ന്യൂഡല്‍ഹി: കര്‍ണാടിക് സംഗീതജ്ഞന് ടി.എം.കൃഷ്ണയുടെ സംഗീത കച്ചേരി ശനിയാഴ്ച വൈകുന്നേരം ഡല്‍ഹിയില്‍ അരങ്ങേറും. കലാമേഖലയിൽ നിന്നുളള ഒരാൾക്കും പരിപാടി അവതരിപ്പിക്കാനുള്ള അവസരം നിഷേധിക്കപ്പെടരുതെന്ന് പറഞ്ഞുകൊണ്ട് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ടി.എം.കൃഷ്ണ പങ്കെടുക്കേണ്ട പരിപാടി, തീവ്രവലതുപക്ഷ സംഘടനകളുടെ എതിർപ്പിനെ തുടര്‍ന്ന് സംഘാടകരായ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വേണ്ടെന്നു വച്ചിരുന്നു. ഈ സാഹചര്യത്തിലാണ് , അദ്ദേഹത്തിന് പാടാന്‍ അവസരമൊരുക്കി ഡല്‍ഹി സര്‍ക്കാര്‍ മുന്നോട്ടുവന്നത്.
It’s official: TM Krishna to perform tomorrow, November 17, at the Garden of Five Senses. The AAP government has organised the concert. Time to be announced shortly. @IndianExpress
— Sourav Roy Barman (@Sourav_RB) November 16, 2018
‘ഒരു കലാകാരനും ഒരിക്കലും പരിപാടി അവതരിപ്പിക്കാനുള്ള തങ്ങളുടെ അവസരം നിഷേധിക്കപ്പെടരുത്. നവംബര്‍ 17ന് ഡല്‍ഹിയിലെ ജനങ്ങള്‍ക്കുവേണ്ടി പാടാന്‍ ടി.എം.കൃഷ്ണയെ ഞാന്‍ ക്ഷണിച്ചിട്ടുണ്ട്. കലയുടേയും കലാകാരന്മാരുടേയും അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്,’ സിസോദിയ ട്വിറ്ററില്‍ കുറിച്ചു. സാകേതിലെ സെയ്ദുല് അജയ്ബ് വില്ലേജിലെ ഗാര്ഡന് ഓഫ് ഫൈവ് സെന്സെസിലാണ് പരിപാടി അരങ്ങേറുക.
നെഹ്റു പാര്‍ക്ക്, ചാണക്യപുരിയിലെ ‘ഡാന്‍സ് ആന്‍ഡ് മ്യൂസിക് ഇന്‍ ദ പാര്‍ക്ക്’ എന്ന ദ്വിദിന കലോത്സവത്തിന്റെ ഭാഗമായായിരുന്നു കൃഷ്ണയുടെ കച്ചേരി സംഘടിപ്പിച്ചിരുന്നത്. ഇത് സാംസ്കാരിക രംഗത്തു പ്രവര്‍ത്തിക്കുന്ന സ്പിക്ക് മാക്കെ എന്ന സംഘടനയും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ചേര്‍ന്ന് സംയുക്തമായി നടത്തുന്നതിനായിരുന്നു തീരുമാനം. നവംബര്‍ അഞ്ചാം തീയതി എഎഐ ട്വിറ്ററില്‍ ഇതേപ്പറ്റിയുള്ള പ്രഖ്യാപനം നടത്തുകയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിപാടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
Read More: ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം: ടി.എം.കൃഷ്ണയുടെ സംഗീത പരിപാടി ഒഴിവാക്കി
നവംബര്‍ പത്താം തീയതിയായിരുന്നു കൃഷ്ണയുടെ പരിപാടിയെക്കുറിച്ചുള്ള ട്വീറ്റ്. നഗരത്തിലെ ചില പത്രങ്ങളിലും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാത്രിയില്‍ ഒരു ഇ-മെയിലിലൂടെ കച്ചേരി റദ്ദാക്കുന്നതായി എഎഐ സ്പിക്ക് മാക്കെയെ അറിയിച്ചു. ”ചില തടസ്സങ്ങള്‍ മൂലം നവംബര്‍ 17-18 തീയതികളില്‍ നെഹ്റുപാര്ക്കില് നടത്താനിരുന്ന നൃത്ത-സംഗീത പരിപാടിയുമായി മുന്‍പോട്ടു പോകാനാവില്ല. അതിനാല്‍ മറ്റൊരു തീയതിയിലേയ്ക്കു മാറ്റിവയ്ക്കുവാനും ബന്ധപ്പെട്ട എല്ലാവരെയും അറിയിക്കുവാനും അപേക്ഷിക്കുന്നു. പുതിയ തീയതിയെക്കുറിച്ചു വൈകാതെ ചര്‍ച്ച ചെയ്യുന്നതായിരിക്കും,” ഇ-മെയില്‍ പറയുന്നു.
കൃഷ്ണയെ ക്ഷണിച്ചതിന്റെ പേരില്‍ ലഭിച്ച വിമര്‍ശനത്തിന്റെ പേരിലാണു കച്ചേരി മാറ്റിവയ്ക്കപ്പെട്ടതെന്ന വാര്‍ത്ത എഎഐ ചെയര്മാന് ഗുരുപ്രസാദ് മഹാപത്ര നിഷേധിച്ചു. ”ഞങ്ങള്‍ക്കു ചില പ്രശ്നങ്ങളുണ്ട്. ചില അടിയന്തരപ്രശ്നങ്ങള്‍ മൂലം ആ ദിവസം ഞങ്ങള്‍ മറ്റു തിരക്കിലായിരിക്കും. മാധ്യമങ്ങള്‍ക്കു നല്കിയ കുറിപ്പില്‍ കൂടുതലായി എനിക്കിതില്‍ ഒന്നും പറയുവാനില്ല,” മഹാപത്ര ഇന്ത്യന്‍ എക്സ്പ്രസ്സിനോടു പറഞ്ഞു.
തിങ്കളാഴ്ച, എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ക്ഷണം കൃഷ്ണ റീ ട്വീറ്റ് ചെയ്തിരുന്നു, അതിനെത്തുടര്‍ന്നാണു സര്‍ക്കാര്‍ സ്ഥാപനം കച്ചേരി സ്പോണ്സര് ചെയ്യുന്നതിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. കൃഷ്ണയെ സ്പോണ്സര് ചെയ്യുന്നതിനായി പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നതിന് എതിരെയായിരുന്നു വിമര്‍ശനങ്ങള്‍.
കൃഷ്ണ യേശുവിനെയും അള്ളാഹുവിനെയും കുറിച്ചു പാടുന്നതായും അദ്ദേഹമൊരു ഇന്ത്യാവിരുദ്ധനാണെന്നും പറഞ്ഞ ട്വീറ്റുകള്‍ അദ്ദേഹത്തെ നാഗരിക നക്സല്‍ എന്നും മറ്റുമാണു വിശേഷിപ്പിച്ചിരുന്നത്. ആരെയാണു സ്പോണ്സര് ചെയ്യുന്നതെന്നറിയാമോ എന്ന ആക്ഷേപകര്‍ എഎഐ ഉദ്യോഗസ്ഥരോടു ചോദിച്ചു. അവര്‍ തങ്ങളുടെ ട്വീറ്റുകള്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും റെയില്‍വേ, കോള്‍ ആന്‍ഡ് കോര്‍പറേറ്റ് അഫയേഴ്സ് മന്ത്രി പീയുഷ് ഗോയല്‍, വ്യോമയാന മന്ത്രി സുരേഷ് പ്രഭു എന്നിവരുള്‍പ്പടെയുള്ള കേന്ദ്ര മന്ത്രിമാര്‍ക്കും ടാഗ് ചെയ്തിരുന്നു. ഈ ട്വീറ്റുകളെ അവഗണിക്കുന്നുവെന്നും പ്രത്യേക സുരക്ഷാ സന്നാഹങ്ങളോടെ കച്ചേരി നടത്തുമെന്നും എഎഐ അറിയിച്ചിരുന്നതായി സ്പിക്ക് മാക്കേ ചൊവ്വാഴ്ച തന്നോടു പറഞ്ഞതായി കൃഷ്ണ പരാമര്‍ശിച്ചു. പക്ഷേ ബുധനാഴ്ച വൈകുന്നേരത്തേയ്ക്ക് സാഹചര്യങ്ങള്‍ മാറി, പരിപാടി മാറ്റിവയ്ക്കുന്നതായും പുതിയ തീയതികള്‍ വൈകാതെ പ്രഖ്യാപിക്കുമെന്നും എഎഐ അറിയിച്ചു. കൃഷ്ണയെക്കൂടാതെ നര്‍ത്തകിമാരായ സൊണാല്‍ മാന്‍ സിങ്, പ്രിയദര്‍ശിനി ഗോവിന്ദ്, സിതാറിസ്റ്റ് ഷാഹിദ് പര്വേശുമായിരുന്നു ഈ വാരാന്ത്യപരിപാടിയിലെ മറ്റു പങ്കാളികള്‍.
മതേതരത്വത്തെയും ജാതി വിവേചനത്തെയും സംബന്ധിച്ച കാര്യങ്ങളിലെ കൃഷ്ണയുടെ കാഴ്ചപ്പാടുകളാണ് അദ്ദേഹത്തെ ഹിന്ദുത്വ വാദികളുടെ ആക്രമണലക്ഷ്യമാക്കിയത്. ഓഗസ്റ്റില്‍, ക്രിസ്തീയ ഗീതങ്ങള്‍ പാടുന്നുവെന്ന ഹിന്ദുത്വവാദികളുടെ ആരോപണത്തെത്തുടര്‍ന്ന് മേരിലാന്റിലെ ഒരു ക്ഷേത്രം കൃഷ്ണയുടെ കച്ചേരി റദ്ദാക്കിയിരുന്നു. ഇതു മാത്രമാണ്, ഇതിനു മുന്‍പ്, രാഷ്ട്രീയ വീക്ഷണങ്ങളുടെ പേരില്‍ അദ്ദേഹത്തിനു വേദി നിഷേധിച്ച ഒരേ ഒരു സംഭവം. എന്നാല്‍ അതേ ദിവസം തന്നെ (സെപ്റ്റംബര്‍ 9) വാഷിങ്ടണിലെ ജോര്ജ്ടൗണ് യൂണിവേഴ്സിറ്റിയിലെ ഒരു സംഘം സംഗീതപ്രേമികള്‍ അദ്ദേഹത്തിന് പാടാന്‍ കാമ്പസില്‍ വേദിയൊരുക്കി.
ഈ വര്‍ഷം ജനുവരിയില്‍, ഒരു വലതുപക്ഷ ഹിന്ദു സംഘടന തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നടന്ന കച്ചേരി തടസ്സപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു. പക്ഷേ അധിക സുരക്ഷയൊരുക്കി ആ പരിപാടി നടത്തപ്പെടുകയാണുണ്ടായത്. ക്രിസ്തുവിനെയും അള്ളാഹുവിനെയും സ്തുതിക്കുന്ന, കീര്‍ത്തനങ്ങള്‍ (പെരുമാള്‍ മുരുഗനെപ്പോലെയുള്ള എഴുത്തുകാര്‍ രചിച്ച) കൂടി ഉള്‍പ്പെടുത്തി കര്‍ണ്ണാടക സംഗീതക്കച്ചേരി വിപുലപ്പെടുത്തുവാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ ഹിന്ദുത്വതീവ്രവാദികളുടെ ആക്രമണത്തിനു കാരണമായിരുന്നു.