scorecardresearch
Latest News

സിംഗു കൊലപാതകത്തെ അപലപിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച; പൊലീസുമായി സഹകരിക്കും

”നിഹാംഗ് സംഘത്തിനും കൊല്ലപ്പെട്ടയാള്‍ക്കും എസ്‌കെഎമ്മുമായി ഒരു ബന്ധവുമില്ല. ഏതെങ്കിലും മതഗ്രന്ഥത്തെയോ മതചിഹ്നത്തിയോ അവഹേളിക്കുന്നതിനു സംഘടന എതിരാണ്. പക്ഷേ അത് നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശം നല്‍കുന്നില്ല,” എസ്‌കെഎം പ്രസ്താവനയിൽ അറിയിച്ചു

സിംഗു കൊലപാതകത്തെ അപലപിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച; പൊലീസുമായി സഹകരിക്കും

ന്യൂഡല്‍ഹി: കര്‍ഷകസമര കേന്ദ്രമായ സിംഗു അതിര്‍ത്തിയിലെ നിഹാംഗ് സിഖുകാര്‍ നടത്തിയതെന്ന് ആരോപിക്കപ്പെടുന്ന നിഷ്ഠൂര കൊലപാതകത്തെ അപലപിചച്ച് സംയുക്ത കിസാന്‍ മോര്‍ച്ച (എസ്‌കെഎം). സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ പൊലീസുമായി സഹകരിക്കുമെന്നും വിവാദ കാര്‍ഷികനയങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന എസ്‌കെഎം വ്യക്തമാക്കി.

”സര്‍ബലോ ഗ്രന്ഥത്തെ അവഹേളിക്കാന്‍ കൊല്ലപ്പെട്ടയാള്‍ ശ്രമിച്ചതിനാലാണ് സംഭവമെന്ന് പറഞ്ഞുകൊണ്ട് ഒരു നിഹാങ് സംഘം ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ക്രൂരമായ കൊലപാതകത്തെ എസ്‌കെഎം അപലപിക്കുന്നു. നിഹാംഗ് സംഘത്തിനും കൊല്ലപ്പെട്ടയാള്‍ക്കും എസ്‌കെഎമ്മുമായി ഒരു ബന്ധവുമില്ല. ഏതെങ്കിലും മതഗ്രന്ഥത്തെയോ മതചിഹ്നത്തിയോ അവഹേളിക്കുന്നതിനു സംഘടന എതിരാണ്. പക്ഷേ അത് നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശം നല്‍കുന്നില്ല. കൊലപാതകവും മതന്രന്ഥം അവഹേളിച്ചതിനു പിന്നിലെ ഗൂഢാലോചനയും അന്വേഷിച്ച് കുറ്റവാളികളെ നിയമപ്രകാരം ശിക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നു. എസ്‌കെഎം പൊലീസിനോടും ഭരണകൂടത്തോടും സഹകരിക്കും,” എസ്‌കെഎം പ്രസ്താവനയില്‍ അറിയിച്ചു.

നിഹാംഗ് സിഖുകാര്‍ തങ്ങളുടെ പ്രക്ഷോഭത്തിന്റെ ഭാഗമല്ലെന്ന് എസ്‌കെഎം അവകാശപ്പെടുന്നുണ്ടെങ്കിലും ഈ വിഭാഗക്കാരെ സിംഗുവിലെ പ്രധാന വേദിയിലും ഭക്ഷണപ്പന്തലുകളിലും പലപ്പോഴും കാണാറുണ്ടെന്നതാണു വസ്തുത.

Also Read: സിംഗു കർഷകസമര സ്ഥലത്ത് ബാരിക്കേഡിൽ കെട്ടിതൂക്കിയ നിലയിൽ മൃതദേഹം കണ്ടെത്തി

അതേസമയം, കുറ്റക്കാര്‍ക്കെതിരെ പൊലീസ് കര്‍ശനമായ നടപടി സ്വീകരിക്കണമെന്നു പഞ്ചാബില്‍ നിന്നുള്ള എസ്‌കെഎം നേതാവും കര്‍ഷക യൂണിയന്‍ നേതാവുമായ സുകദര്‍ശന്‍ നാട്ട് പറഞ്ഞു. ”സംഭവം സംബന്ധിച്ച് സംസ്ഥാനത്തെ കര്‍ഷക സംഘടനകള്‍ യോഗം ചേരുകയാണ് … കുറ്റക്കാര്‍ക്കെതിരെ പൊലീസ് കര്‍ശനമായ നടപടികള്‍ കൈക്കൊള്ളണം, എസ്‌കെഎം പൂര്‍ണമായി സഹകരിക്കും. നിഹാങ് സിഖുകാരും അവരുടെ കൂടാരങ്ങളും സിംഗുവിലെ പ്രധാന വേദിയില്‍ നിന്ന് അകലെയാണ്. മുമ്പ് ജീവഹാനി ഉണ്ടായിട്ടില്ലെങ്കിലും നിഹാംഗുകാര്‍ ഉള്‍പ്പെടുന്ന ആദ്യ അക്രമസംഭവമല്ല ഇത്. അവര്‍ സിംഗു അതിര്‍ത്തിക്ക് സമീപം ഇരുന്നിട്ടും ഞങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല,” അദ്ദേഹം പറഞ്ഞു.

സംഭവത്തെ ശക്തമായി അപലപിക്കുന്നതായി എസ്‌കെഎമ്മിന്റെ മറ്റൊരു നേതാവും ബികെയു രാജേവാള്‍ പ്രസിഡന്റുമായ ബല്‍ബീര്‍ സിങ് രാജേവാള്‍ പറഞ്ഞു, സോണിപതിലെ പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചിട്ടുണ്ടെന്നും നിയമം അതിന്റെ വഴിക്ക് സഞ്ചരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിഹാംഗ് സിഖുകാര്‍ സിംഗു അതിര്‍ത്തിക്കടുത്താണുള്ളതെങ്കിലും അവര്‍ എസ്‌കെഎമ്മിന്റെ ഭാഗമല്ലെന്നു ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രവര്‍ത്തക സമിതി അംഗവും എസ്‌കെഎം നേതാവുമായ പി കൃഷ്ണപ്രസാദ് പറഞ്ഞു.

”സംഭവത്തെക്കുറിച്ച് പൊലീസ് വ്യക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷണം. ഇതൊരു നിഷ്ഠൂരമായ കൊലപാതകമാണ്. കര്‍ഷകരുടെ സമരസ്ഥലങ്ങള്‍ക്കു സമീപഗ ഇത്തരം സംഭവങ്ങള്‍ സംഭവിക്കുന്നതിന്റെ കാരണം പൊലീസ് അന്വേഷിക്കണം. നേരത്തെ ലഖിംപൂര്‍ ഖേരി. ഇപ്പോള്‍ ഇത് … ഈ ഗൂഢാലോചന പുറത്തുകൊണ്ടുവരണം,” അഖിലേന്ത്യാ കിസാന്‍ സഭാ നേതാവ് കൂടിയായ അദ്ദേഹം പറഞ്ഞു. നിഹാംഗ് സിഖ് സംഘങ്ങള്‍ സ്ഥലം വിടണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം സമരപ്രദേശത്തോ സമീപത്തോ താമസിക്കാന്‍ അവരെ അനുവദിക്കരുതെന്നും കൂട്ടിച്ചേര്‍ത്തു.

Also Read: അഫ്ഗാനിസ്ഥാൻ: കാണ്ഡഹാറിൽ പള്ളിയിൽ സ്ഫോടനം; 15 പേർ കൊല്ലപ്പെട്ടു

”അവര്‍ക്കെതിരെ (നിഹാംഗ് സിഖുകാര്‍) എന്തു നടപടിയെടുക്കാനും പൊലീസിനു സ്വാതന്ത്ര്യമുണ്ട്. അവര്‍ സ്ഥലം വിടണമെന്ന് ഞങ്ങള്‍ നേരത്തേ തന്നെ സൂചിപ്പിച്ചിരുന്നു, പക്ഷേ അവര്‍ പ്രക്ഷോഭസ്ഥലത്ത് തുടര്‍ന്നു. ഞങ്ങളുടേത് ഒരു കര്‍ഷക പ്രസ്ഥാനമാണ്. ഒരു മതവുമായും ബന്ധമില്ല,” ബികെയു ദാകൗന്ദ ജനറല്‍ സെക്രട്ടറി ജഗ്‌മോഹന്‍ സിങ് പാട്യാല പറഞ്ഞു.

”നിഹാംഗുകളുമായി ഞങ്ങള്‍ക്കു പ്രത്യയശാസ്ത്രപരമായ അഭിപ്രായഭിന്നതയുണ്ട് … മുന്‍കാലങ്ങളിലും കര്‍ഷക പ്രസ്ഥാനത്തിനു മതപരമായ നിറം നല്‍കരുതെന്നു കാര്യം ഞങ്ങള്‍ എടുത്തുകാണിച്ചിരുന്നു. എസ്‌കെഎമ്മിന്റെ ഭാഗമല്ലെങ്കിലും അവര്‍ പ്രസ്ഥാനത്തിനു ചീത്തപ്പേര് നല്‍കുന്നു,” ബികെയു കദിയന്‍ പ്രസിഡന്റ് ഹര്‍മീത് സിങ് കദിയന്‍ പറഞ്ഞു.

നിഹാംഗുകളുമായി ആശയപരമായി അഭിപ്രായഭിന്നതകള്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ ചിലപ്പോഴൊക്കെ സമരപ്പന്തലില്‍ വരുമായിരുന്നുവെന്നു ബികെയു ദാകൗന്ദ പ്രസിഡന്റ് ബുട്ടാ സിങ് ബുര്‍ജ്ഗില്‍ പറഞ്ഞു. ഇത് കൊലപാതകമാണെന്നും അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊല്ലപ്പെട്ട മനുഷ്യന്‍ ആരായിരുന്നുവെന്നും എന്തിനാണ് അദ്ദേഹം അതിര്‍ത്തിയിലുണ്ടായിരുന്നതെന്നതും അന്വേഷിക്കേണ്ടതുണ്ടെന്നും കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സര്‍വാന്‍ സിങ് പാന്ധര്‍ പറഞ്ഞു. എന്നാല്‍ ആരെങ്കിലും തെറ്റു ചെയ്താല്‍ പോലും നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Condemn killing cooperate police sanyukt kisan morcha