scorecardresearch

വിവാഹ കിറ്റിൽ കോണ്ടവും ഗർഭനിരോധന ഗുളികകളും; മധ്യപ്രദേശ് സർക്കാർ വിവാദത്തിൽ

നവദമ്പതികൾക്ക് കോണ്ടം, ഗർഭനിരോധന ഗുളികകൾ എന്നിവ അടങ്ങിയ കിറ്റുകൾ സമ്മാനമായി നൽകിയതാണ് വിവാദത്തിലായത്

നവദമ്പതികൾക്ക് കോണ്ടം, ഗർഭനിരോധന ഗുളികകൾ എന്നിവ അടങ്ങിയ കിറ്റുകൾ സമ്മാനമായി നൽകിയതാണ് വിവാദത്തിലായത്

author-image
Anand Mohan J
New Update
Condom, health, ie malayalam

എക്സ്പ്രസ് ഫൊട്ടോ

ഭോപ്പാൽ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായി സർക്കാരിന്റെ വിവാഹ പദ്ധതിപ്രകാരം മധ്യപ്രദേശിലെ ഝബുവ ജില്ലയിൽ നടന്ന സമൂഹ വിവാഹം വിവാദത്തിൽ. 200-ലധികം നവദമ്പതികൾക്ക് കോണ്ടം, ഗർഭനിരോധന ഗുളികകൾ എന്നിവ അടങ്ങിയ കിറ്റുകൾ സമ്മാനമായി നൽകിയതാണ് വിവാദത്തിലായത്.

Advertisment

മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ മുഖ്യമന്ത്രി കന്യാ വിവാഹം/നിക്കാഹ് യോജനക്ക് കീഴിലാണ് തണ്ട്‌ലയിൽ 296 ദമ്പതികൾ വിവാഹിതരായത്. കുടുംബാസൂത്രണവുമായി ബന്ധപ്പെട്ട ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് ആരോഗ്യ ഉദ്യോഗസ്ഥർ കോണ്ടവും ഗർഭനിരോധന ഗുളികകളും വിതരണം ചെയ്തതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പിനെ കുറ്റപ്പെടുത്തികൊണ്ട് മുതിർന്ന ജില്ലാ ഉദ്യോഗസ്ഥൻ ഭുർസിങ് റാവത്ത് പറഞ്ഞു.

''കോണ്ടവും ഗർഭനിരോധന ഗുളികകളും വിതരണം ചെയ്തതിൽ ഞങ്ങൾക്ക് ഉത്തരവാദിത്തമില്ല. ഇത്തരമൊരു കിറ്റ് നൽകുന്നതിന് മുഖ്യമന്ത്രി കന്യാ വിവാഹത്തിൽ വ്യവസ്ഥയില്ല. ഭാവിയിൽ ഇത്തരം നടപടികൾ ഉണ്ടാകാതിരിക്കാനും സമൂഹവിവാഹ ചടങ്ങുകളിൽ കോണ്ടം വിതരണം ചെയ്യുന്നതിനുപകരം വീടുവീടാന്തരം പ്രചാരണം നടത്താനും ഞങ്ങൾ പ്രാദേശിക ഭരണകൂട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാക്ഷരതാ നിരക്ക് കുറവുള്ള ആദിവാസി മേഖലയാണിത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഞങ്ങൾ ശ്രദ്ധിക്കും,'' റാവത്ത് ദി ഇന്ത്യൻ എക്സ്പ്രസിനോടു പറഞ്ഞു.

Advertisment

''പരിപാടിയിൽ ആശയക്കുഴപ്പമുണ്ടായി. 200-ലധികം നവദമ്പതികളെ ഒരിടത്ത് കണ്ടപ്പോൾ അവരെ ടാർഗെറ്റ് ചെയ്യാമെന്ന് ഞങ്ങൾ കരുതി. ഞങ്ങളുടെ 200-ലധികം ആരോഗ്യ പ്രവർത്തകർ കിറ്റിനെക്കുറിച്ച് അവരെ ബോധവൽക്കരിച്ചു. എന്നാൽ ചിലർക്ക് ഇത് മനസിലായില്ല. ഈ കിറ്റ് സ്ത്രീധനത്തിന്റെ ഭാഗമായാണെന്ന് ചില ദമ്പതികൾ വിചാരിച്ചു. അവരെയെല്ലാം കണ്ടെത്തി ഈ കിറ്റുകൾ വിതരണം ചെയ്യാൻ ഞങ്ങൾക്ക് ഒരു മാസത്തിലധികം സമയമെടുത്തു,'' ജില്ലാ കുടുംബക്ഷേമ ഓഫീസർ ഡോ.അശോക് പട്ടേൽ ദി ഇന്ത്യൻ എക്സ്പ്രസിനോടു പറഞ്ഞു. പ്രദേശത്തെ ആശാവർക്കർമാരാണ് നവദമ്പതികൾക്ക് 'നായി പഹൽ' കിറ്റ് നൽകുന്നത്.

കുടുംബാസൂത്രണത്തെക്കുറിച്ച് ബോധവത്കരിക്കുക, ആദ്യത്തെ കുഞ്ഞ് ജനിച്ചതിന് ശേഷം അടുത്ത കുഞ്ഞിനായി നവദമ്പതികളെ (2 വർഷം വരെ) ഒരു ഇടവേള നിലനിർത്താൻ പ്രേരിപ്പിക്കുക എന്നതാണ് കിറ്റ് വിതരണം ചെയ്തതിന്റെ ഉദ്ദേശ്യം. കഴിഞ്ഞ ഒരു വർഷമായി പ്രാദേശിക ആരോഗ്യ വകുപ്പ് കിറ്റുകൾ വിതരണം ചെയ്യുന്നുണ്ട്.

കിറ്റിൽ രണ്ട് മാസത്തേക്കുള്ള ഗർഭനിരോധന ഉറകൾ, ദിവസത്തേക്കും ആഴ്ചയിലേക്കുമുള്ള ഗർഭനിരോധന ഗുളികകൾ, രണ്ട് ഗർഭനിരോധന കിറ്റുകൾ എന്നിവയാണുള്ളത്. ഇവയ്‌ക്കൊപ്പം ഒരു കണ്ണാടി, രണ്ട് പാക്കറ്റ് പൊട്ട്, രണ്ട് ടവലുകൾ, രണ്ട് തൂവാലകൾ എന്നിവയും ഉദ്യോഗസ്ഥർ നൽകിയിട്ടുണ്ട്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളുടെ വിവാഹത്തിന് സാമ്പത്തിക സഹായം നൽകുന്നതിനായി 2006 ഏപ്രിലിലാണ് മധ്യപ്രദേശ് സർക്കാർ മുഖ്യമന്ത്രി കന്യാ വിവാഹം/നിക്കാഹ് യോജന ആരംഭിച്ചത്. പദ്ധതി പ്രകാരം വധുവിന്റെ കുടുംബത്തിന് സർക്കാർ 55,000 രൂപ നൽകും. കഴിഞ്ഞ മാസം, ദിൻഡോരിയിലെ ഗഡ്‌സരായ് പ്രദേശത്ത് നടന്ന സമൂഹ വിവാഹത്തിൽ ചില വധുക്കളെ ഗർഭ പരിശോധനയ്ക്ക് വിധേയരാക്കിയതിനെത്തുടർന്ന് ഈ പദ്ധതി വിമർശനം നേരിട്ടിരുന്നു.

അതേസമയം, കിറ്റ് വിതരണം ചെയ്തതിൽ മുഖ്യമന്ത്രി ചൗഹാനെ ലക്ഷ്യമിട്ട് കോൺഗ്രസ് രംഗത്തെത്തി. ''വിവാഹശേഷം തങ്ങളുടെ പെൺമക്കൾക്ക് എന്ത് സമ്മാനമാണ് നൽകിയതെന്ന് ബിജെപി നേതാക്കൾ പൊതുജനങ്ങളോട് വെളിപ്പെടുത്തുമോ?. എന്തുകൊണ്ടാണ് ഗോത്രവിഭാഗങ്ങളുടെ കാര്യം വരുമ്പോൾ മാത്രം അവർ പരസ്യമായി ഇതിന് വിധേയരാകുന്നത്?. അവർക്ക് സ്വകാര്യതയ്ക്കുള്ള അവകാശം ഇല്ലേ?. മുൻകാലങ്ങളിലും ഈ മേഖലയിൽ ഭരണകൂടം കൂട്ട ഗർഭ പരിശോധന നടത്തിയിരുന്നു,'' കോൺഗ്രസ് വക്താവ് പീയുഷഅ ബാബലെ പറഞ്ഞു.

Madhya Pradesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: