ബെംഗളൂരു: ലോക്ക്‌ഡൗണ്‍ ദിവസങ്ങളിൽ കാട്ടിലഭയം തേടേണ്ടിവന്ന ദുരനുഭവത്തെ കുറിച്ച് ഇതരസംസ്ഥാന തൊഴിലാളികളായ ആദിവാസി സ്ത്രീകൾ. ജാർഖണ്ഡിലെ ധുംകയിൽ നിന്നുള്ള രണ്ട് ആദിവാസി സ്ത്രീകളാണ് ക്രൂരപീഡനങ്ങൾക്ക് ഇരയായത്.

ലോക്ക്‌ഡൗണ്‍ ആയതോടെ തങ്ങൾക്ക് നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് മേയ് അഞ്ചിന് ബെംഗളൂരുവിനടുത്തുള്ള ഗുംബൽഗോഡ് പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ച ഇതര സംസ്ഥാന തൊഴിലാളികളുടെ കൂട്ടത്തിലുള്ളവരാണ് ഈ രണ്ട് സ്ത്രീകളും. ‘സന്താലി’ ഭാഷ മാത്രം സംസാരിക്കാൻ അറിയുന്ന ഇവരുടെ കയ്യിൽ തിരിച്ചറിയൽ കാർഡോ മറ്റ് വിവരങ്ങളോ ഇല്ലായിരുന്നു. ഇവർക്ക് ഹിന്ദി അറിയില്ലെന്ന് പൊലീസ് സ്റ്റേഷനിലെത്തിയ ഇതരസംസ്ഥാന തൊഴിലാളികളിൽ ഒരാളായ നിക്കോളാസ് മർമുവിന് (ജാർഖണ്ഡ് സ്വദേശി തന്നെയാണ്) മനസിലായി.

Read Also: മഹാമാരിയെ വഴിത്തിരിവാക്കണം; പ്രതിസന്ധികളെ തരണം ചെയ്യണമെന്ന് പ്രധാനമന്ത്രി

നാട്ടിലേക്ക് തിരിച്ചു പോകാനുള്ള മാർഗം തേടി തന്നെയാണ് നിക്കോളാസ് മർമുവും അന്ന് പൊലീസ് സ്റ്റേഷനിലെത്തിയത്. ഹിന്ദി സംസാരിക്കാൻ അറിയാത്ത സ്ത്രീകൾക്ക് നിക്കോളാസ് മർമു തന്റെ ഫോൺ നമ്പർ നൽകിയിരുന്നു. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കണമെന്ന് പറഞ്ഞാണ് നമ്പർ നൽകിയത്. എന്നാൽ, ഇവർക്ക് നാട്ടിലേക്ക് മടങ്ങിയെത്താൻ സാധിച്ചില്ല. ജോലി ചെയ്യുന്ന ഫാക്‌ടറിയിൽ തന്നെ അഭയം തേടുകയാണ് പിന്നീട് ചെയ്‌തത്. എന്നാൽ, ഫാക്‌ടറിയിൽവച്ച് ഇവർ ക്രൂരമർദനത്തിനു ഇരയാകുകയായിരുന്നു. ഇവർക്ക് അഞ്ചും എട്ടും വയസ്സുള്ള പെൺമക്കളും ഉണ്ടായിരുന്നു.

ഫാക്‌ടറിയിലെ ക്രൂര പീഡനത്തെ തുടർന്ന് പെൺമക്കൾക്കൊപ്പം ഇരുവരും പിന്നീട് കാട്ടിൽ അഭയം തേടി. ഫാക്‌ടറിയിൽവച്ച് രണ്ട് പുരുഷൻമാർ തന്നെ കൂട്ടബലാത്സംഗത്തിനു ഇരയാക്കിയെന്ന് ഒരു സ്ത്രീ പറഞ്ഞു. ഇതിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മേയ് 23 നാണ് കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. ചെന്നൈ സ്വദേശിയാണ് ഫാക്‌ടറി ഉടമ. ലോക്ക്‌ഡൗണ്‍ കാരണം ഇയാൾ ചെന്നൈയിൽ തന്നെയാണ്. എന്നാൽ, കേസിൽ അന്വേഷണം നടക്കുന്നതായി ഫാക്‌ടറി ഉടമ പറഞ്ഞു.

പിന്നീട് ജൂൺ മൂന്നിന് ശ്രമിക് ട്രെയിനിൽ രണ്ട് സ്ത്രീകളും അവരുടെ മക്കളും നാട്ടിലേക്ക് പുറപ്പെട്ടു. ജൂൺ അഞ്ചിന് ഇവർ ജാർഖണ്ഡിലെത്തി. സംഭവത്തെ കുറിച്ച് വനിത അഭിഭാഷക രാജലക്ഷ്‌മി പറയുന്നത് ഇങ്ങനെ: “പൊലീസ് ആദ്യം പരാതി സ്വീകരിച്ചില്ല. എന്നാൽ, ഇപ്പോൾ അവർ പറയുന്നത് കേസ് അന്വേഷിക്കുമെന്നാണ്. ഇരകളായ സ്ത്രീകൾക്ക് തൊഴിൽവകുപ്പ് ഒരു ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകിയിട്ടുണ്ട്.”

Read Also: കൊച്ചി കപ്പൽശാലയിലെ മോഷണം: രണ്ട് പേരെ എൻഐഎ പിടികൂടി

ഇവർക്ക് അർഹതപ്പെട്ട കൂലി ലഭിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്. എഫ്‌ഐആർ അനുസരിച്ച് ഒരു സ്ത്രീ ഫാക്‌ടറിയിൽ ജോലി ചെയ്യാൻ ആരംഭിച്ചത് കഴിഞ്ഞ ഒക്‌ടോബർ മാസം മുതലാണ്. തുടർച്ചയായി 15 മണിക്കൂർ പണിയെടുക്കേണ്ട അവസ്ഥയാണ് ഇവർക്ക്. മാസം ഒൻപതിനായിരം രൂപ കൂലി നൽകുമെന്നായിരുന്നു വാഗ്‌ദാനം. എന്നാൽ, ആഴ്‌ചയിൽ 200 രൂപ മാത്രമാണ് കൂലി നൽകിയിരുന്നത്.

കഴിഞ്ഞ ജനുവരിയിൽ രണ്ട് സ്ത്രീകളും ഫാക്‌ടറിയിൽ നിന്ന് രക്ഷപ്പെടാൻ നോക്കിയതാണ്. എന്നാൽ, ഫാക്‌ടറി ഉടമ ഇവരെ തിരിച്ചുകൊണ്ടുവന്നു. ഫാക്‌ടറിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിന് ഇവർ ക്രൂരമായി ആക്രമിക്കപ്പെട്ടു. അതിനു പിന്നാലെ ഈ രണ്ട് സ്ത്രീകളിൽ ഒരാൾ രണ്ട് പുരുഷൻമാരാൽ കൂട്ടബലാത്സംഗത്തിനു ഇരയായി. മാർച്ച് പകുതിയോടെ സ്ത്രീകൾ വീണ്ടും രക്ഷപ്പെടാൻ ശ്രമിച്ചു. ഫാക്‌ടറിയിൽ നിന്നു രക്ഷപ്പെട്ട് കാട്ടിൽ അഭയം തേടി. ഭക്ഷണം ശേഖരിക്കാൻ മാത്രമാണ് ആ സമയത്ത് ഇവർ കാട്ടിൽ നിന്നു പുറത്തുപോയിരുന്നത്. ഇവരുടെ ദുരവസ്ഥ കണ്ട് ഒരു കരാറുകാരൻ ഇവരെ സഹായിക്കാൻ രംഗത്തെത്തി. താമസസൗകര്യവും ഭക്ഷണവും നൽകാൻ സമ്മതമറിയിച്ചു. എന്നാൽ, ഈ കരാറുകാരൻ ഇതിൽ ഒരു സ്ത്രീയോട് തനിക്കൊപ്പം ലൈംഗികബന്ധത്തിൽ ഏർപ്പെടണമെന്ന് ആവശ്യപ്പെട്ടു. സ്ത്രീകൾ ഇക്കാര്യം നിക്കോളാസ് മർമുവിനെ അറിയിക്കുകയായിരുന്നു. പിന്നീട് കരാറുകാരനെതിരെ പരാതി നൽകി. നാട്ടിലെത്തിയ സ്ത്രീകളും മർമുവും ഇപ്പോൾ കോവിഡ് നിരീക്ഷണത്തിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook