scorecardresearch

‘വിശ്വാസപൂര്‍വ്വം യെഡിയൂരപ്പ’; വിജയം ശബ്ദവോട്ടിൽ 

വിശ്വാസ പ്രമേയത്തെ എതിർത്ത് സിദ്ധരാമയ്യ നിയമസഭയിൽ

‘വിശ്വാസപൂര്‍വ്വം യെഡിയൂരപ്പ’; വിജയം ശബ്ദവോട്ടിൽ 

ബെംഗളൂരു: വിധാന്‍ സൗധയില്‍ കരുത്ത് തെളിയിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ. വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിച്ചു. ശബ്ദ വോട്ടിലൂടെയാണ് വിശ്വാസ വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പിന് മുൻപായി രണ്ടുവരി വിശ്വാസ പ്രമേയം യെഡിയൂരപ്പ അവതരിപ്പിച്ചു.

17 വിമത എംഎല്‍എമാരെ അയോഗ്യരാക്കിയതിനാല്‍ നിയമസഭയുടെ ആകെ അംഗബലം 208 ആയി കുറഞ്ഞിരുന്നു. ഇതില്‍ കേവല ഭൂരിപക്ഷം തെളിയിക്കാന്‍ യെഡിയൂരപ്പയ്ക്ക് വേണ്ടിയിരുന്നത് 104 എംഎല്‍എമാരുടെ പിന്തുണയായിരുന്നു. ഒരു സ്വതന്ത്ര എംഎല്‍എയുടെ അടക്കം പിന്തുണയോടെ 106 എംഎല്‍എമാര്‍ ബിജെപിക്കൊപ്പമുണ്ടായിരുന്നു. ഇതോടെ ഭൂരിപക്ഷം തെളിയിക്കാന്‍ യെഡിയൂരപ്പയ്ക്ക് അനായാസം സാധിച്ചു.

നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ജെ.പി.നഡ്ഡയ്ക്കും യെഡിയൂരപ്പ നന്ദി പറഞ്ഞു. എതിര്‍ക്കുന്നവരെ പോലും താന്‍ സ്‌നേഹിക്കുന്നുണ്ടെന്നും കര്‍ഷകര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും വിശ്വാസ പ്രമേയത്തിനിടെ യെഡിയൂരപ്പ പറഞ്ഞു.

എന്നാല്‍, യെഡിയൂരപ്പയുടേത് സ്ഥിരതയുള്ള സര്‍ക്കാര്‍ ആയിരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ നിയമസഭയില്‍ പറഞ്ഞു. ജനവിധിയിലൂടെയല്ല യെഡിയൂരപ്പ മുഖ്യമന്ത്രിയായിരിക്കുന്നത്. യെഡിയൂരപ്പയ്ക്ക് ഭൂരിപക്ഷമില്ല. 2008 ലും 2018 ലും ഇപ്പോഴും ജനങ്ങളുടെ ഭൂരിപക്ഷ പിന്തുണയില്ലാതെയാണ് യെഡിയൂരപ്പ മുഖ്യമന്ത്രിയായതെന്നും സിദ്ധരാമയ്യ തുറന്നടിച്ചു. ഈ സര്‍ക്കാര്‍ നിലനില്‍ക്കുമെന്ന കാര്യത്തില്‍ യാതൊരും ഉറപ്പുമില്ല. യെഡിയൂരപ്പ വിമതര്‍ക്കൊപ്പമാണ്. അവര്‍ക്കൊപ്പം നിന്ന് ഒരു സ്ഥിരതയുള്ള സര്‍ക്കാരിന് രൂപംനല്‍കാന്‍ സാധിക്കുമോ? അത് ഒരിക്കലും സാധിക്കില്ലെന്നും അതിനാല്‍ ഈ വിശ്വാസ പ്രമേയത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നും സിദ്ധരാമയ്യ തുറന്നടിച്ചു.

Read Also: അന്ന് കരഞ്ഞുകൊണ്ട് ഇറങ്ങി പോയി; ഇന്ന് വിജയമുദ്രയോടെ മടക്കം

17 വിമത എംഎല്‍എമാര്‍ അയോഗ്യരാക്കപ്പെട്ട സാഹചര്യത്തില്‍ ഈ നിയമസഭാ മണ്ഡലങ്ങളിലെല്ലാം ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. ഇത് ബിജെപിയെയും കോണ്‍ഗ്രസിനെയും പ്രതിസന്ധിയിലാക്കും. 17 മണ്ഡലങ്ങളില്‍ ഒന്‍പത് സീറ്റിലെങ്കിലും ജയിച്ചാലേ യെഡിയൂരപ്പയ്ക്ക് മുഖ്യമന്ത്രിയായി തുടരാന്‍ സാധിക്കൂ. അതേസമയം, 17 സീറ്റുകളില്‍ ശക്തമായ പോരാട്ടം നടത്തി കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാന്‍ സാധിച്ചാല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് അത് നേട്ടമാകും.

കഴിഞ്ഞ ദിവസമാണ് സ്പീക്കര്‍ രമേഷ് കുമാര്‍ 17 വിമതരെ അയോഗ്യരാക്കിയത്. ഇവരെ അടുത്ത നിയമസഭാ കാലഘട്ടം വരെ അയോഗ്യരാക്കിയിട്ടുണ്ട്. അതായത് ഈ നിയമസഭയില്‍ ഇനി അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ക്ക് അംഗങ്ങളാകാന്‍ സാധിക്കില്ല.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Confidence motion karnataka bs yediyurappa wins bjp karnataka crisis