ഭാഗ്യവശാല്‍ ഇതു സംഭവിച്ചത്. അതിനാല്‍, മറ്റുള്ളവരുടെ അവകാശങ്ങള്‍ ഇല്ലാതാക്കാനാണ് ഈ ഫത്വകള്‍ പുറപ്പെടുവിക്കുന്നത്,” അദ്ദേഹം പറഞ്ഞു.
”തന്നെ ആക്രമിച്ചവരെ പ്രവാചകന്‍ തന്റെ ഖൗം (സമുദായം) എന്നാണ് വിളിച്ചിരുന്നത്. അവര്‍ കേവലം അമുസ്ലിംകളെ മാത്രമല്ല, അദ്ദേഹത്തെയും ആക്രമിച്ചിരുന്നു. ആരുടെയും ഈമാനിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ എനിക്ക് അവകാശമില്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”എല്ലാ സമൂഹങ്ങളെയും പോലെ മുസ്ലിം സമൂഹവും ഏകശിലാത്മകമല്ല. എല്ലാ സമൂഹങ്ങളിലും എപ്പോഴും രണ്ടു വീക്ഷണങ്ങളുണ്ട്. എന്നാല്‍ അധികാരമുള്ളവര്‍ സ്വന്തം ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു. പൗരോഹിത്യത്തെ ഭരണാധികാരികള്‍ സൃഷ്ടിച്ചത് അവരുടെ തീരുമാനങ്ങള്‍ക്ക് മതപരമായ സാധുത ലഭിക്കാന്‍ വേണ്ടിയാണ്. പ്രവാചകന്റെ മരണശേഷം ഇസ്ലാം മതം രാഷ്ട്രീയം ഏറ്റെടുത്തു.”
”എന്തുകൊണ്ടാണ് നിങ്ങള്‍ എന്നെ ഹിന്ദുവെന്നു വിളിക്കാത്തതെന്ന് ആര്യസമാജം ക്ഷണിച്ചപ്പോള്‍ സര്‍ സയ്യിദ് (അഹമ്മദ് ഖാന്‍) ചോദിച്ചു. ഹിന്ദുസ്ഥാനില്‍ ജനിച്ച ആരെയും ഹിന്ദുവെന്നു വിളിക്കണമെന്ന് അദ്ദേഹം പറഞ്ഞു,” ഇന്ത്യയില്‍ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതിന്റെ വാക്കുകളെ സാധൂകരിച്ചുകൊണ്ട് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.